''എടുത്ത് കൊണ്ട് പോകൂ നിങ്ങളുടെ തേപ്പ് കഥകൾ'', പാലാ കൊലപാതകത്തിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ
കൊച്ചി: കോട്ടയം പാലായില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയിലാണ് റിമയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ നിഥിന മോള്‍ എന്ന ഇരുപത്തിരണ്ടുകാരിയെ സഹപാഠിയായ അഭിഷേക് ബൈജു കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30ന് കോളേജ് ക്യാമ്പസ്സില്‍ വെച്ചായിരുന്നു ക്രൂരകൃത്യം. ഫുഡ് ടെക്‌നോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു നിഥിന. പേപ്പര്‍ കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ചാണ് അഭിഷേക് നിഥിനയുടെ കഴുത്ത് അറുത്തത്.

റിമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ: ''പെണ്‍കുട്ടികള്‍ തങ്ങളോട് ഒന്നിനും കടപ്പെട്ടവര്‍ അല്ലെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കണം. മറ്റെല്ലാ മനുഷ്യരേയും പോലെ പെണ്‍കുട്ടികള്‍ക്കും കാര്യങ്ങള്‍ തീരുമാനിക്കാനും അതില്‍ മാറ്റം വരുത്താനും സാധിക്കുന്ന ഒരു മനസ്സ് സ്വന്തമായുണ്ട്. അതേ, നിങ്ങളെ അവള്‍ നേരത്തെ സ്‌നേഹിച്ചിരുന്നു, ഇപ്പോള്‍ സ്‌നേഹിക്കുന്നില്ല''.

''അതല്ലെങ്കില്‍ നിങ്ങളെ അവള്‍ ഒരിക്കലും സ്‌നേഹിച്ചിരുന്നില്ല. സ്വന്തം തീരുമാനങ്ങള്‍ക്കും ഭാവനകള്‍ക്കും തോന്നലുകള്‍ക്കും അനുസരിച്ച് ജീവിക്കാനുളള എല്ലാ അവകാശങ്ങളും ഉളള ഒരു വ്യക്തിയാണ് അവളും. എല്ലാ പുരുഷന്മാരെയും ആണ്‍കുട്ടികളേയും പോലെ തന്നെ. എടുത്ത് കൊണ്ട് പോകൂ നിങ്ങളുടെ തേപ്പ് കഥകളും പട്ടം ചാര്‍ത്തലുകളും''.

അതിനിടെ പ്രതി അഭിഷേകിനെ പോലീസ് കോളേജില്‍ എത്തിച്ച് തെളിവെടുത്തു. കഴുത്ത് മുറിച്ചത് അടക്കമുളള കാര്യങ്ങള്‍ അഭിഷേക് പോലീസിനോട് വിവരിച്ചു. പ്രണയം നിരസിച്ചാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണ് അഭിഷേക് മൊഴി നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയിരിക്കുന്നത് എന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ നിഥിനയുടെ സംസ്‌ക്കാരം ഇന്ന് വീട്ടില്‍ നടന്നു.

ഡിവൈഎഫ്ഐ നേതാവ് കൂടിയായിരുന്നു നിഥിന. കൊലപാതകത്തിൽ ഡിവൈഎഫ്ഐയുടെ പ്രതികരണം ഇങ്ങനെ: '' ബന്ധങ്ങളിൽ വീണ്ടും ചോര പടരുന്നു. അടുത്ത കാലത്തായി നിരവധി കൗമാരക്കാരാണ് സുഹൃത്തായിരുന്നവരുടെ കൊലക്കത്തിക്ക് ഇരയായത്. ഇന്ന് പാലാ സെന്റ് തോമസ് കോളേജിൽ വച്ചു ഒരു പെൺകൊടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. നിതിനാ മോൾ. ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ്പ്രസിഡന്റ് കൂടി ആയിരുന്നു.സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്.

കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണ്. ഭാവിയിൽ സമൂഹത്തിന് തുണയാകേണ്ട,വ്യത്യസ്‌ത മേഖലകളിൽ ശോഭിക്കേണ്ട പ്രതിഭകളാണ് "സുഹൃത്തിന്റെ"ചോരക്കൊതിയിൽ ഇല്ലാതാകുന്നത്. ഇതൊരു സാമൂഹ്യ പ്രശ്നമാണ്. യെസ് എന്ന് മാത്രമല്ല,നോ എന്ന് കൂടി കേട്ട് വളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിജയങ്ങൾ മാത്രമല്ല ജീവിതത്തിൽ, പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികൾ പഠിക്കണം. സാമൂഹ്യ ഇടങ്ങൾ ഇല്ലാതാവുകയും,സംഘർഷ രഹിതമായ അനുഭവങ്ങളിലൂടെ വളർന്നു വരികയും ചെയ്യുന്നകൗമാരം ഇന്ന് സാമൂഹ്യ പ്രശ്നമായി വളരുന്നു.
Recommended Video

ഒരു നിമിഷം കൊണ്ട്,സ്നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സുമായി നടക്കുന്നകൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ.. ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ.ആൺ പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനർവായന വേണം.ഇഷ്ടമുള്ള ഒരാൾ എന്നാൽ,തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം. കൊല്ലപ്പെട്ട നിതിനാ മോളുടെ വീട് സന്ദർശിച്ചു. കുറ്റവാളിക്ക് പരമാവധിശിക്ഷ ലഭിക്കാൻ എല്ലാ നിയമ സഹായവും ഉറപ്പാക്കും. നിതിനയ്ക്ക് ആദരാഞ്ജലികൾ''.












Click it and Unblock the Notifications