'മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും എന്റെ കൊച്ച് വന്നേനെ', കെകെ ശൈലജയ്ക്ക് മുന്നിൽ അച്ഛൻ
കോട്ടയം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ശൈലജ ടീച്ചർക്ക് മുന്നിൽ വളരെ വൈകാരികമായാണ് വന്ദനയുടെ അച്ഛൻ സംസാരിച്ചത്. പ്ലാസ്റ്റിക്ക് കസേര ഉണ്ടായിരുന്നില്ലേ അതുകൊണ്ട് അടിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നില്ലേ എന്ന് അച്ഛൻ ചോദിച്ചു.
'പോലീസുകാരുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നില്ലേ? അക്രമിയെ പിടിച്ചുവെക്കാൻ കഴിയുമായിരുന്നില്ലേ? പിന്നെ എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചു കൊണ്ടിരിക്കുന്നത്,' വന്ദനയുടെ അച്ഛൻ ചോദിച്ചു.

പഞ്ചാബിൽ ആയിരുന്നു വന്ദനയ്ക്ക് ആദ്യം അഡ്മിഷൻ കിട്ടിയതെന്നും എന്നാൽ അവിടെ വിടാൻ കഴിയാത്തതിനാലാണ് ഇവിടെ കാശ് കൊടുത്ത് അഡ്മിഷൻ എടുത്തതെന്നും ഡോ. വന്ദനയുടെ അച്ഛൻ പറഞ്ഞു. തന്റെ അമ്മയുടെ ആഗ്രഹമായിരുന്നു കൊച്ച് ഡോക്ടറാകണമെന്ന്. മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും എന്റെ കൊച്ച് എന്റടുത്ത് വന്നേനെ വന്ദനയുടെ പിതാവ് പറഞ്ഞു.
ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണമെന്നും അത് ഇല്ലാത്തത് കൊണ്ടല്ലേ ആളുകൾ കേരളത്തിന് പുറത്തേക്ക് പോകുന്നതെന്നും ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ലെന്നും പുറത്തുപോയാൽ പിന്നെ ഏതെങ്കിലും കുട്ടികൾ തിരിച്ചുവരുമോ എന്നും പിതാവ് ചോദിച്ചു. എട്ടുപത്തുവർഷം കഴിയുമ്പോഴേക്കും കേരളത്തിലിനി കിഴവന്മാർ മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശത്തുപോയവർ പിന്നെ തിരിച്ചുവരില്ലെന്നും വന്ദനയുടെ അച്ഛൻ പറയുന്നു.












Click it and Unblock the Notifications