31കാരനെതിരെ ആസിഡ് ആക്രമണം: പാലായിൽ പിതാവ് അറസ്റ്റിൽ, യുവാവ് അതീവ ഗുരുതരാവസ്ഥയിൽ
കോട്ടയം: പാലായിൽ 31കാരനെതിരെ ആസിഡ് ആക്രമണം. അച്ഛനാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മകന്റെ ശരീരത്തിൽ ആസിഡ് ഒഴിച്ചത്. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്ത് അച്ഛൻ ഗോപാലകൃഷ്ണനാണ് ആസിഡൊഴിച്ചത്. സംഭവത്തിൽ പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.
കുടുംബകലഹമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാരണമെന്നാണ് വിവരം. മകൻ ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ദിവസവും ഇത്തരത്തിൽ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഇതിന് ഷിനു ഉറങ്ങാൻ കിടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണൻ ഷിനുവിന്റെ ദേഹത്ത് ആസിഡൊഴിച്ചത്. എന്നാൽ പ്രതിയ്ക്ക് എവിടെ നിന്നാണ് ഇയാൾക്ക് ആസിഡ് ലഭിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവത്തിന് പിന്നാലെ സ്കൂട്ടറെടുത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ ഒളിവിൽ പോവുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇന്നലെ രാത്രിയോടെ തന്നെ മഫ്തിയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പ്രതിയ വലയിലാവുന്നത്. എന്നാൽ ശരീരത്തിൽ 75 ശതമാനം പൊള്ളലേറ്റ ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിൽ കഴിയുന്നതിനിടെ തന്നെ ഏറ്റുമാനൂർ പോലീസ് അറിയിച്ചത് അനുസരിച്ച് ഏറ്റുമാനൂർ മജിസ്ട്രേറ്റ് ഷിനുവിന്റെ മരണ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിതാവ് തന്റെ ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി.
അറസ്റ്റിലായ ഗോപാലകൃഷ്ണൻ ചെട്ടിയാരെ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. മകനെ ആക്രമിച്ചതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പാലാ സിഐ കെപി തോംസൺ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications