കനത്ത മഴ; കോട്ടയത്ത് ഇലവീഴാപൂഞ്ചിറ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തി കോട്ടയം കളക്‌ടർ. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്‌ടർ വി ഭുവനേശ്വരി നിരോധിച്ചത്.
കൂടാതെ ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്. ജൂൺ മുപ്പത് വരെയാണ് പ്രവേശന വിലക്ക് നിലവിലുണ്ടാവുക. നിലവിലെ ശക്തമായ മഴയ്ക്ക് പുറമേ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്ന മഴ മുന്നറിയിപ്പുകൾ കൂടി കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടിയെന്നാണ് അറിയിച്ചിരിക്കുന്നത്.

കോട്ടയത്ത് ഇന്നത്തെ മഴ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിൽ മഴയെ തുടർന്ന് കാര്യമായ നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ വീശിയ ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ ഉൾപ്പെടെ കടപുഴകി. ദേശീയപാത 183ൽ പൊടിമറ്റത്ത് മരം റോഡിലേക്കു വീണ് ഗതാഗതം ഒരു മണിക്കൂറിലധികം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. റോഡരികിൽ നിന്ന വൻ പാലമരമാണ് കുറുകെ വീണത്.
ഇതിന് പുറമെ പാറത്തോട്-ഇടക്കുന്നം റോഡിന് സമീപവും ദേശീയ പാതയിൽ മരം വീണിരുന്നു. ആനക്കല്ല് -പൊൻമല-പൊടിമറ്റം റോഡ്, കുമരകം കണ്ണാടിച്ചാൽ റോഡ്, മുണ്ടക്കയം-കോരുത്തോട് റോഡ് എന്നിവിടങ്ങളിലും മരം വീണത് ഗതാഗത തടസമുണ്ടാക്കിയിരുന്നു. സംഭവ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴുവാകുകയായിരുന്നു.
അതിനിടെ കനത്ത മഴയിൽ മരണവും നാശനഷ്‌ടങ്ങളും സംഭവിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ല അതീവ ജാഗ്രതയിലാണ്. മൂന്നാറിൽ അപകട സാധ്യതാ പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ തുറന്നത്. മൂന്നാർ കോളനിയിലെ കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
അതിനിടെ കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ തുറക്കുന്നതിന് കളക്‌ടർ അനുമതി നൽകിയിരുന്നു. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ കഴിഞ്ഞ ദിവസം രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്‌ടർ ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications