പക്ഷിപ്പനി: മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത നിലവിലില്ല, ആശങ്ക വേണ്ടെന്ന് കോട്ടയം ജില്ലാ കളക്ടർ
കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ. അതേ സമയം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത നിലവിലില്ലെന്നും കളക്ടർ വ്യക്തമാക്കി. കോട്ടയം ജില്ലയിൽ നീണ്ടൂർ പഞ്ചായത്തിലെ 14ാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
വാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരം
രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾക്കായി ജില്ലയിൽ അഞ്ച് അംഗങ്ങൾ അടങ്ങുന്ന എട്ട് സംഘങ്ങളെ നിയോഗിച്ചിട്ടുള്ളത്. ഫാമിൽ വളർത്തിയിരുന്ന 1650 താറാവുകൾ കൂട്ടത്തോടെ ചത്തതോടെയാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശം ഒറ്റപ്പെട്ടുകിടക്കുന്നതിനാൽ എളുപ്പത്തിൽ രോഗവ്യാപനത്തിനുള്ള സാധ്യത നിലവിലില്ല.
കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗബാധയുണ്ടായ ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും ഫാമിനു പുറത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും മുന്‍കരുതലിന്‍റെ ഭാഗമായി കൊല്ലുന്നതിനുള്ള നടപടികള്‍ക്ക് നാളെ രാവിലെ തുടക്കം കുറിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ്മ സേനകളെ നിയോഗിച്ചു. വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥര്‍ വീതമാണ് ഓരോ സംഘത്തിലും ഉണ്ടാകുക. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫാം ഒറ്റപ്പെട്ട മേഖലയിലാണ്. ഇന്ന് വൈകുന്നേരം ജില്ലാ കളക്ടർ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശങ്കയുടെ ആവശ്യമില്ലെന്നും കളക്ടർ വ്യക്തമാക്കി.
കോടിമതയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം 'തുറന്നിട്ടുണ്ട്. പക്ഷിപ്പനി സംബന്ധിച്ച വിവരങ്ങള്‍ 'നല്‍കുന്നതിനും സംശയ നിവാരണത്തിനുമായി പൊതുജനങ്ങള്‍ക്ക് 0481 2564623 എന്ന ഫോണ്‍ നമ്പരില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
കോട്ടയത്തിന് പുറമേ സമീപ ജില്ലയായ ആലപ്പുഴയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തലവടി, എടത്വ, പള്ളിപ്പാട്, തഴക്കര എന്നീ പഞ്ചായത്തുകളിലായാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച പ്രദേശത്ത് നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഇതോടെ ഏകദേശം 48,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും. കഴിഞ്ഞ വർഷം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ രോഗം സ്ഥിരീകരിച്ച പ്രദേശത്തെ പക്ഷികളെ കൂട്ടമായി നശിപ്പിച്ചുകൊണ്ടാണ് രോഗവ്യാപനം പ്രതിരോധിച്ചത്.