ഈടായി നൽകിയ ആധാരം കത്തിപ്പോയെന്ന് ബാങ്ക്; ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയ സംഭവത്തിൽ വസ്തു ഉടമയ്ക്ക് ഐ ഡി ബി ഐ ബാങ്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. അഡ്വ. വി എസ് മനുലാൽ പ്രസിഡന്റും അഡ്വ ആർ ബിന്ദു, കെ എം ആന്റോ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.
കോട്ടയം പാമ്പാടി സ്വദേശി ആ. ഡോ അനിൽ കുമാർ തന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐ ഡി ബി ഐ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസൽ ആധാരവും മുന്നാധാരവും ബാങ്കിൽ ഈടായി നൽകി. ലോൺ അടച്ച് തീർത്ത ശേഷമാണ് വാസ്തുവിന്റെ ആധാരവും മറ്റ് രേഖകളും 2017 ൽ സംഭവിച്ച തീപിടിത്തത്തിൽ നശിച്ചുപോയതായി ബാങ്ക് അറിയിച്ചത്.

2020 ഡിസംബർ 18ന് ആണ് വിവരം അനിൽ കുമാറിനെ ബാങ്ക് അറിയിക്കുന്നത്. തുടർന്ന് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകി. എന്നാൽ അസൽ ആധാരം തിരികെ നൽകാത്തതിനെതിരെ അനിൽ ജില്ലാ ഉപഭോകതൃ തർക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഉടമസ്ഥാവകാശം തെളിയിക്കു്നനതിനുള്ള അസൽ രേഖകളുടെ അഭാവം ഉടമസ്ഥാവകാശത്തിൽ സംശയം ജനിപ്പിക്കാനും സ്ഥലത്തിന്റെ കമ്പോള വിലയിൽ കുറവ് വരുത്താനും ഇടയാക്കുമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിലയിരുത്തി.
ഈടായി നൽകിയ പ്രമാണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാതിരുന്നത് ഐ ഡി ബി ഐ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ സേവമ ന്യൂനതയാണെന്നും കമ്മീഷൻ കണ്ടെത്തി. തുടർന്ന് ആണ് ഹർജിക്കാരന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.












Click it and Unblock the Notifications