ആട്ടിന്‍പാലിനും ഇറച്ചിക്കും വില കുതിച്ചുയരുന്നു.. പാലിന് 100 രൂപ, ഇറച്ചിക്ക് 900!
കോട്ടയം: സംസ്ഥാനത്ത് ആട്ടിന്‍പാലിന് വില വര്‍ധിച്ചു. ആവശ്യക്കാര്‍ ഏറിയതും ആടിനെ വളര്‍ത്തുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞതുമാണ് ആട്ടിന്‍പാലിന്റെ വില വര്‍ധിക്കാന്‍ കാരണമായത്. നേരത്തെ ഒരു ലിറ്റര്‍ ആട്ടിന്‍പാലിന് 70 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ അത് 100 രൂപയായി. പശുവിന്‍ പാലിനേക്കാള്‍ ഗുണപ്രദമാണ് ആട്ടിന്‍പാല്‍. മാത്രമല്ല പ്രായമായവര്‍ക്കും ഹൃദ്രോഗമുള്ളവര്‍ക്കും ഏറെ നല്ലതാണ് ഇത്.
അതിനാല്‍ തന്നെ ആട്ടിന്‍പാലിന് ആവശ്യക്കാരേറെയാണ്. മണ്ണുത്തിയിലെ സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിലവില്‍ നൂറ് രൂപയ്ക്കാണ് ഒരുലിറ്റര്‍ നാടന്‍ ആട്ടിന്‍പാല്‍ വില്‍ക്കുന്നത്. പുറത്ത് നിന്നുള്ള ആടിന്റെ ഇനങ്ങളുടെ കടന്നുകയറ്റം നാടന്‍ ആടുകളുടെ പരിപാലനത്തിന് ഭീഷണിയാണ് എന്നും ഇത് കാരണം പരിപാലനത്തിനും ചെലവേറുകയാണെന്നും കര്‍ഷകര്‍ പറയുന്നു.

ഇതര സംസ്ഥാനത്ത് നിന്നുമുള്ള ആടുകള്‍ക്ക് പ്രിയമേറിയതോടെ നാടന്‍ ഇനത്തിന് പ്രതിസന്ധി നേരിട്ടു. ഇതിനൊപ്പം ആടുകള്‍ക്ക് രോഗങ്ങള്‍കൂടി പിടിപെട്ടതോടെ പലരും ആടുവളര്‍ത്തല്‍ ഉപേക്ഷിച്ചു. അതേസമയം പാല് പോലെ തന്നെ ആടിന്റെ ഇറച്ചിക്കും വില വര്‍ധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ആട്ടിറച്ചിക്ക് കിലോ 900 രൂപ വരെ എത്തിയിട്ടുണ്ട്. അതേസമയം ആട് വളര്‍ത്തല്‍ ലാഭകരമല്ല എന്നാണ് പലരുടേയും അഭിപ്രായം
ആടുകള്‍ക്ക് നല്‍കാനുള്ള തീറ്റക്ക് മുന്‍ വര്‍ഷത്തെക്കാള്‍ വില ഉയര്‍ന്നിട്ടുണ്ട്. 15 രൂപയായിരുന്ന ഗോതമ്പ് ഉമിക്ക് ഇപ്പോള്‍ 33 രൂപയും പിണ്ണാക്കിന് 55 മുതല്‍ 60 വരെയുമാണ് വില. ഇതിനൊപ്പം ആടുകള്‍ക്ക് രോഗങ്ങള്‍ കൂടി പിടിപെടുന്നത് കര്‍ഷകരെ വലയ്ക്കുന്നുണ്ട്. അതിര്‍ത്തി കടന്നെത്തിയ ആടുകള്‍ വന്നതോടെ നാടന്‍ ഇനങ്ങള്‍ക്ക് പ്രതിരോധ വാക്‌സിന്‍ എടുക്കേണ്ട സ്ഥിതിയാണ്.
മൃഗാശുപത്രികളില്‍ സൗജന്യ വാക്‌സിന്‍ ലഭിക്കുമെങ്കിലും ആവശ്യ സമയത്ത് ഡോക്ടര്‍മാരുണ്ടാകില്ല എന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്. കോട്ടയത്ത് കടുത്തുരുത്തി, പാമ്പാടി, മണിമല, തെങ്ങണ എന്നിവിടങ്ങളിലാണ് കൂടുതലായും ആട് ഫാമുകള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പലയിടത്തും നാമമാത്രമായ ഫാമുകളെ ഉള്ളൂ. പുതിയ ആടുവളര്‍ത്തല്‍ പദ്ധതിയോ തീറ്റക്കായി സബ്‌സിഡിയോ ആനുകൂല്യങ്ങളോ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.












Click it and Unblock the Notifications