ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി; സ്പര്‍ധ വളര്‍ത്തുമെന്ന് എന്‍എസ്എസ്
കോട്ടയം: ജാതി സംവരണത്തിനെതിരെ എന്‍ എസ് എസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിന് വേണ്ടിയുള്ള മുറവിളി എന്ന് എന്‍ എസ് എസ് പറഞ്ഞു. ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണ്. ജാതി സെന്‍സസിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും എന്‍ എസ് എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.
ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തം ഉണ്ട്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രാജ്യം ഒരു മതേതരജനാധിപത്യരാജ്യമാണ് എന്നും മതേതരത്വം എന്നത് ഏതെങ്കിലും ഒരു മതത്തേയോ ജാതിയേയോ വര്‍ഗത്തേയോ വിഭാഗത്തേയോ വളര്‍ത്തുവാനോ തളര്‍ത്തുവാനോ ഉള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കണം എന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടിയറവ് പറഞ്ഞു.
ജാതിസംവരണത്തിനു വേണ്ടി നടത്തിയിട്ടുള്ള ഭരണഘടനാഭേദഗതികള്‍ ഇത് വ്യക്തമാക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തേയ്ക്ക് തുടങ്ങിവച്ച സംവരണം, വര്‍ഷം 76 പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയതില്‍ നിന്ന് തന്നെ പ്രായോഗികതലത്തില്‍ അതിന്റെ അശാസ്ത്രീയ വെളിപ്പെടുത്തുന്നതാണ് എന്നും എന്‍ എസ് എസ് ചൂണ്ടിക്കാട്ടി.
ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഇല്ലാതിരുന്നതും തുടര്‍ന്ന് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയതുമായ സംവരണത്തില്‍ ഒരു സ്ഥലത്തും പിന്നാക്കാവസ്ഥ എന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള പട്ടികജാതിയും പട്ടികവര്‍ഗ്ഗവും പോലും ജാതിയുടെയോ മതത്തിന്റെയോ ആചാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിലല്ല
എന്നിട്ടും എന്തുകൊണ്ടാണ് ജാതി അടിസ്ഥാനപ്പെടുത്തി സംവരണം നല്‍കുന്നതിനുള്ള വാദം ശക്തിപ്രാപിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ജാതിസംവരണം വംശീയമായ വിവേചനം വര്‍ധിപ്പിക്കുന്നതിനും വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും വര്‍ഗീയതയ്ക്കും വഴി തെളിക്കും എന്നും എന്‍ എസ് എസ് മുന്നറിയിപ്പ് നല്‍കി. ജാതിസംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ വിദ്യാഭ്യാസ-തൊഴില്‍രംഗത്ത് യോഗ്യതയില്‍ വെളളം ചേര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സാമൂഹ്യമായ മുന്നേറ്റത്തെ പ്രതിരോധിക്കുകയും സാമുദായികമായ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സങ്കുചിതമായ രാഷ്ട്രീയചിന്തകളാണ് എന്നും സാമൂഹ്യനീതിക്ക് വേണ്ടത് സങ്കുചിത ചിന്തകള്‍ക്കപ്പുറം യോഗ്യതയുടെ അടിസ്ഥാനത്തിലുള വിശാലമായ നടപടികളാണ് എന്നും എന്‍ എസ് എസ് പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications