ആറ് പേരെ കടിച്ച തെരുവ് നായ നാല് പട്ടിക്കുഞ്ഞുങ്ങളേയും കടിച്ച് കൊന്നു; ഒടുവില്‍ തോക്കെടുത്ത് പഞ്ചായത്ത്
കോട്ടയം: ജില്ലയില്‍ ഇടവേളക്ക് ശേഷം തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ആറ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. പിന്നീട് ഈ നായയെ പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം വെടിവെച്ച് കൊല്ലുകയായിരുന്നു. ഒട്ടേറെ വളര്‍ത്ത് മൃഗങ്ങളെയും ആക്രമിച്ച നായ പ്രദേശത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജുവിന്റെ ഭര്‍ത്താവ് രാജു ഫ്രാന്‍സിസ് നായയെ വെടിവച്ചു കൊന്നത്.
തെരുവ് നായയെ പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി തിരുവല്ലയിലെത്തിക്കുകയും ചെയ്തു. സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അല്‍ജിന്‍, അര്‍ജുന്‍ എന്നിവര്‍ക്കാണ് തിങ്കളാഴ്ച നായയുടെ കടിയേല്‍ക്കുന്നത്. സ്‌കൂളില്‍ പോകുമ്പോള്‍ രാവിലെ 8.30 ഓടെയായിരുന്നു നായയുടെ ആക്രമണം. ഇരുവരും സൈക്കിളില്‍ സ്‌കൂളിലേക്കു പോകവെ വല്യാത്ത് കവലയ്ക്കു സമീപം പിന്തുടര്‍ന്നെത്തിയ നായ ആക്രമിക്കുകയായിരുന്നു.

അല്‍ജിന്റേയും അര്‍ജുന്റേയും കാലിലാണ് കടിയേറ്റത്. ഇതിന് മുന്‍പ് പുലര്‍ച്ചെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന കടനാട് സ്വദേശി ടോമിയെയും വാളികുളത്ത് നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പാലസ് ജംഗഷന് സമീപം താമസിക്കുന്ന രാജേഷിനെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്.
പിന്നീട് റോഡിലൂടെ പോകുകയായിരുന്ന പിഴക് സ്വദേശി തോമസിനും വല്യാത്ത് സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ തങ്കച്ചനും നായയില്‍ നിന്ന് കടിയേറ്റു. പരുക്കേറ്റവര്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
അതിനിടെ വല്യാത്ത് വാടകവീട്ടില്‍ പ്രസവിച്ചുകിടന്ന നായയെ കടിച്ച തെരുവ് നായ 4 കുഞ്ഞുങ്ങളെ കടിച്ചുകൊല്ലുകയും ചെയ്തു. 2 പശുക്കള്‍ക്കും നായയുടെ കടിയേറ്റിരുന്നു. ഇതോടെയാണ് നായയെ വെടി വെച്ച് കൊല്ലാന്‍ തീരുമാനമായത്. സംഭവമറിഞ്ഞ് പാലാ എം എല്‍ എ മാണി സി കാപ്പന്‍ സ്ഥലത്തെത്തി.
പരിക്കേറ്റ വിദ്യാര്‍ഥികളെ എം എല്‍ എ സന്ദര്‍ശിച്ചു. അതേസമയം തെരുവു നായ്ക്കള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതിനു പഞ്ചായത്ത് സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. അതിനിടെ തെരുവ് നായയുടെ കടിയേറ്റവര്‍ക്കുള്ള ചികിത്സച്ചെലവ് പഞ്ചായത്ത് വഹിക്കണം എന്നാവശ്യപ്പെട്ട് സജി യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രംഗത്തെത്തി.












Click it and Unblock the Notifications