ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി അടക്കം കോട്ടയത്തെ 9 സീറ്റിലും ലീഡ്; കാപ്പന്‍ പോയാലും ക്ഷീണമില്ല
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപിയുടെ മുന്നണിമാറ്റത്തിനുള്ള സാധ്യതകളെല്ലാം ശക്തിപ്പെട്ട് വരികയാണ്. നിയമസഭാ സമ്മേളനം കഴിയുന്നതോടെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തന്നെ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കാണ് എന്‍സിപിയുടെ മുന്നണി മാറ്റത്തിന്‍റെ കാരണം. യുഡിഎഫ് വിട്ടെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് പാലാ സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായിട്ടുണ്ട്. എന്നാല്‍ ഒരു കാരണവശാലും പാര്‍ട്ടിയുടെ സീറ്റിങ് സീറ്റ് വിട്ടുനല്‍കാന്‍ ആവില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. ഇതോടെ എന്‍സിപി പോവുകയാണെങ്കില്‍ പോവട്ടെ എന്ന നിലപാടിലേക്ക് കോട്ടയത്തെ സിപിഎമ്മും കേരള കോണ്‍ഗ്രസും എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാണി സി കാപ്പന്‍
പാര്‍ട്ടിയുടെ സിറ്റിങ് സീറ്റെന്ന വികാരം മാണി സി കാപ്പന്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അതില്‍ കാര്യമില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. നാല് തവണ മത്സരിച്ച് തോറ്റ സീറ്റില്‍ ഉപതിരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യം കൊണ്ട് മാത്രമാണ് മാണി സി കാപ്പന് ജയിക്കാന്‍ കഴിഞ്ഞത്. എന്‍സിപിക്ക് നാമമാത്രമായ പിന്തുണ മാത്രമുള്ള മണ്ഡലത്തില്‍ സിപിഎം ശക്തി ഒന്നുകൊണ്ട് മാത്രമാണ് ജയിച്ചതെന്ന് ഓര്‍ക്കണമെന്നും പ്രാദേശിക നേതൃത്വം ഓര്‍മ്മിപ്പിക്കുന്നു.

എല്‍ഡിഎഫിന് താല്‍പര്യം
മാണി സി കാപ്പനെ അടക്കം നിലനിര്‍ത്തി മുന്നോട്ട് പോവാന്‍ തന്നെയാണ് നിലവില്‍ എല്‍ഡിഎഫിന് താല്‍പര്യം. രാജ്യസഭാ സീറ്റ് മുതല്‍ വിജയം ഉറപ്പുള്ള മറ്റൊരു സീറ്റ് വരെ അനുനയ ശ്രമത്തിന്‍റെ ഭാഗമായി സിപിഎം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും മാണി സി കാപ്പന്‍ വഴങ്ങിയിട്ടില്ല. പാലാ സീറ്റ് വിട്ടൊരു കളിയും ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ഇതോടെ കാപ്പന്‍ പോവുന്നെങ്കില്‍ പോവട്ടെ എന്ന നിലപാടിലേക്ക് എല്‍ഡിഎഫും എത്തും.

എന്‍സിപിയുടെ മുന്നണി മാറ്റം
കോട്ടയത് മാത്രമല്ല കേരളത്തില്‍ ഒരിടത്തും തന്നെ എന്‍സിപിയുടെ മുന്നണി മാറ്റം വലിയ ചലനം ഉണ്ടാക്കില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. മാത്രവുമല്ല മന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനും എല്‍ഡിഎഫിന് സാധിക്കും. കുട്ടനാട്ടിലെ എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനും എല്‍ഡിഎഫ് തന്നെയാണ് താല്‍പര്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് അദ്ദേഹത്തിന് നല്‍കിയേക്കും.

കേരള കോണ്‍ഗ്രസിനെ പിണക്കാന്‍
എന്‍സിപിക്ക് വേണ്ടി കേരള കോണ്‍ഗ്രസിനെ പിണക്കാന്‍ എല്‍ഡിഎഫ് ഒരിക്കലും തയ്യാറാവില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത യുഡിഎഫ് കോട്ടകളിലടക്കം കടന്നകയറാന്‍ എല്‍ഡിഎഫിന് സാധിച്ചത് കേരള കോണ്‍ഗ്രസിന്‍റെ മുന്നണിയിലേക്കുള്ള വരവോടെയാണ്. ഏത് പ്രതിസന്ധിയിലും യുഡിഎഫിനൊപ്പം നിലനിന്നിരുന്ന കോട്ടയം ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് പിടിക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സാധിച്ചു.

പുതുപ്പള്ളിയില്‍ പോലും
പതിറ്റാണ്ടുകളായി ഉമ്മന്‍ചാണ്ടി നയിക്കുന്ന പുതുപ്പള്ളിയില്‍ പോലും 800 ലേറെ വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. മണ്ഡലത്തില്‍ യുഡിഎഫിന്‍റെ ഉറച്ച പല പഞ്ചായത്തുകളും ഇത്തവണ ഇടത്തോട്ട് മറിഞ്ഞു. 52433 വോട്ടുകള്‍ ഇടതുമുന്നണി സ്വന്തമാക്കിയപ്പോള്‍ 51570 വോട്ടുകളാണ് പുതുപ്പള്ളിയെന്ന കോട്ടയില്‍ യുഡിഎഫിന് നേടാന്‍ സാധിച്ചത്.

കടുത്തുരുത്തിയില്‍
ഉപതിരഞ്ഞെടുപ്പില്‍ 2943 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ വിജയിച്ച പാലായില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 9363 വോട്ടുകളുടെ മേല്‍കൈ ആണ് എല്‍ഡിഎഫിനുള്ളത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം ടിക്കറ്റില്‍ മോന്‍സ് ജോസഫ് വിജയിച്ച കടുത്തുരുത്തിയില്‍ ഇത്തവണ ഇടതുമുന്നണി ലീഡ് പിടിച്ചത് 9490 വോട്ടുകള്‍ക്കാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിക്കുമെന്നുറപ്പിക്കുന്ന ഒരു മണ്ഡലമാണ് കടത്തുരുത്തി.

വൈക്കത്തും ഏറ്റുമാനുരും
കഴിഞ്ഞ തവണ വിജയിച്ച വൈക്കത്തും ഏറ്റുമാനുരും ലീഡ് തുടരാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ കോട്ടയം മണ്ഡലത്തില്‍ 1573 വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിനുള്ളത്. ചങ്ങനാശ്ശേരിയില്‍ 5331 വോട്ടുകളുടെ ലീഡാണ് ഇടതുമുന്നണിക്കുള്ളത്. സിഎഫ് തോമസിന്‍റെ നിര്യാണത്തോടെ ചങ്ങനാശ്ശേരി പിടിക്കുക എന്നുള്ളത് ഇരുമുന്നണികള്‍ക്ക് അഭിമാനകരമായ വിഷയമാണ്.

കാഞ്ഞിരപ്പള്ളിയില്‍
കേരള കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ 16000 ത്തിലേറെ വോട്ടുകളാണ് യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫിന് അധികമായിട്ട് ഉള്ളത്. നിയമസഭാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഐയുമായി തര്‍ക്കം നിലനിന്നിരുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. എന്നാല്‍ കാഞ്ഞിരപ്പള്ളിക്ക് പകരമായി പൂഞ്ഞാര്‍ സിപിഐക്ക് നല്‍കിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി സിപിഎം മുന്നോട്ട് വന്നിട്ടുണ്ട്. സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചാല്‍ എന്‍ ജയരാജ് തന്നെയാവും ഇടത് സ്ഥാനാര്‍ത്ഥി.

പിസി ജോര്‍ജിന്‍റെ പുഞ്ഞാറിലും
പിസി ജോര്‍ജിന്‍റെ പുഞ്ഞാറിലും മേധാവിത്വം എല്‍ഡിഎഫിന് തന്നെയാണ്. 1704 വോട്ടിന്‍റെ ലീഡ് ഇവിടെ ഇടതുമുന്നണിക്കുണ്ട്. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രന്‍ മത്സരിച്ച ഈ സീറ്റ് ഇത്തവണ സിപിഐക്ക് നല്‍കാനാണ് മുന്നണിയിലെ ധാരണ. കേരള കോണ്‍ഗ്രസ് കൂടി എത്തിയതോടെ വിജയ സാധ്യതയുള്ള സീറ്റായാണ് ഇതിനെ കാണുന്നത്. അതേസമയം പിസി ജോര്‍ജ് യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്.