'സൗകര്യമുണ്ടേല് നീയൊക്കെ വോട്ട് ചെയ്താ മതി', പിസി ജോർജിനെ കൂവിയോടിച്ച് നാട്ടുകാർ, തിരിച്ച് ചീത്ത വിളി
പൂഞ്ഞാര്‍: എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ബിജെപിയുടേയോ പിന്തുണ ഇല്ലാതെ ഇത്തവണയും തനിച്ചാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മത്സരം. 2016ലെ വിജയം പൂഞ്ഞാറില്‍ ആവര്‍ത്തിക്കാനാവും എന്നാണ് പിസി ജോര്‍ജിന്റെ പ്രതീക്ഷ
അതിനിടെ സ്വന്തം നാടായ ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവി വിളിച്ചും തെറി വിളിച്ചുമാണ് സ്വീകരിച്ചത്. പ്രകോപിതനായ പിസി ജോര്‍ജ് നാട്ടുകാരെ തിരിച്ചും ചീത്ത വിളിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിശദാംശങ്ങളിങ്ങനെ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

ജോര്‍ജിനെ നാട്ടുകാര്‍ കൂവി
പൂഞ്ഞാര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി തിരക്കിലാണ് പിസി ജോര്‍ജ്. പ്രചാരണത്തിന്റെ ഭാഗമായുളള വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയത്. ഈരാറ്റുപേട്ടയിലെ തീക്കോയി പഞ്ചായത്തിലെ വാഹന പര്യടനത്തിനിടെയാണ് സംഭവം. തുറന്ന വാഹനത്തില്‍ പിസി ജോര്‍ജ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ഒരു കൂട്ടം നാട്ടുകാര്‍ കൂവി വിളിച്ചത്.

പ്രചാരണ മൈക്കിലൂടെ മറുപടി
സൗകര്യമുളളവര് മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും മെയ് രണ്ടിന് താന്‍ എംഎല്‍എ ആയതിന് ശേഷം ഇവിടേക്ക് വരുമെന്നും അപ്പോഴും കൂവണമെന്നും പിസി ജോര്‍ജ് തിരിച്ചടിച്ചു. പ്രചാരണ മൈക്കിലൂടെ തന്നെയായിരുന്നു പിസി ജോര്‍ജിന്റെ വെല്ലുവിളി. ഇതോടെ കൂവലിന്റെ ശക്തിയും കൂടി. ചിലര്‍ പിസി ജോര്‍ജിനെ തെറി വിളിക്കാനും മടിച്ചില്ല. പ്രചാരണ മൈക്കിലൂടെ പിസി ജോര്‍ജും നാട്ടുകാരെ ചീത്ത വിളിച്ചു.

നീയൊക്കെ ഇവിടെ കൂവിക്കൊണ്ടിരിക്കും
വൈറലായ വീഡിയോയിലെ പിസി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ വോട്ട് ചോദിക്കാന്‍ അവകാശം ഇല്ലെന്ന് ആരാണ് പറഞ്ഞത്. ഉടനെ കൂവും. നീയൊക്കെ ഇവിടെ കൂവിക്കൊണ്ടിരിക്കും. ഞാന്‍ കാണിച്ച് തരാം. മെയ് രണ്ടാം തിയ്യതി കഴിഞ്ഞാല്‍ താന്‍ എംഎല്‍എ ആണെന്ന് ഓര്‍ത്തോ. നിന്റെ വോട്ട് ഇല്ലാതെ തന്നെ താന്‍ എംഎല്‍എ ആയിട്ട് ഇവിടെ വരും. അപ്പോ നീ കൂവണം''.

സൗകര്യമുളളവര് തൊപ്പിക്ക് വോട്ട് ചെയ്യുക
''കൂവി ഓടിച്ചാല്‍ ഓടുന്ന ഏഭ്യനല്ല ഞാന്‍. നീയൊക്കെ മനസ്സിലാക്കാന്‍ പറയുകയാണ്. ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് താന്‍ മത്സരിക്കുന്നത്. തന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുളളവര് തൊപ്പിക്ക് വോട്ട് ചെയ്യുക. വോട്ട് ചെയ്തില്ലെങ്കിലും തനിക്ക് വിരോധമില്ല. നിന്റെയൊക്കെ വീട്ടില് കാര്‍ന്നോമ്മാര് ഇങ്ങനെയാണ് പഠിപ്പിച്ച് വിടുന്നത് എന്ന് ഞാനിപ്പോഴാണ് അറിയുന്നത്''.

കാര്‍ന്നോമ്മാര് നന്നായാലേ മക്കള് നന്നാവൂ
''സ്വല്‍പം കൂടി മാന്യത പഠിപ്പിച്ച് വിടും എന്നാണ് താന്‍ ഓര്‍ത്തത്. കാര്‍ന്നോമ്മാര് നന്നായാലേ മക്കള് നന്നാവൂ. അതിന് വേണ്ടി താന്‍ അള്ളാഹുവിനോട് ദുവാ ചെയ്യാം. നീയൊക്കെ നന്നാവാന്‍ വേണ്ടി. വേറെയൊന്നും പറയുന്നില്ല. സൗകര്യമുണ്ടെങ്കില്‍ മാത്രം നീയൊക്കെ വോട്ട് ചെയ്താല്‍ മതി. ഇതാണോ രാഷ്ട്രീയം. ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാന്‍ അവകാശം ഇല്ലേടാ''

ആര് തെറി പറഞ്ഞാലും ഓടുന്നവല്ല
''ഇലക്ഷന്‍ കമ്മീഷനില്‍ പോയി പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയി കിടക്കും. തന്റെ മര്യാദ കൊണ്ടാണ് അത് ചെയ്യാത്തത്. വര്‍ത്താനം പറയുന്നു. തന്നെയാണ് പേടിപ്പിക്കുന്നത്. താന്‍ ഈരാറ്റുപേട്ടയില്‍ ജനിച്ച് വളര്‍ന്നവനാടാ. താനെവിടെ പോകാനാണ്. ഇവിടെ തന്നെ കിടക്കും. മനസ്സിലായോ. ആര് തെറി പറഞ്ഞാലും ഓടുന്നവല്ല താന്‍. ഇങ്ങനെ തന്നെ പോകും. പോടാ അവിടുന്ന്. നീ ആരെ പേടിപ്പിക്കുന്നു, തെണ്ടി, വര്‍ത്തമാനം പറയുന്നു''.

ജോര്‍ജിന് എതിരെ ജനവികാരം
''അപ്പോ സന്‍മനസ്സുളളവര്‍ തനിക്ക് വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് തന്റെ എളിയ വാക്കുകള്‍ ഉപസംഹരിക്കുന്നു. നന്ദി നമസ്‌ക്കാരം'' എന്നാണ് പിസി ജോര്‍ജ് പറഞ്ഞ് നിര്‍ത്തുന്നത്.. പിസി ജോര്‍ജ് സംസാരിക്കുന്ന പശ്ചാത്തലത്തിലുടനീളം ആളുകളുടെ കൂവല്‍ കേള്‍ക്കാം. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തുകയും ബിജെപിക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന് എതിരെ ജനവികാരം ശക്തമായത്. നേരത്തെയും ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന് നാട്ടുകാരുടെ കൂവല്‍ കിട്ടിയിരുന്നു.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍












Click it and Unblock the Notifications