തുറുപ്പ് ചീട്ടുമായി പിസി ജോർജ്, പാലായിൽ മത്സരിക്കാൻ തയ്യാർ, ആര് ജയിക്കുമെന്ന് കാണിച്ച് തരാം, ജനപക്ഷം 5 സീറ്റിൽ
കോട്ടയം: നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കേരളത്തില്‍ പാലാ സീറ്റ് ആണിപ്പോള്‍ ശ്രദ്ധാ കേന്ദ്രം. പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമെന്നുളള അഭ്യൂഹം ശക്തമാണ്. മാണി സി കാപ്പനെ പാലായില്‍ നിന്ന് മത്സരിപ്പിക്കാന്‍ യുഡിഎഫ് തയ്യാറുമാണ്.
അതിനിടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ സീറ്റില്‍ നിന്ന് മത്സരിച്ചേക്കും എന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. യുഡിഎഫ് സ്വാഗതം ചെയ്താല്‍ മുന്നണിയുടെ ഭാഗമാകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ജോർജിന്റെ കരുനീക്കങ്ങൾ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫിന്റെ ഭാഗമാകാന്‍ കരുക്കള്‍ നീക്കുകയാണ് ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എ. ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് പോയതോടെ മധ്യതിരുവിതാം കൂറില്‍ പിസി ജോര്‍ജിനെ അടക്കമുളളവരെ കൂടെ നിര്‍ത്തണം എന്നുളള ചര്‍ച്ച കോണ്‍ഗ്രസിനുളളിലും യുഡിഎഫിലുമുണ്ട്. ജനപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ ചെന്നിത്തല പക്ഷമാണ് ശ്രമിക്കുന്നത്.

പിസിയുടെ തുറുപ്പ് ചീട്ട്
അതേസമയം പിസി ജോര്‍ജ് വരുന്നതിനോട് ഉമ്മന്‍ ചാണ്ടി വിഭാഗത്തിന് താല്‍പര്യമില്ല. അതിനിടെയാണ് യുഡിഎഫ് ഇക്കുറി അഭിമാന പ്രശ്‌നമായി കാണുന്ന പാലാ സീറ്റില്‍ മത്സരിക്കുമെന്ന തുറുപ്പ് ചീട്ട് പിസി ജോര്‍ജ്ജ് പുറത്തെടുത്തിരിക്കുന്നത്. ജനപക്ഷം സെകുലര്‍ പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കുന്നതിന് വേണ്ടിയുളള പിസി ജോര്‍ജിന്റെ സമ്മര്‍ദ്ദ തന്ത്രമായി വേണം ഈ പ്രസ്താവനയെ വിലയിരുത്താന്‍.

താന്‍ പാലാ സീറ്റില്‍ മത്സരിച്ചേക്കും
താന്‍ പാലാ സീറ്റില്‍ മത്സരിച്ചേക്കുമെന്ന് മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലാണ് പിസി ജോര്‍ജ് പ്രഖ്യാപിച്ചത്. പാലാ സീറ്റില്‍ മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ഗൗരവകരമായി ആലോചിച്ച് കൊണ്ടിരിക്കുകയാണ്. അതിന് ഒരു മണിക്കൂര്‍ പത്രസമ്മേളനം മാത്രം മതിയാവും തനിക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിക്കുന്നുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

5 സീറ്റിൽ ജനപക്ഷം
പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി അടക്കമുളള 5 നിയോജക മണ്ഡലങ്ങളില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കാര്യം ആലോചിക്കുകയാണ്. ഒരു സീറ്റ് ഇരിങ്ങാലക്കുടയാണ് എന്നും പിസി ജോര്‍ജ് വ്യക്തമാക്കി. എട്ടാം തിയ്യതി പാര്‍ട്ടി കമ്മിറ്റി വിളിച്ചിരിക്കുകയാണ്. എത്ര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാവും എന്നത് അന്ന് തിരുവനന്തപുരത്ത് തീരുമാനിക്കും.

പൂഞ്ഞാറിൽ ഷോണിന് സാധ്യത
അഞ്ച് സീറ്റുകളില്‍ കുറഞ്ഞ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന പ്രശ്‌നമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. അന്നത്തെ ദിവസം തന്നെ 5 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മകന്‍ ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയായേക്കാമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഷോണ്‍ ഇപ്പോള്‍ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചിട്ട് ആറ് മാസം തികഞ്ഞിട്ടില്ല.

മാണി സി കാപ്പനെ ജയിപ്പിച്ചത്
അതുകൊണ്ട് തന്നെ ഷോണിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നില്ല. എന്നാല്‍ ജനപക്ഷം കമ്മിറ്റി ചേര്‍ന്ന് ഷോണിനെ നിര്‍ത്തുന്നതാണ് ഗുണം എന്ന് പറഞ്ഞാല്‍ പൂഞ്ഞാറില്‍ മത്സരിപ്പിക്കുമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. പാലാ സീറ്റില്‍ മാണി സി കാപ്പനെ ജയിപ്പിച്ചത് താനാണ് എന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു.

ജോസഫിന്റെ പിന്തുണ കൊണ്ട് മാത്രമല്ല
പാലാ സീറ്റ് ഇടതുപക്ഷം ജോസ് കെ മാണിക്ക് തന്നെ നല്‍കും. എന്‍സിപിക്ക് ആകെക്കൂടി 25 പേര്‍ തികച്ചില്ല. താന്‍ എത്ര ബുദ്ധിമുട്ടിയാണ് കാപ്പനെ ജയിപ്പിച്ചത് എന്ന് അദ്ദേഹത്തോട് ചോദിച്ചാല്‍ പറഞ്ഞുതരും. പിജെ ജോസഫിന്റെ പിന്തുണ കൊണ്ട് മാത്രമല്ല കാപ്പന്‍ വിജയിച്ചത്. പാലായിലെ 6 പഞ്ചായത്തും തന്റെ മണ്ഡലമായ പൂഞ്ഞാറില്‍ നിന്നും പോയതാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

ജോസ് കെ മാണിക്ക് വിട്ട് നല്‍കണമായിരുന്നു
പാലായില്‍ കാപ്പനും ജോസഫിനും ഒന്നും ചെയ്യാനില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. മാണി മരിച്ചപ്പോള്‍ ജോസ് കെ മാണിക്ക് ജോസഫ് പാര്‍ട്ടി വിട്ട് നല്‍കണമായിരുന്നു. ഇപ്പോള്‍ ജോസഫിന് പാര്‍ട്ടിയുമല്ല ചിഹ്നവും ഇല്ല. ജോസഫ് ഇപ്പോള്‍ സ്വതന്ത്രനാണ്. ജോസഫിന്റെ എംഎല്‍എ സ്ഥാനം സ്പീക്കറുടെ ഔദാര്യമാണ്. ആ ജോസഫാണ് മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതെന്നും പിസി ജോര്‍ജ് പരിഹസിച്ചു.

ആരാണ് ജയിക്കാന്‍ പോകുന്നതെന്ന് കാണിച്ച് തരാം
പാലായില്‍ ആരാണ് ജയിക്കാന്‍ പോകുന്നതെന്ന് താന്‍ കാണിച്ച് തരാമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എണ്ണിക്കൊണ്ടാണ് കാപ്പന് പാലായില്‍ വോട്ട് കൊടുത്തത്. 3000 വോട്ടിന് കാപ്പന്‍ ജയിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചു. 2969 വോട്ടിന് കാപ്പന്‍ ജയിച്ചു. ആ തന്നെ ഒന്നും മൈന്‍ഡ് ചെയ്യാത്തവര്‍ക്ക് കാണിച്ച് കൊടുക്കാം എന്നും ആര് ജയിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു.

കാപ്പന്‍ ഈ ചാട്ടം വളരെ സൂക്ഷിച്ച് ചാടണം
കാപ്പനെ പിന്തുണയ്ക്കരുത് എന്നാവശ്യപ്പെട്ട് ഇപ്പോള്‍ തന്നെ ആളുകള്‍ വിളിച്ച് കൊണ്ടിരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കാപ്പന്റെ മുന്നണി മാറ്റ നീക്കം വലിയ പ്രതികരണമാണ് പാലായില്‍ ഉണ്ടാക്കുന്നത്. താന്‍ ജോസ് കെ മാണിക്ക് എതിരാണ്. ഇപ്പോഴത്തെ നീക്കം ജോസിന് ഗുണമുണ്ടാക്കുന്നതുമാണ്. കാപ്പന്‍ ഈ ചാട്ടം വളരെ സൂക്ഷിച്ച് ചാടണം. അല്ലെങ്കില്‍ അപകടമുണ്ടാകും എന്നും പിസി ജോര്‍ജ് പറഞ്ഞു.

യുഡിഎഫിലേക്ക് പോകാന്‍ തയ്യാർ
കാപ്പന്‍ ജയിച്ചതിന് ശേഷം പറഞ്ഞത് പിസി ജോര്‍ജിന് നന്ദിയെന്നാണ്. കാപ്പനും ഇടതുപക്ഷത്തിനും അറിയാം എങ്ങനെ ജയിച്ചു എന്നും പിസി ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ ജനപക്ഷം യുഡിഎഫിലേക്ക് പോകാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഒന്നിച്ച് പോകണം എന്നാണ് യുഡിഎഫ് നേതാക്കള്‍ പറഞ്ഞതെന്നും യുഡിഎഫിന്റെ ഭാഗമാകാനാണ് ജനപക്ഷം താല്‍പര്യപ്പെടുന്നത് എന്നും പിസി പറഞ്ഞു.

യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാല്‍
മധ്യതിരുവിതാംകൂറില്‍ യുഡിഎഫിന് 100 ശതമാനം ഉറപ്പാക്കാന്‍ ചില ശക്തികളേയും കൂടെ കൂട്ടണം എന്നാണ് താരിഖ് അന്‍വര്‍ പറഞ്ഞത്. യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാല്‍ മാത്രമാണ് മറ്റ് സാധ്യതകളെ കുറിച്ച് ആലോചിക്കുകയുളളൂ. ജനപക്ഷം പാര്‍ട്ടിക്ക് കോണ്‍ഗ്രസ് മുന്നണിയുമായി യോജിച്ച് പോകണം എന്ന് തന്നെയാണ് ആഗ്രഹം എന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പിസി തോമസിന്റെ കാര്യത്തിലും തങ്ങളുടെ കാര്യത്തിലും അനുകൂല തീരുമാനം ആണ് യുഡിഎഫിനുളളതെന്നാണ് മനസ്സിലാക്കുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications