പെണ്‍കുട്ടിയുടെ അരയില്‍ പിടിച്ചു; സഹോദരന്‍ നടുറോഡിലിട്ട് ഇടിച്ചു, ഒടുവില്‍ ബസ് ക്ലീനർ പിടിയില്‍
എരുമേലി: ബസ് യാത്രക്കിടെ പ്രായർപൂർത്തായാവാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച ബസ് ക്ലീനർ അറസ്റ്റില്‍. വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ അച്ചുമോന്‍ (24) നെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റാന്നി എരുമേലി റൂട്ടിൽ ഓടുന്ന ബസിലെ ക്ലീനറാണ് ഇയാൾ.
പല ദിവസങ്ങളിലായി വിദ്യാർഥിനിയെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. പോക്സോ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരനും ഇയാളെ കഴിഞ്ഞ ദിവസം എരുമേലി അങ്ങാടിയില്‍ വെച്ച് പരസ്യമായി മർദ്ദിക്കുകയും ചെയ്തിരുന്നു.

ബസില്‍ വെച്ച് അച്ചുമോന്‍ പല തവണ പെണ്‍കുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. 2 തവണ പെണ്‍കുട്ടിയുടെ കൈയ്ക്ക് കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളിൽ മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ച് തള്ളുകയും ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

ബസിനുള്ളില്‍ വെച്ച് നടന്ന ഈ സംഭവം അന്ന് തന്നെ പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നുവെന്നും അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. വീട്ടുകാരോട് മാത്രമല്ല, ബസിൽ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും ഈ വിവരങ്ങൾ പറഞ്ഞിരുന്നു. ഇവരുടെ അടുത്ത് നിന്നും വിവരങ്ങള്‍ തേടിയ പൊലീസ് പെണ്‍കുട്ടിയെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികുറ്റം ചെയ്തുവെന്ന് മനസ്സിലായ സാഹചര്യത്തിലാണ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ അറിയിച്ചു. എരുമേലി സ്റ്റേഷൻ എസ് എച്ച് ഒ വി വി അനിൽകുമാർ, എസ് ഐമാരായ എം എസ്. അനീഷ്, അബ്ദുൽ അസീസ്, എ എസ് ഐ ഷീന മാത്യു, സി പി ഒമാരായ ഷാജി ജോസഫ്, എം കെ കൃപ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, അച്ചുമോനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ പെൺകുട്ടിയുടെ സഹോദരൻ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവ് യുവാവ് തിരക്കുള്ള റോഡിൽവച്ച് അച്ചുമോനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തല്ലുകയും ബിയർകുപ്പികൊണ്ട് തലയിൽ അടിക്കുകയും ചെയ്തെന്നുമാണ് അച്ചുമോന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വരികയും ചെയ്തിരുന്നു. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നു ചില യാത്രക്കാരും ഓട്ടോ ഡ്രൈവർമാർ ചേർന്നായിരുന്നു യുവാക്കളെ പിടിച്ച് മാറ്റിയത്.












Click it and Unblock the Notifications