'ആ പാലം പുതുപ്പള്ളിയിലേതല്ല'; ഉമ്മന്‍ ചാണ്ടി പാലത്തില്‍ കയറിയതെന്തിന്? ഫോട്ടോയെടുത്തയാള്‍ പറയുന്നു
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ഒരു പാലമായിരുന്നു. ഉമ്മന്‍ ചാണ്ടി നടന്ന് പോയ പുതുപ്പള്ളി മണ്ഡലത്തിലെ പാലം എന്ന അവകാശവാദത്തോടെയായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്. പുതുപ്പള്ളിയില്‍ നിന്ന് അഞ്ച് പതിറ്റാണ്ട് കാലം എം എല്‍ എയായിട്ടും വികസനമെത്തിയില്ല എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു ഇടത് പ്രവര്‍ത്തകര്‍ ഈ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തിയിരുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പാലമുള്ളത് പുതുപ്പള്ളി മണ്ഡലത്തില്‍ അല്ല എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ തിരുവാര്‍പ്പിലാണ് ഈ പാലമുള്ളത്. ഈ മണ്ഡലം മന്ത്രി വാസവന്റെ മണ്ഡലമാണ് എന്നും പാലം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എല്‍ ഡി എഫിന് കീഴിലാണ് എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

2016 ല്‍ ഉമ്മന്‍ചാണ്ടി ഈ പാലത്തിലൂടെ നടക്കുന്ന ഫോട്ടോയായിരുന്നു വൈറലായിരുന്നത്. ഇപ്പോഴിതാ ആ ഫോട്ടോയെടുത്ത ആള്‍ തന്നെ പ്രചരണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഈ പാലം സ്ഥിതി ചെയ്യുന്നത് മലരിക്കല്‍ എന്ന് പ്രദേശത്താണെന്നും മലരിക്കലില്‍ നിന്ന് എറമ്പത്തിലേക്ക് പോകുന്ന വഴിയാണ് ഈ പാലമുള്ളത് എന്നും ഇദ്ദേഹം 24 ന്യൂസിനോട് പറഞ്ഞു.
'2016 ല്‍ ഉമ്മന്‍ ചാണ്ടി വന്നത് പഴയകാലം തൊട്ട് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം എ വേലുവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്. വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് കോട്ടയത്തേക്ക് പോകുന്നതിനായി വരുന്ന വഴിയാണ് ഈ പാലത്തിലൂടെ അദ്ദേഹം കടന്ന് പോയത്.,' അദ്ദേഹം പറഞ്ഞു. ഇത് ഈ പാലത്തിന്റെ പ്രസക്തിയെ സംബന്ധിച്ചുള്ള പ്രശ്‌നമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു തിരഞ്ഞെടുപ്പില്‍ കള്ളപ്രചരണങ്ങള്‍ നടത്തി ഒരു സ്ഥാനാര്‍ത്ഥിയെ എങ്ങനെ തോല്‍പ്പിക്കാം എന്നതിനെ സംബന്ധിച്ചുള്ള സി പി എമ്മുകാരുടേയും എല്‍ ഡി എഫിന്റേയും അവരുടെ സഹയാത്രികരുടേയും പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുരൡതുമ്മാരുകുടി അടക്കമുള്ളവര്‍ ഈ പോസ്റ്റ് പങ്ക് വെച്ചിരുന്നു.
എന്നാല്‍ നിജസ്ഥിതി വെളിവായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ അഞ്ചിനാണ് പുതുപള്ളി ഉപതിരഞ്ഞെടുപ്പ്. എട്ടിന് ഫലമറിയാം. ചാണ്ടി ഉമ്മനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫിനായി ജെയ്ക് സി തോമസാണണ് മത്സരിക്കുന്നത്.












Click it and Unblock the Notifications