ദുരന്തഭൂമിയായി കോട്ടയം, പ്രളയസമാനം, ഒറ്റപ്പെട്ട് മേഖലകള്‍, രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സൈന്യവും
കോട്ടയം: കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും ആകെ വിറങ്ങലിച്ച് കോട്ടയം. പ്രളയസമാനമായ സാഹചര്യമാണ് ജില്ലയിലുള്ളത്. ഒട്ടും പ്രതീക്ഷിക്കാതെ പെയ്ത കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഉരുള്‍പ്പൊട്ടലുണ്ടായി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൂട്ടിക്കലില്‍ ആറ് പേര്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടണ്ട്. കാവാലിയിലും പ്ലാപ്പള്ളിയിലുമാണ് ഉരുല്‍പ്പൊട്ടലുണ്ടായത്. രണ്ട് കുടുംബളിലായി പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ പതിമൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ഉള്ളത്.

കോട്ടയത്ത് എയര്‍ലിഫ്റ്റിംഗിലൂടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവിക സേന സജ്ജമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തര്‍ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയേക്കും. ശക്തമായ മഴയില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിപ്പോയി. ഈരാറ്റുപ്പേട്ടയും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് പോയി. ജില്ലയില്‍ ആളുകള്‍ വാഹനവുമായി പുറത്തിറങ്ങരുതെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കര-വ്യോമസേനകള്‍ കോട്ടയത്തെത്തിയാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗം വെക്കുമെന്നാണ് സൂചന. അതേസമയം മഴ കുറഞ്ഞാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടത്താനാവൂ.
അതേസമയം മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള കരസേന സംഘം കാഞ്ഞിരപ്പള്ളിയില്‍ എത്തിയിട്ടുണ്ട്. റോഡ് മുഴുവന്‍ സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ് ഉള്ളത്. പ്രദേശങ്ങള്‍ മുഴുവന്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. നാട്ടുകാര്‍ക്ക് തന്നെ മൃതദേഹം എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കോട്ടയത്ത് തന്നെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി ശക്തമായ മഴ തുടരുന്നുണ്ട്. പാലാ, പൂഞ്ഞാര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. ഈ മേഖലയില്‍ എല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.
ജില്ലയില്‍ ഫയര്‍ഫോഴ്‌സും കൂടുതല്‍ ടീമിനെ എത്തിച്ചിട്ടുണ്ട്. പാലായിലും ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലും പതിനൊന്ന് ടീമുകളാണ് ദുരന്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ ആലപ്പുഴ, എറണാകുളം, തൃശൂര്‍, എന്നിവിടങ്ങളില്‍ നിന്നായി ഇരുപത് പേരടങ്ങുന്ന ടീം ജില്ലയില്‍ ഉടന്‍ എത്തിച്ചേരും. കട്ടപ്പനയിലെ കുട്ടിക്കാനം റൂട്ടില്‍ ചപ്പാത്ത് പാലത്തിലും വെള്ളം കയറിയിരിക്കുകയാണ്. അടുത്ത മണിക്കൂറില്‍ ശക്തമായ കാറ്റ മധ്യ-തെക്കന്‍ കേരളത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാല്‍പത് കിമീ വേഗത്തില്‍ കാറ്റ് വീശിയടിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍. 7 പേര്‍ മണ്ണിനടയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. മൂന്നിടങ്ങളിലായാണ് ഉരുള്‍പ്പൊട്ടിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം ഇവിടെ പ്രതിസന്ധിയിലായിരിക്കുകയാണ്. വെളിച്ചക്കുറവും മഴയുമാണ് തടസ്സമാകുന്നത്. കാണാതായവര്‍ക്കായി ഇനി നാളെ മാത്രമേ തിരച്ചില്‍ സാധ്യമാവൂ. വടക്കന്‍ ജില്ലകളിലും മഴ ശക്തമായിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ അതിശക്തമായ മഴയാണ് ഉള്ളത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷമാണ് മഴ ശക്തമായത്.
തിരുവമ്പാടി അങ്ങാടിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കോടഞ്ചേരി ചെമ്പുകടവില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറയുന്നു. ഡാമുകള്‍ അപകടമായ സ്ഥിതിയില്‍ അല്ലെന്നും, ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറയുന്നുവെന്ന് സൂചനയുണ്ട്. എന്നാല്‍ വടക്കന്‍-തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തൃശൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.












Click it and Unblock the Notifications