കോഴിക്കോട് വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു: ഗവർണ്ണർക്കെതിരെ ആരോപണവുമായി സിപിഎം
കോഴിക്കോട്: മാനാഞ്ചിറ എൽഐസി ബസ്റ്റോപ്പിൽ വയോധികന്‍ കുഴഞ്ഞുവീണ മരിച്ച സംഭവത്തില്‍ ഗവർണ്ണർക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി. ഗവർണറുടെ വാഹനവ്യൂഹം മാനാഞ്ചിറയിൽ എത്തുന്നതിന് അഞ്ച് മിനുറ്റ് മുമ്പായിരുന്നു സംഭവം. കുഴഞ്ഞു വീണ ചേവായൂർ സ്വദേശിയായ അശോകൻ അടിയോടി എന്നയാളെ ഗവർണ്ണറുടെ അപ്രതീക്ഷിത സന്ദർശനം കാരണം ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് സി പി എം ആരോപണം.
ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാന്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിച്ച് കേരളത്തില്‍ ക്രമസമാധാനതകര്‍ച്ചയുണ്ടെന്ന് വരുത്താനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തുന്നതെന്നും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു. അതിന്‍റെ പ്രത്യക്ഷസൂചനയാണ് മുന്‍ പരിപാടികളില്ലാത്ത അദ്ദേഹത്തിന്‍റെ കോഴിക്കോട് നഗര സന്ദര്‍ശനം. സംഘപരിവാര്‍ നേതാക്കളുമായി ആലോചിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ നിശ്ചയിച്ച പരിപാടികളില്ലാത്ത കോഴിക്കോട് നഗരത്തിലേക്കുള്ള പ്രകോപനപരമായ ഈ യാത്രയെന്ന് ജനാധിപത്യവാദികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചും പോലീസ് ഉദ്യോഗസ്ഥരെയും സര്‍വ്വകലാശാല അധികാരികളെയും ആക്ഷേപിച്ചുമാണ് ആരിഫ്മുഹമ്മദ്ഖാന്‍ രണ്ടു ദിവസങ്ങളായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തങ്ങി കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്.
ബി ജെ പി നേതാക്കളും ആര്‍ എസ് എസ് കേന്ദ്രങ്ങളുമായി ആലോചിച്ചുറപ്പിച്ചാണ് ഗവര്‍ണര്‍ സര്‍വ്വകലാശാലയില്‍ തങ്ങി ഒന്നിനുപിറകെ ഒന്നായി പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ക്രമസമാധാനതകര്‍ച്ചയുണ്ടെന്ന് വരുത്തിതീര്‍ക്കാനും 356-ാം വകുപ്പ് അനുസരിച്ച് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള സാഹചര്യമുണ്ട് എന്ന റിപ്പോര്‍ട്ട് നല്‍കുവാനുമുള്ള നീക്കമാണ് ആരിഫ്മുഹമ്മദ്ഖാനും ആര്‍ എസ് എസ് കേന്ദ്രങ്ങളും ഗൂഢാലോചനാപരമായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഗവര്‍ണറെന്ന നിലയില്‍ തന്നിലര്‍പ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ മറന്ന് ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കാനുള്ള ഉന്മാദം പിടിപെട്ട ഒരാ ളായി ആരിഫ് മുഹമ്മദ്ഖാന്‍ അധഃപതിച്ചിരിക്കുന്നു. എങ്ങനെയും കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് ഭരണഘടനാതകര്‍ച്ചയുണ്ടെന്ന് വരുത്താനുള്ള കുത്സിതനീക്കങ്ങളാണ് ഗവര്‍ണര്‍ ഒന്നിനുപിറകെ ഒന്നായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഭരണഘടനാപരമായി തന്നിലര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ മറന്ന്സം സ്ഥാനസര്‍ക്കാരിനെയും വിദ്യാര്‍ത്ഥികളെയും വെല്ലുവിളിക്കുകയാണ് അദ്ദേഹം
ചെയ്തുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രകോപനങ്ങളെയും വിലകുറഞ്ഞ വെല്ലുവിളികളെയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ട് സംയമനപൂര്‍വ്വം കേരളത്തിലെ സര്‍വ്വകലാശാലകളുടെ മതനിരപേക്ഷ സാഹചര്യത്തെ സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പത്ര പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications