കക്കയം ഹൈഡൽ ടൂറിസം; പിരിച്ചുവിട്ട ആദിവാസി സ്ത്രീകളെ തിരിച്ചെടുക്കണം, പ്രതിഷേധ മാർച്ച് നടത്തി
കോഴിക്കോട്; കക്കയം ഹൈഡൽ ടൂറിസം പദ്ധതിയിൽ നിന്നും പിരിച്ചുവിട്ട ആദിവാസി സ്ത്രീകളെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് ഹൈഡൽ ടൂറിസം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ദളിത് ആദിവാസി സംരക്ഷണ സമിതിയുടേയും ബി പി ജെ എസിന്റേയും നേതൃത്വത്തിലായിരുന്നു മാർച്ച്. 20 ദിവസത്തിനുള്ളിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം.

( പ്രതിഷേധ മാർച്ചിൽ നിന്ന് )
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനി. കെ എസ് ഇ ബിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹൈഡൽ ടൂറിസം പദ്ധതിയിൽ തുടക്കത്തിൽ ഇവിടെ നിന്നുള്ള രണ്ട് ആദിവാസി സ്ത്രീകൾക്ക് ജോലി നൽകിയിരുന്നു. എന്നാൽ ജോലിക്ക് സ്ഥിരമായി വരുന്നില്ലായെന്ന കാരണത്താൽ പല സമയങ്ങളിലായി രണ്ട് സ്ത്രീകളേയും ഇവിടെ നിന്ന് പരിച്ചുവിട്ടു. ഇതിന് പിന്നാലെ കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് സ്ത്രീകളെ പദ്ധതിയിൽ ജോലിക്ക് നിയമിച്ചിരുന്നു. ഇപ്പോൾ അതിലാരൊളായ ശാരദ എന്ന സ്ത്രീയെ ജോലിയിൽ നിന്നും അകാരണമായി പിരിച്ചു വിടുകയും മറ്റൊരു സ്ത്രീയെ നിയമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാൽ കൃത്യമായി ജോലിക്ക് വരാത്തതിനാലാണ് സ്ത്രീകളെ പിരിച്ചുവിട്ടതെന്നാണ് ഹൈഡൽ വകുപ്പിന്റെ വാദം.
അതേസമയം ശാരദ ഉൾപ്പെടെയുള്ള ആദിവാസി സ്ത്രീകളെ ജോലിയിൽ നിന്നും പിരിച്ച് വിടാനുള്ള ഉദ്ദേശത്തോടെ അവർക്ക് അറ്റൻഡൻസ് രജിസ്റ്റർ ബുക്കിൽ ഒപ്പിടാൻ അവസരം നൽകിയില്ലെന്ന് സാമൂഹിക പ്രവർത്തകൻ അഡ്വ എസ് സുമിൻ ആരോപിച്ചു. ജോലിക്ക് കയറുമ്പോൾ ഒപ്പിടണമെന്ന കാര്യം പോലും അറിയാത്ത ആദിവാസി വിഭാഗത്തിലുള്ളവരുടെ അജ്ഞതയെയാണ് ഹൈഡൽ ടൂറിസ നടത്തിപ്പുക്കാർ മുതലാക്കിയത്. ഇവർക്ക് ബദലായി ഇപ്പോൾ സ്വന്തക്കാരെയാണ് ഉദ്യോഗസ്ഥർ ജോലിക്ക് കയറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹൈഡൽ ടൂറിസത്തിൽ താത്കാലിക ജീവനക്കാരെ മുഴുവൻ സ്ഥിരപ്പെടുത്തുകയും കൊറോണ കാലത്ത് ടൂറിസം സെന്റർ അടച്ചിട്ട കാലയളവിൽ പോലും ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തപ്പോൾ ശാരദയ്ക്ക് മാത്രം ശമ്പളം നൽകിയില്ലെന്നും ഇപ്പോൾ ജോലി ഉൾപ്പെടെ ഇല്ലാതാക്കിയിരിക്കുകയാണെന്നും സുമിൻ പറയുന്നു.
Recommended Video
ഓരോ സമയങ്ങളിലായി പുറത്താക്കി ആദിവാസി വിഭാഗത്തിൽപ്പെടുന്ന ഒരാൾക്ക് പോലും നിലവിൽ ഹൈഡൽ ടൂറിസത്തിൽ തൊഴിലില്ല. പി എഫ് അടക്കം അടച്ചു പോന്നിരുന്ന ശാരദയെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. 20 ദിവസത്തിനുള്ളിൽ സ്ത്രീകളെ ജോലിക്ക് തിരികെ എടുത്തില്ലേങ്കിൽ കോളനിയിലെ മുഴുവൻ പേരേയും ഇറക്കി ഹൈഡൽ ടൂറിസം അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്നും സുമിൻ പറഞ്ഞു. തിരിച്ച് പറയാനോ അവകാശങ്ങൾ ചോദിക്കാനോ അറിയാത്ത ആദിവാസി സമൂഹത്തെ ചൂക്ഷണം ചെയ്യുന്ന രീതി ഇനിയെങ്കിലും ഉദ്യോഗസർ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഊരുമൂപ്പൻ ബിജു, അഡ്വക്കേറ്റ് സുമിൻ എസ് നെടുങ്ങാടൻ, ശശി നെടിയാരന്തിങ്കൽ, കെ ജി പ്രകാശ്, സി എം നാരയണൻ , നാരയണൻ നെല്ലിക്ക മീത്തൽ , എ വി രവി , മധു നടുത്തൊട്ടി, ജോൺസൺ കക്കയം, സന്ദീപ് കളപ്പുരക്കൽ, ഗോപാലൻ മണ്ടോപാറ, സരീഷ് വി എച്ച്, നിസാം കക്കയം, ജിം മാത്യു, ജുവിൻ ദേവസ്യ, തോമസ് വെളിയംകുളം, റിജാസ് റഹ്മാൻ , ഹാരിസ് കൂരാച്ചുണ്ട് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട ആദിവാസി സ്ത്രീകളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു.












Click it and Unblock the Notifications