കടുത്ത പനി; ചികിത്സ തേടിയത് 3 ആശുപത്രിയില്‍, സമ്പര്‍ക്ക പട്ടികയില്‍ 17,ആര്‍ക്കും ലക്ഷണങ്ങളില്ല
കോഴിക്കോട്: നിപ്പ ബാധ സംശയിച്ച് ചികിത്സയിലിരിക്കെ മരിച്ച കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രാത്രി വൈകിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാന ആരോഗ്യ വകുപ്പിന് ലഭിച്ചതെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്ഥിരീകരണം ലഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ആരോഗ്യ വകുപ്പ് വകുപ്പ് തല യോഗം ചേര്‍ന്നിരുന്നു.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു കുട്ടിക്ക് വൈറസ് ബാധ സംശയിച്ചത്. കടുത്ത ഛര്‍ദ്ദിയും മസ്തിഷ്ക ജ്വരവും തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ സാമ്പിളുകള്‍ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

പരിശോധനയ്ക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തര യോഗം രാത്രിയോടെ തന്നെ ചേര്‍ന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കളക്ടര്‍ ഉള്‍പ്പടേയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ അടിയന്തര ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗ ബാധ സ്ഥിരീകരിക്കുമ്പോള്‍ തന്നെ കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തില്‍ തന്നെ കൃത്യമായ ടീമുകള്‍ ഫോം ചെയ്തിട്ടുണ്ട്. രോഗ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രാഥമികമായ എല്ലാ സമ്പര്‍ക്കങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

അവരെ ഐസൊലേഷനിലേക്ക് മാറ്റും. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പടെ ചികിത്സാ ക്രമീകരണങ്ങള്‍ നടത്തുന്നതിന്‍റെ ആലോചനകളും പൂര്‍ത്തിയായിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കുന്നു. കോഴിക്കോട് എത്തി യോഗം ചേര്‍ന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ഇതുവരെ മറ്റുള്ളവര്‍ക്കൊന്നും ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. 17 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5 പേർ അടുത്ത ബന്ധുക്കളാണ്.

ആശുപത്രിയില്‍ നിന്നുള്‍പ്പടേയുള്ള സമ്പര്‍ക്കങ്ങളാണ് തിരിച്ചറിഞ്ഞത്. ഉറവിടം എന്താണെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കൂടി ഈ ഒരു അവസരത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പനിബാധിച്ച കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടർന്ന കുട്ടിയെ പിന്നിട് ഒന്നാം തിയത് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 104 ഡിഗ്രി സെല്‍ഷ്യല്‍ പനിയോടെയായിരുന്നു ഇവിടെ എത്തിച്ചത്. പിന്നാലെ കുട്ടിക്ക് അപസ്മാരം, ഛർദ്ദി അനുഭവപ്പെട്ടു. അബോധവസ്ഥയിലായിരുന്ന കുട്ടി വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു.

ഇതിനിടയിൽ സംശയം തോന്നിയ ഡോക്ടർ സാംബിൾ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക റിപ്പോർട്ടിൽ നിപ്പയെന്ന് സംശയം. മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആയതായും വൈറസ് ബാധ സ്ഥിരീകരിച്ചായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് രാവിലെ എട്ട് മണിയോടെ സ്ഥിരീകരിച്ചു. ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചെ 4.45 ന് കുട്ടി മരിക്കുകയും ചെയ്തിരുന്നു. സംസ്കാരം പ്രോട്ടോക്കോളുകള്‍ പാലിച്ച് കോഴിക്കോട് കണ്ണംപറമ്പ് മസ്ജിദ് ശ്മശാനത്തില്‍ നടക്കും.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 മെയിലാണ് കോഴിക്കോട് ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയത്. പേരാമ്പ്രയിലെ ചങ്ങരോത്ത് ആയിരുന്നു ആദ്യത്തെ കേസ്. 17 പേരായിരുന്നു അന്ന് വൈറസ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപാ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽ നിന്നാണെന്നു കേരളസർക്കാരിന്റെ അവസാന പഠനം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications