കോഴിക്കോട് പോർട്ട് ബംഗ്ലാവിന് പുതുജീവന്‍: 75 കോടി മുടക്കും, നിരവധി തൊഴില്‍ അവസരങ്ങളും
കോഴിക്കോട് പോർട്ട് ബംഗ്ലാവിന് പുതുജീവനേകാനുള്ള പദ്ധതിയുമായി കോർപ്പറേഷന്‍. 1890 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പോർട്ട് ബംഗ്ലാവ് സ്വകാര്യ നിക്ഷേപം ആകർഷിച്ചു വികസിപ്പിച്ച്, തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാക്കി മാറ്റണമെന്ന ബോർഡിന്റെ നിർദ്ദേശം കോർപ്പറേഷൻ കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രിതല യോഗത്തിൽ മേയർ ബീന ഫിലിപ്പ് അറിയിച്ചു. നിലവില്‍ സംസ്ഥാ മാരിടൈം ബോർഡിന്റെ അധീനതയിലാണ് ബംഗ്ലാവ്.
മാരിടൈം ബോർഡിന്റെ കീഴിലുള്ള കോഴിക്കോട്ടെ സ്ഥലങ്ങളിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം മേയർ അറിയിച്ചത്.

നിലവിൽ ജീർണിച്ച അവസ്ഥയിലുള്ള പോർട്ട് ബംഗ്ലാവ് നവീകരണത്തിനായി 12 സ്വകാര്യ നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും 75 കോടി രൂപ നിക്ഷേപമിറക്കി ബംഗ്ലാവ് വ്യാപാരടിസ്ഥാനത്തിൽ വികസിപ്പിച്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തിൽ കോർപ്പറേഷൻ സഹകരിക്കണമെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു. ഈ വിഷയത്തിൽ കോർപ്പറേഷൻ കൗൺസിൽ ചേരേണ്ടതിനാൽ സമയം അനുവദിക്കണമെന്ന് മന്ത്രി വാസവൻ അഭിപ്രായപ്പെട്ടു.
കോഴിക്കോട് അതിപുരാതനമായ പൈതൃകനഗരം ആണെന്നും പോർട്ട് ബംഗ്ലാവ് പൈതൃക നഗരത്തിലെ പ്രധാന കെട്ടിടമാണെന്നും മേയർ ചൂണ്ടിക്കാട്ടി. കോർപ്പറേഷൻ നടത്തിപ്പോരുന്ന കുട്ടികൾക്കായുള്ള ലയൺസ് പാർക്ക് കോർപ്പറേഷന് താൽപര്യമില്ലെങ്കിൽ ബോർഡിന് വിട്ടു തരാമെന്നും അവിടെ മറ്റു പദ്ധതികൾ നടപ്പാക്കുമെന്നും ബോർഡ് നിർദേശിച്ചു. എന്നാൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി വികസന പദ്ധതികളാണ് കുട്ടികളുടെ പാർക്കിൽ നടപ്പാക്കുന്നതെന്നും പ്രവൃത്തിയ്ക്കുള്ള ഭരണാനുമതി ഉടൻ ലഭിക്കുമെന്നും
ഡെപ്യൂട്ടി മേയർ സി പി മുസാഫിർ ധരിപ്പിച്ചു. ലയൺസ് പാർക്ക് കുട്ടികളുടെ പാർക്ക് ആയി തന്നെ നില നിർത്താനാണ് കോർപ്പറേഷൻ തീരുമാനം.
ചാലിയത്ത് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ 'നിർദ്ദേശ്' പദ്ധതിക്കായി കൈമാറിയ 41.5 ഏക്കർ ഭൂമി വെറുതെ കിടക്കുന്ന അവസ്ഥയിൽ സംസ്ഥാന റവന്യൂ വകുപ്പ് ഇടപെട്ട് ഭൂമി തിരിച്ചുവന്നാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഓയിൽ സ്റ്റോറേജിനായി ഉപയോഗിക്കാമെന്നും ബോർഡ് ചെയർമാൻ പറഞ്ഞു. ഈ വിഷയത്തിൽ റവന്യൂ വകുപ്പിന് ഒരു കത്ത് കൂടി എഴുതാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു.
ബോർഡിന്റെ പല സ്ഥലങ്ങളിലും ഡിടിപിസി പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിൽ ലാഭവിഹിതം പങ്കുവെക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ബോർഡ് സെക്രട്ടറിയും ടൂറിസം ഡയറക്ടറും ഉൾപ്പെട്ട കമ്മിറ്റി രൂപീകരിക്കാൻ മന്ത്രി റിയാസ് നിർദേശിച്ചു. ഈ കമ്മിറ്റി വിഷയം പരിശോധിച്ച് ഡിസംബറിൽ തന്നെ റിപ്പോർട്ട് നൽകണം. ബോർഡിന്റെ അധീനതയിലുള്ള വെള്ളയിലെ രണ്ടര ഏക്കർ ഭൂമി കാർ പാർക്കിംഗ് ആയി മാറ്റാനുള്ള പദ്ധതി, കോന്നാട്ടെ ലോറി പാർക്കിംഗ് ഭൂമി എന്നീ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.












Click it and Unblock the Notifications