ഭാര്യയെ കണ്ണിറുക്കിയത് ചോദ്യം ചെയ്തു; ദമ്പതികള്‍ക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം, സംഭവം കോഴിക്കോട്ട്
കോഴിക്കോട്: രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവദമ്പതികള്‍ക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. കോഴിക്കോട് നഗര പരിധിയില്‍ ഞായറാഴ്ച രാത്രി ആണ് സംഭവം. ഇരിങ്ങാടന്‍ പള്ളി സ്വദേശികളാണ് അശ്വിനും ഭാര്യയ്ക്കും നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ അഞ്ചംഗ സംഘം അപമര്യാദയായി പെരുമാറിയത്. ദമ്പതികളെ ക്രിസ്ത്യന്‍ കോളെജ് ജംഗ്ഷനില്‍ വെച്ചാണ് സംഘം ആക്രമിച്ചത്.
ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനം എന്നാണ് അശ്വിന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. അശ്വിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ഇന്നലെ സിനിമ കണ്ട് കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ വേണ്ടി ടൗണിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് അഞ്ച് പയ്യന്‍മാര്‍ രണ്ട് ബൈക്കുകളിലായിട്ട് വന്നു. ഇവര്‍ പാട്ട് പാടിയാണ് വന്നത്. അതിലൊരുത്തന്‍ ഭാര്യയെ നോക്കി കണ്ണിറുക്കി.

അത് ഞാന്‍ ചോദ്യം ചെയ്തു. അത് ചോദ്യം ചെയ്തപ്പോള്‍ അതില്‍ നടുവിലിരുന്ന പയ്യന്‍ വന്നിട്ട് എന്നെ വന്ന് തല്ലി. ഭയങ്കര മോശമായിട്ടുള്ള വാക്കുകള്‍ ഉപയോഗിച്ചു. മഴ പെയ്യുന്നതിനാല്‍ വീഡിയോ ഒന്നും എടുക്കാന്‍ പറ്റിയില്ല. അവിടെ ക്യാമറ ഉണ്ടെങ്കില്‍ മനസിലാകും. തല്ലുന്നതൊക്കെ കറക്ടായിട്ട് കിട്ടും. പരാതി കൊടുത്തിട്ടുണ്ട്. ഇതുവരെ ആരും വിളിച്ചിട്ടൊന്നുമില്ല. അക്രമികളെ മുന്‍പ് കണ്ടിട്ടില്ല.
വണ്ടിയുടെ നമ്പര്‍ വെച്ചിട്ട് പരാതി കൊടുത്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ഉള്ള ആക്രമണമായിരുന്നു. ഹെല്‍മറ്റ് ഇട്ടത് കൊണ്ട് അടി നേരെ കൊണ്ടില്ല. എല്ലാവരും യുവാക്കളാണ്. ഒരാള്‍ മാത്രമെ തല്ലാന്‍ വന്നിട്ടുള്ളൂ. ബാക്കിയുള്ളവര്‍ അവനെ പിടിച്ചുവെക്കുകയായിരുന്നു. എന്തിനാണ് അടിച്ചത് എന്ന് അറിയില്ല. കുടുംബവുമായി പുറത്തേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയമില്ല.
വണ്ടിയുടെ ആര്‍സി ഓണറെ പൊലീസ് ഇന്നലെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിട്ടില്ല എന്നും അശ്വിന്‍ പറയുന്നു. നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും അശ്വിന്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ പൊലീസ് ബന്ധപ്പെട്ടിരുന്നു എന്നും അശ്വിന്‍ പറഞ്ഞു.












Click it and Unblock the Notifications