'10000 രൂപ വാഗ്ധാനം ചെയ്ത് കാറില്‍ കയറ്റി, 17 പവന്‍ സ്വർണാഭരണം': സൈനബ കൊലപാതകത്തിലെ ചുരുളഴിയുന്നു
കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ സൈനബയെന്ന സ്ത്രീ കൊല്ലപ്പെട്ടതായി വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനായ സൈനബ കൊല്ലപ്പെട്ടുവെന്നാണ് സൂചന. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ മലപ്പുറം സ്വദേശിയായ സമദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സൈനബയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു.
സൈനബയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് കസബ പൊലീസ് സമദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സൈനബയുടെ കയ്യില്‍ പതിനേഴ് പവനോളം സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഡല്ലൂരിലെത്തി പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയും ചെയ്തു. അഴുകിയ നിലയിലാണ് മൃതദേഹം. ഇത് സൈനബയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. സ്ഥിരമായ 17 പവന്‍ സ്വർണാഭരണങ്ങള്‍ ധരിക്കുന്ന വ്യക്തിയായിരുന്നു സൈനബ. ഇത് തട്ടിയെടുക്കുന്നതിനായി കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകത്തില്‍ ഒരു സുഹൃത്തിന്റെ സഹായവും സമദിന് ലഭിച്ചിട്ടുണ്ട്.
ഈ മാസം ഏഴിന് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്. ഭർത്താവ് ജയിംസിന്റെ പരാതിയില്‍ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈനബയെ കോഴിക്കോടു പുതിയ ബസ് സ്റ്റാൻഡിന് അടുത്തുനിന്നും സുലൈമാന്‍ എന്ന സുഹൃത്തിന്റെ സഹായത്തോടെ കാറില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് പ്രതി തന്നെ സമ്മതിക്കുന്നത്.
വൈകീട്ട് അഞ്ചരയോടെ മുക്കത്ത് വെച്ച് സുലൈമാനുമായി ചേർന്ന് സൈനബയെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. തുടർന്ന് സൈനബ ധരിച്ച സ്വർണാഭരണങ്ങള്‍ എടുത്ത ശേഷം മൃതദേഹം നാടുകാണി ചുരത്തില്‍ ഉപേക്ഷിച്ചെന്നും സമദ് പൊലീസിനോട് സമ്മതിച്ചു.
അതേസമയം, സൈനബയെ വർഷങ്ങളായി പരിചയമുണ്ടെന്നും മുൻപ് സൈനബയുമായി പലതവണ പണം നൽകി ബന്ധപ്പെട്ടിട്ടുണ്ടെന്നും സമദ് മൊഴി നല്‍കിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സൈനബ സ്വർണാഭരണങ്ങൾ ധരിച്ചാണ് എപ്പോഴും നടക്കുന്നതെന്ന് അറിയാം. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗൂഡല്ലൂർ സ്വദേശിയായ സുഹൃത്ത് സുലൈമാനെ വിളിച്ച് വരുത്തിയത്.
'ഏഴാം തിയതി കോഴിക്കോട് ബസ്റ്റാന്‍ഡ് പരിസരത്ത് എത്തിയതിന് ശേഷം സൈനബയെ ഫോണിൽ വിളിച്ച് താനൂരിൽ സുഖമില്ലാതെ വീട്ടിൽ കിടക്കുന്ന ഒരാളുടെ കൂടെ ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരുമെന്നും പറഞ്ഞു.പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓവർ ബ്രിജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറിൽ കയറ്റി.തുടർന്ന് ഞങ്ങൾ കാറിൽ എന്റെ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി.
വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് അവിടെവച്ച് സൈനബയുമായി ബന്ധത്തിലേർപ്പെടാമെന്നു വിചാരിച്ചു. എന്നാൽ, വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടപ്പോൾ ഞാൻ സുലൈമാനോടു വണ്ടി മുന്നോട്ടു നീക്കി നിർത്താൻ ആവശ്യപ്പെട്ടു. പോയി നോക്കിയപ്പോൾ ഭാര്യയും മകളും വീട്ടിൽ തിരിച്ചെത്തിയിരുന്നു. അസുഖബാധിതനായ ആളുടെ വീട്ടിൽ ഇപ്പോൾ പോകാൻ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും തിരിച്ച് പോകാമെന്നും പറഞ്ഞു. കാറോടിച്ച് അരീക്കോടു വഴി വരുമ്പോൾ വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുൻപ് സൈനബ ധരിച്ചിരുന്ന ഷാൾ ഞാൻ കഴുത്തിൽ മുറുക്കി' എന്നാണ് എഫ് ഐ ആർ പ്രകാരമുള്ള സമദിന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍.












Click it and Unblock the Notifications