രണ്ടു വർഷത്തിനുള്ളിൽ രണ്ട് ലക്ഷം പേർക്ക് വീട് ലഭ്യമാക്കലാണ് സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ
കോഴിക്കോട്: പാവപ്പെട്ട ആളുകളുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരം കാണാൻ രൂപീകരിച്ച ലൈഫ് പദ്ധതിയിൽ മൂന്നര ലക്ഷത്തിലധികം ആളുകൾക്ക് വാസയോഗ്യമായ് വീട് നിർമിച്ചു നൽകിയതായി പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമം- ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് നഗരസഭ ഭൂരഹിത ഭവന രഹിതർക്കായി 'കോഴിക്കോടിന്റെ സ്നേഹക്കൂട്' പദ്ധതിയിൽ ഉൾപ്പെടുത്തി പണിത ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വരുന്ന രണ്ടു വർഷത്തിനുള്ളിൽ രണ്ട് ലക്ഷം പേർക്കെങ്കിലും വീട് നിർമ്മിച്ചു നൽകാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുഴുവനാളുകൾക്കും വീട് നിർമ്മിച്ച നൽകുക എന്നത് പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഈ കാര്യത്തിൽ സമൂഹമാകെ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ട ആളുകൾക്ക് വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും പാർപ്പിടവും ഭൂമിയും നൽകിക്കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിയെടുക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ഇതിന് സമൂഹത്തിന്റെ ആകെ പിന്തുണ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. 2021 മുതല്‍ അതിദരിദ്രരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 2024 ഓടെ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

കോർപ്പറേഷന്റെ സ്നേഹക്കൂട് എന്ന മുദ്രാവാക്യം വീടുകളിൽ മാത്രമല്ല നമ്മുടെ മനസ്സുകളിലും ഉണ്ടാവണം. ഇങ്ങനെ ഒരു പേര് നടപ്പിലാക്കാൻ ഉദ്ദേശിച്ച കോർപ്പറേഷനെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. വീടുകൾ നല്ല രീതിയിൽ പരിപാലിപ്പിക്കണമെന്നും മാലിന്യ പരിപാലനം നല്ല രീതിയിൽ നടക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
മൂഴിക്കൽ വള്ളിയേക്കാട് 16 പട്ടികജാതി കുടുംബങ്ങൾക്കായാണ് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത്. 2.20 കോടി രൂപയാണ് പദ്ധതി ചെലവ്. രണ്ട് കിടപ്പു മുറികളും ഒരു അടുക്കളയും ഒരു ഹാളും ഉൾപ്പെടുന്നതാണ് ഫ്ലാറ്റുകൾ.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി. കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് എ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷൻ പി സി രാജൻ, കൗൺസിലർ എം പി ഹമീദ്, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർ ബാബുരാജ് എം.എൻ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications