പേ പിടിച്ച നായയെ വെടിവെച്ചു കൊന്നു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ വിമർശനവുമായി മൃഗസ്നേഹികള്‍
പേരാമ്പ്ര: പേപിടിച്ച നായയെ വെടിവെച്ചുകൊല്ലാന്‍ നിർദ്ദേശം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെ മൃഗസ്നേഹികളുടെ വിമർശനം. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന് നേരെയാണ് മൃഗസ്നേഹികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചക്കിട്ടപാറ നരിനട ഭാഗത്ത് പരാക്രമം നടത്തുകയും പശുവിനെ കടിച്ച നായയെയായിരുന്നു കഴിഞ്ഞയാഴ്ച പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം തോക്ക് ലൈസന്‍സുള്ളയാള്‍ വെടിവെച്ചുകൊന്നത്.
ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറാലായി പുതിയ ചിത്രങ്ങള്‍
ഇതിനെതിരേ പോലീസിലുള്‍പ്പടെ പരാതിയുമായി മൃഗസ്‌നേഹികളുടെ സംഘടന രംഗത്തുകയായിരുന്നു. ഇതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത് എത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. വീട്ടില്‍ വളര്‍ത്തുന്ന ജാക്ക്, ജൂലി എന്നീ നായകളുടെ ഫോട്ടോ സഹിതമാണ് പ്രസിഡന്റിന്റെ ഫേസ്ബുക്ക് കുറിപ്പ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സോഷ്യൽ മീഡിയയിൽ ഉള്ള മൃഗ സ്നേഹം അല്ല ഇത്...
വീട്ടിൽ ഒരംഗത്തെ പോലെ, ഇവിടെ വരുന്ന ഓരോ മനുഷ്യരോടും സ്നേഹത്തോടെ പെരുമാറുന്ന ഞങ്ങളുടെ ജാക്കും ജൂലിയും. വളരെ കുഞ്ഞായിരുന്നപ്പോൾ മക്കൾ എവിടെ നിന്നോ കൊണ്ട് വന്നവർ ആണ് ജാക്കും ജൂലിയും. അന്ന് മുതൽ വീട്ടിലെ അംഗങ്ങൾ ആണ്.! ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വീട്ടിൽ വരുന്ന അനേകം ജനങ്ങളോടും സ്നേഹം മാത്രം പ്രകടിപ്പിച്ച് അവർ ഇരിക്കുന്നത്, ഈ വീട്ടിൽ അവർക്ക് കിട്ടുന്ന സ്നേഹം കൊണ്ട് മാത്രം ആണ്.

വീട്ടിലെ സ്ഥിരം സന്ദർശകനായ രവിയേട്ടൻ മരിച്ച ദിവസം ഈ നാട് മുഴുവൻ അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തി ചേർന്നു. എങ്ങനെ വിശദീകരിക്കണം എന്ന് അറിയില്ല , എങ്കിലും ഇവർ രണ്ടു പേരും , 'ജാക്കും ജൂലിയും ' അന്ന് ഏകദേശം 700 മീറ്റർ അകലെ ഉള്ള രവിയേട്ടൻ്റെ വീടിനുടുത്തേക്ക് വന്നതും കുറെ സമയം അവിടെ ചുറ്റി തിരിഞ്ഞതും ഇവർക്ക് മനുഷ്യരോടും ഇവരോട് ഞങ്ങളും കാണിക്കുന്ന സ്നേഹത്തിൻ്റെ അടയാളം ആണ്.
പേ പിടിച്ച ഒരു തെരുവ് നായയെ, നാടിൻ്റെ സുരക്ഷ മുൻനിർത്തി നിയമപരമായ വഴിയിൽ കൊല്ലേണ്ടി വന്ന വിഷയത്തിൻ്റെ അടിസ്ഥാനത്തിൽ ഞാനും എൻ്റെ കുടുംബവും നേരിടേണ്ടി വന്നത് അതിഭീകരമായ സോഷ്യൽ മീഡിയ അറ്റാക്ക് ആയിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ നാടിൻ്റെയും നാട്ടുകാരുടെയും സുരക്ഷയ്ക്ക് മാത്രമേ മുൻതൂക്കം നൽകാൻ കഴിയൂ എന്ന ഉറച്ച തീരുമാനം ആണ് ഇത്രയും നാൾ പൊതുപ്രവർത്തനം നടത്താൻ കഴിഞ്ഞതും എൻ്റെ നാട്ടുകാർ അത് അംഗീകരിക്കുന്നതും.
നിയമ നടപടികളോ കോടതി വ്യവഹാരങ്ങളോ ജയിലിൽ പോകേണ്ട അവസ്ഥയോ , എന്ത് തന്നെയായാലും ഇത്തരം അടിയന്തര സാഹചര്യങ്ങളെ ഇങ്ങനെ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ. കുടുംബപരമായി തലമുറകളായി മൃഗങ്ങളെ പരിപാലിച്ചു ജീവിച്ചു പോരുന്ന ഒരു കുടുംബത്തിലെ അംഗം എന്ന നിലയിൽ സോഷ്യൽ മീഡിയയിലെ മൃഗ സ്നേഹികളുടെ ഉപദേശമോ ഭീഷണിക്കോ ഒരു നയാപൈസയുടെ വിലപോലും നൽകാൻ താൽപ്പര്യം ഇല്ല.
അപ്പോ,
ഫേസ്ബുക്ക് മൃഗസ്നേഹികൾ അവരുടെ ജോലി തുടരട്ടെ..
എൻ്റെ നാടിന് വേണ്ടി എനിക്ക് ചെയ്യാൻ ഉള്ളത് ഞാനും ചെയ്യട്ടെ...












Click it and Unblock the Notifications