കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ, പിന്നാലെ ഷിഗല്ല; നാല് വയസുകാരൻ ഐസിയുവിൽ
കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിക്കളവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസ്സുള്ള കുട്ടി കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിൽ തുടരുകയാണ്.
നാലുവയസുകാരനടക്കം കുടംബത്തിലെ നാല് കുട്ടികളായിരുന്നു പനിയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കുട്ടികൾ മഞ്ചേരിയിലെ ഒരു കടയിൽ നിന്നും കുഴി മന്ത്രിയും മയണൈസും കഴിച്ചത്. തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടികൾ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

മറ്റ് കുട്ടികളുടെ അസുഖം ഭേദമായെങ്കിലും നാല് വയസുകാരന് രോഗം ഭേദമായിരുന്നില്ല. ഇതിനിടെ പനിയും വയറിളക്കവും കടുത്തതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
എന്താണ് ഷിഗല്ല
കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ലോസിസ്. ഷിഗല്ല വിഭാഗത്തിൽ പെടുന്ന ബാക്റ്റീരിയകൾ ആണ് ഷിഗല്ലോസിസ് രോഗബാധയ്ക്ക് കാരണം. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.
ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിർജലീകരണം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.
ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. സാധാരണഗതിയിൽ ചികിത്സയില്ലാതെ തന്നെ രോഗം ഭേദമാകാറുണ്ട്. ORS, IV ഫ്ലൂയിഡ്, പാരസെറ്റമോൾ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നൽകുന്നത്.












Click it and Unblock the Notifications