വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി. ഇന്നലെയും ഇന്ന് രാവിലെയുമായി രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് നാല് പെണ്‍കുട്ടികളെയും കണ്ടെത്തിയത്. മലപ്പുറം എടക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എടക്കര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഉടന്‍ കോഴിക്കോട്ടേക്ക് എത്തിക്കും
ബെംഗളുരുവിലെ മടിവാളയില്‍ നിന്നായിരുന്നു ആദ്യത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ പെണ്‍കുട്ടികളെ ഹോട്ടല്‍ അധികൃതര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് രണ്ടാമത്തെ കുട്ടിയെ കണ്ടെത്തുന്നത്. മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടൊണ് ഈ കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യബസില്‍ നാട്ടിലേക്കു വരുമ്പോള്‍ മണ്ഡ്യയില്‍ വച്ചാണ് പെണ്‍കുട്ടിയെ പിടികൂടുന്നത്.

ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അമ്മയുടെ നമ്പര്‍ പെണ്‍കുട്ടി നല്‍കിയതാണ് വഴിത്തിരിവായത്. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ അമ്മ ഫോണെടുത്ത് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം, ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നൂറ് രൂപ പോലും പെണ്‍കുട്ടികളുടെ കയ്യില്‍ ഇല്ലായിരുന്നു എന്നും എന്നാല്‍ ഇവര്‍ക്ക് കേരളം വിടാന്‍ എവിടെ നിന്ന് സഹായം ലഭിച്ചെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരുവിലേക്ക് കടക്കാന്‍ പണം നല്‍കി സഹായിച്ചത് സുഹൃത്തുക്കളാണെന്നാണ് സൂചന.

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക്കളായ യുവാക്കള്‍ പണം ഗൂഗിള്‍ പേ വഴി കൈമാറിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലണ് എത്തിയത്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നും 500 രൂപ വാങ്ങി. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 500 രൂപ തിരികെ അയച്ചു നല്‍കുകയായിരുന്നു. ഇങ്ങനെയാണ് ബസ് യാത്രക്കുള്ള പണം കണ്ടെത്തിയത്. ഇവിടെ നിന്നും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെത്തിയ ഇവര്‍ പാലക്കാടേക്ക് യാത്രതിരിക്കുകയായിരുന്നു. എന്നാല്‍ ആറുപേര്‍ക്ക് പാലക്കാട്ടേക്ക് പോകാന്‍ 500 രൂപ തികയാത്തതിനാല്‍ കണ്ടക്ടറില്‍ നിന്നും 2000 രൂപ വാങ്ങി, അത് സുഹൃത്ത് വഴി വീണ്ടും ഗുഗിള്‍ പേയിലൂടെ തിരികെ നല്‍കി.

ബസ് ടിക്കറ്റ് എടുത്ത ബാക്കി തുക കൊണ്ട് ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികള്‍ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയതോടെ ടി ടി ആര്‍ വഴിയില്‍ ഇറക്കി വിട്ടു. മറ്റൊരു ട്രെയിനില്‍ കയറിയാണ് ഇവര്‍ മടിവാളയിലെത്തിയത്. മടിവാളെയിലെത്തി റൂം എടുക്കുന്നതിനായി ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചെങ്കിലും ഇവര്‍ നല്‍കിയില്ല. ഇതോടെ സംശയം തോന്നിയ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടികളില്‍ അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ ഒരാളെ ജീവനക്കാര്‍ പിടിച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ബുധനാഴ്ച വൈകീട്ടായിരുന്നു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോമിലെ റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു സംഭവം. ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം ഇവര്‍ അടുക്കള ഭാഗം വഴി കടന്നുകളയുകയായിരുന്നു. അടുക്കള ക്കെട്ടിടത്തിന് മുകളില്‍ കോണിവെച്ചാണ് താഴേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.












Click it and Unblock the Notifications