റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്ന് ലീഗ് നേതാവ്: ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അധിക്ഷേപം
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനും ലൈംഗിക ന്യുനപക്ഷങ്ങള്‍ക്കുമെതിരെ അധിക്ഷേപ പരാമർശങ്ങളമായി മുസ്ലിം ലീഗ് നേതാവ്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം വിളിച്ച് പറയാന്‍ തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസ്-വീണാ വിജയന്‍ വിവാഹ ബന്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പരാമർശം.

'മുന്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ... ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിന(വ്യഭിചാരം)യാണ്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,'- എന്നായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വാക്കുകള്‍.

സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഈ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലും അവരത് പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. രാജ്യത്ത് ലൈംഗിക അരാജകത്വം ഉണ്ടാക്കാനുള്ള 'വിഡ്ഢിത്തം' ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം നടത്തിയപ്പോള്‍ ആത്മാർത്ഥമായും ആഹ്ളാദപൂർവ്വവും അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി വൈ എഫ് ഐ അഖിലേന്ത്യാ കമ്മിറ്റിയാണെന്ന് അവരെ അനുകൂലിക്കുന്നവർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ആ പ്രസ്ഥാനത്തിന്റെ ധാർമ്മികതയെന്ന് ധർമ്മ ചിന്തയുള്ളവർ ചിന്തിക്കണം. ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ് (അമുസ്ലിം). തന്റെ കൊച്ചപ്പക്കും തന്നെ രക്ഷപ്പെടുത്താന്‍ സാധിക്കില്ല. അങ്ങനെ ചിന്തിച്ചാല്‍ പോലും കാഫിറാണ്. ഇതൊക്കെ മതത്തില്‍ നിന്നും പുറത്താവുന്ന കാര്യങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ വിശ്വാസവുമായി അകലുകയാണെന്നും മതം വിട്ട് പോവുകയാണെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച കെ എം ഷാജി അഭിപ്രായപ്പെട്ടത്. വഖഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥന്‍ ടികെ ഹംസയല്ല അള്ളാഹുവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

വഖഫില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ടി കെ ഹംസ സംഭാവന നല്‍കിയിട്ടുണ്ട്. അങ്ങനെ നല്‍കാന്‍ ടി.കെ. ഹംസക്ക് എന്താണ് അധികാരം. സംഭാവന നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അരിയും പഞ്ചസാരയും മറിച്ചുവിറ്റവര്‍ക്ക് അത് നല്‍കിയതാണ് പ്രശ്നം. വഖഫിന്റെ സ്വത്ത് വിനിയോഗിക്കുന്നതില്‍ നിബന്ധനകളുണ്ട്.- കെഎം ഷാജി പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി എസ്സി ക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത്. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്ലിം ജമാഅത്തും എംഇഎസും വിട്ടുനിന്നു. സമസ്ത ഇകെ വിഭാഗം യോഗത്തില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് പിന്നാലെ പ്രതിഷേധങ്ങളില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കുകയാണ്.












Click it and Unblock the Notifications