• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുറ്റ്യാടി ടൗണില്‍ സേവ് മുസ്ലിം ലീഗ് ഫോറത്തിന്റെ പോസ്റ്ററുകള്‍; ലീഗില്‍ പ്രതിസന്ധി... മൊയ്തുവിനെ തള്ളാനും കൊള്ളാനും കഴിയാതെ പ്രാദേശിക നേതൃത്വം!!

  • By Desk

കോഴിക്കോട്: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലത്തില്‍ പുതിയ പൊട്ടിത്തെറിയിലേക്ക്. ലീഗിന്റെ പ്രാദേശിക നേതാവ് വിപി മൊയ്തുവിനെതിരായ പാര്‍ട്ടി നടപടി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുമായുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് വഴിമാറുകയാണ്. മൊയ്തുവിനെ തള്ളാനും കൊള്ളാനും കഴിയാതെ കുഴങ്ങുകയാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം.

വയോധികയ്ക്ക് മരുന്നു മാറിനല്‍കി; മെഡിക്കല്‍ ഷോപ്പിനെതിരേ പരാതിയുമായി മകന്‍, സംഭവം തൃശൂരിൽ!

ഒന്നുകില്‍ പൂര്‍ണമായും പുറത്താക്കുക, അല്ലെങ്കില്‍ തിരിച്ചെടുക്കുക എന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത് വടയം സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് പാര്‍ട്ടിയിലെ ഭിന്നത മറനീക്കുന്നതായി. ഇതിനു പിന്നാലെ കുറ്റ്യാടിയിലും പരിസരത്തും നേതൃത്വത്തിനെതിരെ സേവ് ഐയുഎംഎല്‍ ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ നിരന്നു. അതേസമയം, സസ്‌പെന്‍ഷനിലായ വ്യക്തിയുടെ പാര്‍ട്ടിയില്‍ തിരിച്ചുകയറാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇതെന്നും ആദ്യം അദ്ദേഹം സംഘടനാ മര്യാദകള്‍ പഠിക്കട്ടെയെന്നും മറുവിഭാഗവും പറയുന്നു.

കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ സീറ്റ് വിഭജനത്തില്‍വന്ന തര്‍ക്കങ്ങളാണ് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മൊയ്തുവിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. മൂന്നാം വാര്‍ഡിനുവേണ്ടി കോണ്‍ഗ്രസും ലീഗും അവകാശവാദം ഉന്നയിക്കുകയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി. അമ്മത് മാസ്റ്റര്‍ കോണ്‍ഗ്രസിന് വഴിപ്പെടുകയാണ് എന്നാരോപിച്ച് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇത് അമ്മത് മാസ്റ്ററെ കൈകാര്യം ചെയ്യുന്നതില്‍ എത്തി.

ഇതെത്തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതൃത്വം മൊയ്തുവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഉള്‍പ്പെടെ പൂര്‍ത്തിയായിരുന്നതിനാല്‍ മൊയ്തു ലീഗ് ബാനറില്‍ത്തന്നെ ജയിച്ചു കയറി. സസ്‌പെന്‍ഷന്‍ തുടരുകയും ചെയ്തു. ഗ്രാമപഞ്ചായത്തില്‍ ഒന്നാകെ ലീഗ്-കോണ്‍ഗ്രസ് ബന്ധം വഷളാവുന്നതിന് സംഭവങ്ങള്‍ കാരണമായി.

അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗുകാര്‍ വിമതനു പിന്തുണ നല്‍കിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. പാറക്കല്‍ അബ്ദുല്ലയുടെ മുന്നില്‍ കോണ്‍ഗ്രസ് ഈ വിഷയം കാര്യമായി ഉന്നയിച്ചു. ഇതോടെ അദ്ദേഹം നിലപാട് കര്‍ശനമാക്കി. ഇതിനിടയില്‍ പാര്‍ട്ടിയില്‍ തിരികെക്കയറാന്‍ മൊയ്തുവിന്റെ ഭാഗത്തുനിന്ന് പല ദിശയില്‍ ശ്രമങ്ങളുണ്ടായി. ഒരു തവണ ജില്ലാ നേതൃത്വം അംഗത്വം നല്‍കി.

എന്നാല്‍, പാറക്കല്‍ അബ്ദുല്ല എംഎല്‍എയും ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററും ഇടപെട്ട് അംഗത്വം പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഏറ്റവുമൊടുവില്‍ ലീഗിന്റെ തൊഴിലാളി സംഘടനായ എസ്ടിയുവിനു കീഴിലെ ഇന്നവേറ്റിവ് മാര്‍ക്കറ്റിങ് വിങിലൂടെ തിരിച്ചെത്താന്‍ അദ്ദേഹം ഒരു ശ്രമം നടത്തി. എന്നാല്‍, എംഎല്‍എയും മറ്റും ഇടപെട്ട് ഇതും വിഫലമാക്കിയതായാണ് അവരുടെ ആരോപണം. പാര്‍ട്ടി കുറ്റ്യാടി മേഖലയില്‍ പൂര്‍ണമായും നിഷ്‌ക്രിയമാണെന്ന് ഇവര്‍ പറയുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്‌നങ്ങള്‍ തീര്‍ത്തില്ലെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

Kozhikode

English summary
Save Muslim League forum's poster in Kuttyadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X