പിടികൂടിയത് 10 പാമ്പിൻ കുഞ്ഞുങ്ങളെ; പെരിന്തൽമണ്ണ ജില്ലാശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു
മലപ്പുറം: പാമ്പ് ഭീതിയിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. പാമ്പുകളെ കണ്ടെത്തിയതിന് പിന്നാലെ സർജിക്കൽ വാർഡ് അടച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നുമായി പത്ത് മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടിച്ചത്. ജീവനക്കാരും ജില്ലാ ട്രോമ കെയർ പ്രവർത്തകരും ആണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആണ് സർജിക്കൽ വാർഡ് അടച്ചത്.
എട്ട് രോഗികളാണ് സർജിക്കൽ വാർഡിൽ കിടത്തി ചികിത്സയിലുണ്ടായിരുന്നത്. ഇവരെ ഇവിടെ നിന്ന് മെഡിക്കൽവാർഡിലേക്ക് മാറ്റി. സർജിക്കൽ വാർഡ് കുറച്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
അടഞ്ഞ് കിടന്ന ഓപ്പറേഷൻ വാർഡിലും പാമ്പിൻ കുഞ്ഞ് ഉണ്ടായിരുന്നു. നിലത്ത് പാകിയ ടൈലുകൾക്കിടയിൽ മാളങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. സർജിക്കൽ വാർഡിന്റെ പുറക് വശം കാടുപിടിച്ച നിലയിലാണ്. വരാന്തയിലെയും പരിസരത്തെയും മാളങ്ങൾ അടച്ചു തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ദ്വാരങ്ങളുള്ള ടൈലുകൾ ഉടൻ പൊളിച്ച് നീക്കും എന്ന് അധികൃതർ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം, കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കൂടെ കൂട്ടിരിക്കാൻ വന്ന സ്ത്രീയെ അണലി കടിച്ചിരുന്നു. മകളുടെ പ്രസവാവശ്യവുമായി ബന്ധപ്പെട്ട് എത്തിയ ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. സംഭവത്തിന് പിന്നാലെ പാമ്പ് പിടിത്തക്കാർ എത്തി പാമ്പ് ഉണ്ടോയെന്ന് പരിശോധന നടത്തി.












Click it and Unblock the Notifications