സുരേഷ് ചാലിയത്തിന്റെ മരണം: പ്രതികൾ മുസ്ലീം ലീഗ് പ്രവർത്തകരെന്ന് എഎ റഹീം
മലപ്പുറം: വേങ്ങര കുറുക ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ ചിത്രകലാ അധ്യാപകനും സിനിമാ-സാംസ്ക്കാരിക പ്രവർത്തകനുമായ സുരേഷ് ചാലിയത്തിന്റെ മരണത്തിൽ മുസ്ലീം ലീഗിന് എതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്ത്. സുരേഷ് ചാലിയത്തിന്റെ മരണത്തിന് പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരും അനുഭാവികളും ആണെന്ന് എഎ റഹീം ആരോപിച്ചു. മോറൽ പോലീസിങ്ങിന്റെ ഇരയാണ് ചിത്രകാരനും അധ്യാപകനുമായ സുരേഷ് എന്ന് റഹീം പ്രതികരിച്ചു. സംസ്ഥാനത്ത് മോറൽ പോലീസിംഗ് അനുവദിക്കില്ലെന്നും റഹീം വ്യക്തമാക്കി.
ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ മുബഷിർ, പ്രസിഡന്റ് ശ്യാംപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി ജിജി അടക്കമുളളവർക്കൊപ്പം മലപ്പുറത്തെ സുരേഷ് ചാലിയത്തിന്റെ വീട് സന്ദർശിച്ച ശേഷമാണ് എഎ റഹീമിന്റെ പ്രതികരണം. സുരേഷ് ചാലിയത്തിനെ ശനിയാഴ്ച രാവിലെയോടെയാണ് മലപ്പുറം വലിയോറയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തു എന്നാരോപിച്ച് ഒരു സംഘം മരണത്തിന് തൊട്ട് മുൻപുളള ദിവസം സുരേഷിനെ വീട്ടിൽ കയറി മർദ്ദിച്ചിരുന്നു. ആ മനോവിഷമത്തിൽ സുരേഷ് ജീവനൊടുക്കിയതാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നിൽ വെച്ചാണ് സുരേഷ് ചാലിയത്ത് ആക്രമിക്കപ്പെട്ടത്. തനിക്ക് നേരിടേണ്ടി വന്ന സദാചാര ഗുണ്ടായിസത്തിൽ
മനം നൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നും ഇത്തരം സംഭവങ്ങൾ കേരളത്തിന് അപമാനമാണ് എന്നും എഎ റഹീം ചൂണ്ടിക്കാട്ടി. ഈ സദാചാര വിചാരണ കേരളത്തിന് അപമാനമാണ്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. സുരേഷ് ചാലിയത്തിന്റെ കുടുംബത്തിന് ഡിവൈഎഫ്ഐ എല്ലാ വിധ നിയമസഹായങ്ങളും വാഗ്ദാനം ചെയ്തു.
സുരേഷ് ചാലിയത്തിന്റെ മരണത്തിൽ മുസ്ലീം ലീഗ് നേതാവും വേങ്ങര എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടിയേയും എഎ റഹീം വിമർശിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്നും എന്നാൽ ഇതുവരെ അദ്ദേഹം ഈ വീട് സന്ദർശിക്കുകയോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നും എഎ റഹീം കുറ്റപ്പെടുത്തി. സദാചാര പോലീസിങ്ങിൽ ലീഗിന്റെ പൊതു നിലപാട് എന്തെന്നും വ്യക്തമാക്കണം. പ്രതികളായ മുസ്ലീം ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്നും പുറത്താക്കുകയോ, തള്ളിപ്പറയുകയോ ചെയ്യാൻ ലീഗ് നേതൃത്വവും ഇതുവരെ തയ്യാറായിട്ടില്ലെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
സംഭവത്തിൽ ശക്തമായ നിയമ നടപടികൾ ഉണ്ടാകണം എന്നും എഎ റഹീം ആവശ്യപ്പെട്ടു. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള എല്ലാ ഒളിഞ്ഞു നോട്ടങ്ങളെയും ശക്തമായി ചെറുക്കേണ്ടതുണ്ട്. സുരേഷ് ചാലിയത്തിന്റെ രണ്ട് കുട്ടികളും പഠനം തുടരുന്നുണ്ട്. ആ കുടുംബം ഇനി അധിക്ഷേപങ്ങൾ നേരിടാത്ത വണ്ണം അവരെ ചേർത്തുനിർത്താൻ നമുക്കെല്ലാം ബാധ്യതയുണ്ടെന്നും എഎ റഹീം ചൂണ്ടിക്കാട്ടി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നല്ല ജാഗ്രത കേരളം പുലർത്തണം എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
രണ്ട് വാഹനങ്ങളിൽ എത്തിയ സംഘം ആയിരുന്നു സുരേഷ് ചാലിയത്തിനെ വീട്ടിൽ കയറി ക്രൂരമായി തല്ലിച്ചതച്ചത്. അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ട് പോയി സ്കൂളിലെ പിടിഎ പ്രസിഡണ്ടിന് മുന്നിലിട്ടും മർദ്ദിച്ചിരുന്നു. കുടുംബത്തിന് മുന്നിലിട്ട് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതിൽ സുരേഷ് ചാലിയത്ത് വലിയ മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രതികൾക്ക് എതിരെ ശക്തമായ നടപടി വേണം എന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications