മുസ്ലിം ലീഗില്‍ ഭിന്നത; നാല് നേതാക്കളുടെ പിന്തുണ ഹരിത ഭാരവാഹികള്‍ക്ക്, നടപടി വൈകിയേക്കും
മലപ്പുറം: ഹരിതയിലെ നേതാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളി കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ മുസ്ലിം ലീഗില്‍ ഭിന്നത. പ്രമുഖ നേതാക്കള്‍ ഹരിത ഭാരവാഹികള്‍ക്കെതിരെ നടപടി വേണ്ടെന്ന് ആവശ്യപ്പെട്ടു. അതേസമയം, കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഹരിത ഭാരവാഹികള്‍ക്ക് നല്‍കിയ സമയ പരിധി അവസാനിച്ചു. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു എങ്കിലും വിവാദമായ പശ്ചാത്തലത്തില്‍ അല്‍പ്പം വൈകിയേക്കും.
എംകെ മുനീറും കെപിഎ മജീദും ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഹരിത ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വ്യക്തമാക്കിയത്. ഇഡി, ചന്ദ്രിക വിവാദങ്ങള്‍ക്ക് ശേഷം മുസ്ലിം ലീഗിന് പുതിയ തലവേദനയായിരിക്കുകയാണ് ഈ സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ....

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് എന്നിവര്‍ക്കെതിരെ നടപടി വേണം എന്നാണ് ഹരിത സംസ്ഥാന നേതാക്കളുടെ ആവശ്യം. ലൈംഗികമായി അധിക്ഷേപിച്ച നേതാക്കള്‍ക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഹരിത ഭാരവാഹികള്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് തിങ്കളാഴ്ച പാണക്കാട് കുടപ്പനക്കല്‍ തറവാട്ടില്‍ നടന്ന ചര്‍ച്ചയില്‍ പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹരിത ഭാരവാഹികളോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഹരിത ഭാരവാഹികള്‍ തള്ളുകയായിരുന്നു. മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നാണ് കരുതിയത്. എന്നാല്‍ ഹരിത നേതാക്കള്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ ലീഗ് നേതൃത്വം പെട്ടു.

പികെ നവാസിനെതിരെ നടപടി എടുക്കുമെന്നും ആദ്യം നിങ്ങള്‍ പരാതി പിന്‍വലിക്കൂ എന്നുമായിരുന്നു മുസ്ലിം ലീഗ് നേതാക്കളുടെ ആവശ്യം. പികെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ടിപി അഷറഫലി എന്നിവരാണ് ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഹരിതയ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും പങ്കെടുത്തു.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ പരാതി പിന്‍വലിക്കൂ എന്ന് ഭാരവാഹികള്‍ നേതാക്കളെ അറിയിച്ചു. ചര്‍ച്ചയില്‍ രണ്ട് കാര്യങ്ങള്‍ മുസ്ലിം ലീഗ് നേതൃത്വം മുന്നോട്ട് വച്ചു. നവാസിനെ പരസ്യമായി ശാസിക്കും. ഒരുമാസത്തിനകം എംഎസ്എഫ് സംസ്ഥാന നേതൃത്വത്തെ മാറ്റുമെന്നും അവര്‍ വ്യക്തമാക്കി. പരാതി പിന്‍വലിച്ചാല്‍ മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. ഇത് ഹരിത ഭാരവാഹികള്‍ തള്ളി.

ഹരിത ഭാരവാഹികള്‍ക്കെതിരെ നടപടി വേണ്ടെന്ന് എംകെ മുനീര്‍, കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ നിലപാടെടുത്തു. ഹരിതക്കെതിരെ നടപടിയെടുത്താല്‍ തെറ്റായ സന്ദേശമാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍ പ്രചരിപ്പിക്കുക. അത് ക്ഷീണം ചെയ്യും. തല്‍ക്കാലം നടപടി വേണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ നടപടി വേണമെന്നാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.
ചിരിയടക്കാനാകാതെ അനശ്വര രാജന്‍; യുവനടിയുടെ പുതിയ ഫോട്ടോ വൈറല്‍, എന്താണ് കാര്യമെന്ന് ആരാധകര്‍

ഹരിത സംസ്ഥാന സമിതി പിരിച്ചുവിടാന്‍ മുസ്ലിം ലീഗ് നേതൃത്വം ആലോചിച്ചിരുന്നു. രണ്ട് വര്‍ഷമായി കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിരിച്ചുവിടാനും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ ഈ വേളയില്‍ കമ്മിറ്റി പിരിച്ചുവിട്ടാല്‍ പ്രതികാര നടപടിയായി വിലയിരുത്തുമെന്ന് ഒരു വിഭാഗം സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു. താല്‍ക്കാലികമായി പരിഹാരം കണ്ട ശേഷം നടപടി അല്‍പ്പം വൈകി സ്വീകരിക്കുമെന്ന സൂചനയുമുണ്ട്.

വിവാദങ്ങളുടെ തുടക്കം കഴിഞ്ഞ ജൂണിലാണ്. കോഴിക്കോട് നടന്ന യോഗത്തില്‍ ഹരിത നേതാക്കളെ എംഎസ്എഫ് നേതാവ് വേശ്യകളോട് താരതമ്യം ചെയ്തുവെന്നാണ് ആരോപണം. ശേഷം മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ചെയ്തുവെന്ന് ഹരിത ഭാരവാഹികള്‍ പറയുന്നു. ഇതിനെതിരെ നടപടിയില്ലാതെ വന്നപ്പോഴാണ് അവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്.












Click it and Unblock the Notifications