'പ്രചരണത്തിനിടെ ഒട്ടേറെ മോശം അനുഭവങ്ങൾ ഉണ്ടായി, മലപ്പുറത്ത് ബിജെപി വളരും'; ഡോ. എം അബ്‌ദുൾസലാം
മലപ്പുറം: ലോക്‌സഭാ പ്രചരണ പരിപാടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന്റെ ഒരുക്കത്തിലാണ് സ്ഥാനാർത്ഥികൾ എല്ലാവരും. ഇനി കേവലം പത്ത് ദിവസങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത്. ഇപ്പോഴിതാ മലപ്പുറം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. എം അബ്‌ദുൾ സലാം അദ്ദേഹത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് അനുഭവം പങ്കുവയ്ക്കുകയാണ്. മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ വളരെ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. 'മലപ്പുറത്ത് ഞങ്ങളുടേത് ലളിതമായ ഒരു തുടക്കമായിരുന്നു. അതിൽ നിന്നുള്ള ചാട്ടമല്ലേ, കയറി വരുമെന്ന് ഉറപ്പാണ്. ആർക്കും ഈസിയായി ജയിക്കാൻ ഒന്നും പറ്റില്ല. പിടിച്ചു നിർത്തും' അദ്ദേഹം പറഞ്ഞു. പ്രധാനമന്തി നരേന്ദ്ര മോദി മലപ്പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

'മലപ്പുറത്തേക്ക് രാജ്‌നാഥ് സിംഗ് ജിയെ പ്രചരണത്തിനായി വിളിച്ചിരുന്നു. അദ്ദേഹം വരാമെന്ന് ഏറ്റതാണ്. എന്നാൽ അവസാന നിമിഷത്തെ ചില തിരക്കുകൾ കാരണമാണ് അത് ഇല്ലാതായത്. മോദിജിയെ നേരിട്ട് കണ്ടപ്പോഴും മലപ്പുറത്തേക്ക് വരുന്ന കാര്യം പറഞ്ഞിരുന്നു. അദ്ദേഹം തീർച്ചയായും സമയം ഒത്താൽ വരുമെന്നാണ് പറഞ്ഞത്' അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൗ ജിഹാദിനെ പറ്റി അഭിപ്രായം പറയാൻ താൻ ആളല്ലെന്നും അബ്‌ദുൾ സലാം പറഞ്ഞു. എനിക്കറിയാത്ത ഒരു കാര്യമാണത്. ഞാൻ നേരിട്ട് കണ്ടിട്ടില്ല. അത് ഉണ്ടെന്ന് വരാൻ ആഗ്രഹിക്കുന്ന കൂട്ടർ ഒരു ഭാഗത്തും, ഇല്ലെന്ന് പറയാൻ ആഗ്രഹിക്കുന്നവർ മറ്റൊരു ഭാഗത്തും നിൽക്കുമ്പോൾ ഞാൻ എന്തിന് അഭിപ്രായം പറയണം. അങ്ങനെ വിഷയം കത്തിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല, തണുപ്പിക്കാനോ ലഘൂകരിക്കാനോ നോക്കാം' അബ്‌ദുൾ സലാം തന്റെ നിലപാട് വ്യക്തമാക്കി.
ഒരു അക്കാദമിക് വിദഗ്‌ധനായ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങളെയും രാഷ്ട്രീയ പ്രവേശനത്തെയും കുറിച്ച് അദ്ദേഹം മനസ് തുറന്നു.' തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈദ് നമസ്‌കാരം കഴിഞ്ഞ് നിൽക്കുമ്പോൾ ഹിന്ദുക്കൾക്ക് ഒപ്പം കൂടി മുസ്ലീങ്ങളെ നശിപ്പിക്കാൻ നോക്കുന്നോ എന്ന് പറഞ്ഞ് ഒരാൾ മുൻപിൽ വന്നു ചാടി. ചിലർ കൈ പോലും തരാൻ കൂട്ടാക്കിയില്ല. ഇത്തരം തിക്താനുഭവങ്ങൾ ധാരാളം ഉണ്ടായി' അദ്ദേഹം പറഞ്ഞു.
എന്നാൽ നല്ല അനുഭവങ്ങളും ഒരുപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്‌റ്റുകാരും ലീഗുകാരും പോലും ഫോണിൽ വിളിച്ച് സാറിനാണ് വോട്ടെന്ന് പറഞ്ഞിരുന്നു. വികസനം തന്നെയാണ് ചർച്ച ചെയ്യേണ്ടതെന്നും, വോട്ടിനായി എന്തും വിളിച്ചു പറയാമെന്ന അവസ്ഥ മാറണമെന്നും അബ്‌ദുൾ സലാം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറാണ് ലീഗിന് വേണ്ടി കളത്തിൽ ഇറങ്ങുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി യുവരക്തം വി വസീഫും മത്സര രംഗത്തുണ്ട്. മുസ്ലീം ഭൂരിപക്ഷ മേഖലയിൽ വോട്ടുകൾ നേടാനാണ് എൻഡിഎ അക്കാദമിക് രംഗത്തെ വിദഗ്‌ധൻ കൂടിയായ ഡോ. എം അബ്‌ദുൾ സലാമിനെ രംഗത്തിറക്കിയത്.












Click it and Unblock the Notifications