ഫിറോസ് കുന്നംപറമ്പില്‍ ശക്തന്‍; യുഡിഎഫില്‍ അപ്രതീക്ഷിത ഐക്യം!! മറികടക്കേണ്ടത് 6110 വോട്ടുകള്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. മന്ത്രി കെടി ജലീല്‍ മല്‍സരിക്കുന്നത് കൊണ്ടുതന്നെ മണ്ഡലത്തിന് താരപ്രഭയുണ്ട്. രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച ജലീല്‍ ഇത്തവണ വീഴുമോ? ഇതാണ് ഉയരുന്ന പ്രധാന ചോദ്യം. കാരണം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി ബന്ധങ്ങളുള്ള വ്യക്തിയാണ് എതിരാളിയായ ഫിറോസ് കുന്നംപറമ്പില്‍. എതിര്‍പക്ഷത്ത് ആര് എന്നത് തനിക്ക് വിഷയമല്ല എന്ന് ഫിറോസ് പറയുന്നു.
ചാരിറ്റി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളരെ ജനകീയനാണ് ഫിറോസ്. മാത്രമല്ല, സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന് അനുകൂലമായ തരംഗമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ കണക്കുകള്‍ ആര്‍ക്കാണ് അനുകൂലമെന്നതും പ്രധാനമാണ്. അതിങ്ങനെ...

സ്വതന്ത്രനല്ല ഫിറോസ്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് ഫിറോസ് കുന്നംപറമ്പില്‍ മല്‍സരിക്കുന്നത്. നേരത്തെ യുഡിഎഫ് സ്വതന്ത്രനാകുമെന്നായിരുന്നു വിവരം. പക്ഷേ അദ്ദേഹം കളത്തിലിറങ്ങുന്നത് കൈപ്പത്തി ചിഹ്നത്തിലാണ്. എന്നിട്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പതിവില്ലാത്ത ആവേശത്തിലാണ്.

അവസരം വന്നു എന്ന് ലീഗുകാര്‍
തവനൂര്‍ മണ്ഡലത്തില്‍ ഫിറോസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ അതൃപ്തി നിലവിലുണ്ട്. ഇത് പരിഹരിക്കാന്‍ ലീഗ്-കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. കെടി ജലീലിനോടുള്ള പഴയ കണക്കുകള്‍ തീര്‍ക്കാന്‍ അവസരം വന്നെത്തി എന്നാണ് മുസ്ലിം ലീഗുകാരുടെ വികാരം.

നിയമസഭാ കണക്കുകള്‍
പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗമായ തിരൂര്‍, പൊന്നാനി താലൂക്കുകളിലെ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്ന് 2008ലാണ് തവനൂര്‍ മണ്ഡലം നിലവില്‍ വന്നത്. ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2011ല്‍. പിന്നെ 2016ല്‍. രണ്ടിലും മികച്ച വിജയം നേടി കെടി ജലീല്‍ തിരഞ്ഞെടുക്കപ്പെട്ടു.

നാല് പഞ്ചായത്തുകള്‍ എല്‍ഡിഎഫിന്
വട്ടംകുളം, എടപ്പാള്‍, കാലടി, തവനൂര്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് തവനൂര്‍ മണ്ഡലം. ഏഴില്‍ നാല് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പമാണ്. കാലടി, വട്ടംകുളം, മംഗലം എന്നിവ യുഡിഎഫിനൊപ്പവും. പഞ്ചായത്തുകളിലെ കണക്കും എല്‍ഡിഎഫ് ആശ്വാസം നല്‍കുന്നു.

ഭൂരിപക്ഷം ഉയര്‍ത്തിയ ജലീല്‍
2011ല്‍ കോണ്‍ഗ്രസിലെ വിവി പ്രകാശിനെ 6854 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീല്‍ പരാജയപ്പെടുത്തിയത്. 2016ല്‍ കോണ്‍ഗ്രസിലെ ഇഫ്തിഖാറുദ്ദീനെ 17064 വോട്ടിനും പരാജയപ്പെടുത്തി. ഇത്തവണ ഹാട്രിക് വിജയം പ്രതീക്ഷിച്ചാണ് കെടി ജലീല്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ലോക്‌സഭയില്‍ മാറിമറിഞ്ഞു
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്ക് നോക്കിയാല്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. 9172 വോട്ടിന്റെ ഭൂരിപക്ഷം അന്ന് വി അബ്ദുറഹ്മാന്‍ തവനൂരില്‍ നേടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ ഇടി മുഹമ്മദ് ബഷീര്‍ തവനൂരില്‍ ലീഡ് ചെയ്തു. 12353 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടി ബഷീറിന് ലഭിച്ചത്.

ഫിറോസിന്റെ ദൗത്യം
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 6110 വോട്ടുകളുടെ ഭൂരിപക്ഷം തവനൂരില്‍ എല്‍ഡിഎഫിനുണ്ട്. കണക്കുകള്‍ യുഡിഎഫിന് എതിരാണ്. ഇത് മറികടക്കുകയാണ് ഫിറോസ് കുന്നംപറമ്പിലിന് മുന്നിലുള്ള ദൗത്യം. വലിയ ആരാധക വൃന്ദമുള്ള ഫിറോസിന് വിജയം യുഡിഎഫ് ക്യാമ്പിലെത്തിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

യുഡിഎഫിന്റെ പ്രതീക്ഷ ഇങ്ങനെ
ഇത്തവണ ഫിറോസിന് പ്രതീക്ഷ നല്‍കുന്നത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലെ ഐക്യവും ആവേശവുമാണ്. രണ്ടാമത്തേത് സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ ഫിറോസിന് ലഭിക്കുമെന്ന് യുഡിഎഫ് കരുതുന്നു. യുഡിഎഫ് സംവിധാനം നിലവിലില്ലാത്ത തൃപ്രങ്ങഓട് പഞ്ചായത്തില്‍ വരെ പ്രചാരണം തുടങ്ങിയത് യുഡിഎഫിലെ ആവേശത്തിന് തെളിവാണ്.












Click it and Unblock the Notifications