മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ സര്‍പ്രൈസുമായി സിപിഎം; മുസ്ലിം ലീഗ് വിട്ട കെഎസ് ഹംസ പട്ടികയില്‍
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ആര് ഇത്തവണ കളത്തിലിറങ്ങുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതിരുന്ന മണ്ഡലമാണ് പൊന്നാനി. പൊതുസ്വതന്ത്രരെയും മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്തായ നേതാക്കളെയും മല്‍സരിപ്പിക്കുന്ന തന്ത്രം തന്നെയാണ് പൊന്നാനിയില്‍ ഇത്തവണയും സിപിഎം പയറ്റുക എന്ന വിവരമാണിപ്പോള്‍ വന്നിരിക്കുന്നത്.
പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ചോദ്യങ്ങളുന്നയിച്ച് പുറത്തായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഇന്ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി. ഈ മാസം 27ന് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട നേതാവായിരുന്നു കെടി ജലീല്‍. തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീല്‍ പോരിനിറങ്ങിയത് സിപിഎം പിന്തുണയോടെയായിരുന്നു. മുസ്ലിം ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ച് മികച്ച വിജയം നേടിയ കെടി ജലീല്‍ ഇന്നും സിപിഎം സഹയാത്രികനാണ്. മാത്രമല്ല, തോല്‍വി പിന്നീട് അറിഞ്ഞിട്ടുമില്ല.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെത്തിയ വി അബ്ദുറഹ്മാനെയാണ് നേരത്തെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം മല്‍സരിപ്പിച്ചിരുന്നത്. ശക്തമായ പോരാട്ടം കാഴ്ചവച്ചെങ്കിലും അദ്ദേഹം തോറ്റു. പിന്നീട് രണ്ട് തവണ താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ മന്ത്രിയാണ്. കെഎസ് ഹംസയെ എന്താണ് കാത്തിരിക്കുന്നത് എന്നാണ് ഇനി അറിയേണ്ടത്.
പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ ഇതുവരെ കേട്ടിരുന്ന പേരുകളില്‍ കെഎസ് ഹംസയുണ്ടായിരുന്നില്ല. വി അബ്ദുറഹ്മാന്‍, കെടി ജലീല്‍, വി വസീഫ് എന്നിവരായിരുന്നു മാധ്യമങ്ങളിലെ ചര്‍ച്ചകളിലുണ്ടായിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് കെഎസ് ഹംസ വരുന്നത്. ചന്ദ്രിക പത്രത്തിന്റെ ഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കുഞ്ഞാലിക്കുട്ടിയോട് പാര്‍ട്ടി യോഗത്തില്‍ കൊമ്പു കോര്‍ത്ത് ലീഗില്‍ നിന്ന് പുറത്തായ നേതാവാണ് കെഎസ് ഹംസ.
മുസ്ലിം ലീഗില്‍ നിന്ന് രാജിവച്ച നേതാക്കളുടെ കൂട്ടായ്മയ്ക്ക് ശ്രമിച്ചിരുന്നു കെഎസ് ഹംസ. കോഴിക്കോട് പ്രത്യേക യോഗം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചേരുകയും ചെയ്തിരുന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സന്നദ്ധ സംഘം രൂപീകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഹംസ ശ്രമിക്കുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു.
അതേസമയം, പൊന്നാനിയില്‍ സാധ്യത പറഞ്ഞിരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് മലപ്പുറത്ത് സിപിഎം സ്ഥാനാര്‍ഥിയാകുമെന്നാണ് പുതിയ വിവരം. കേരളത്തില്‍ സിപിഎം മല്‍സരിപ്പിക്കുന്ന സ്ഥാനാര്‍ഥികളില്‍ പ്രായം കുറഞ്ഞ വ്യക്തിയാകും ഇദ്ദേഹം. അധ്യാപകന്‍ കൂടിയായ വസീഫ് ചാനല്‍ ചര്‍ച്ചകളിലെ സിപിഎം മുഖമാണ്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ പ്രചാരണം ശക്തമാകും.












Click it and Unblock the Notifications