ഒറ്റ ഫോണ്‍കോളില്‍ നിലമ്പൂരിലെ പല എല്‍ഡിഎഫ് പഞ്ചായത്തുകളും വീഴും; ഭീഷണിയുമായി അന്‍വര്‍
മലപ്പുറം: സിപിഎമ്മിനെ വെല്ലുവിളിച്ച് വീണ്ടും പിവി അന്‍വര്‍ എംഎല്‍എ. തന്റെ ഒറ്റ ഫോണ്‍ കോളില്‍ നിലമ്പൂരിലെ പല പഞ്ചായത്തുകളിലേയും ഭരണം എല്‍ഡിഎഫിന് നഷ്ടമാകും എന്നാണ് അന്‍വറിന്റെ ഭീഷണി. ഇന്ന് വൈകീട്ട് അന്‍വര്‍ നിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിനിടെ അന്‍വറിനെതിരെ ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന് മുന്നറിയിപ്പുമായി അന്‍വര്‍ രംഗത്തെത്തിയത്.
താന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴും എന്നും ആയിരക്കണക്കിന് സഖാക്കള്‍ താന്‍ വിളിച്ചാല്‍ വിശദീകരണ യോഗത്തിന് എത്തുമെന്നും അന്‍വര്‍ അവകാശപ്പെട്ടു. എവിടെ വരെ പോകുമെന്ന് അറിയാനാണ് താന്‍ കാത്തിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ' കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ട് പോകും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും.

സെക്രട്ടറിയേറ്റിന് മുന്നില്‍ യോഗം നടത്തുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. എല്ലാ പൊതുയോഗത്തിലും 50 കസേരകള്‍ വീതം ഇടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്,' അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ താന്‍ വെല്ലുവിളിച്ചിട്ടില്ലെന്നും വ്യക്തികളെയാണ് വെല്ലുവിളിച്ചത് എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരേയും അദ്ദേഹം രംഗത്തെത്തി. ആരാണ് മലര്‍ന്ന് കിടന്ന് തുപ്പുന്നതെന്ന് ജനം തീരുമാനിക്കും എന്നും തനിക്ക് പറയാനുള്ളത് ജനങ്ങളോട് പറയും എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇനിയും കേസുകള്‍ വരുമെന്നും അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്തതിലും അദ്ദേഹം പ്രതികരിച്ചു.
പ്രത്യേക ഉപകരണം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുകയല്ല ചെയ്തത് എന്നും സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത് എന്നും അന്‍വര്‍ പറഞ്ഞു. ഇക്കാര്യം ഐജിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി എന്ന പരാതിയില്‍ അന്‍വറിനെതിരെ കേസെടുത്തിരുന്നു.
കോട്ടയം സ്വദേശി തോമസ് പിലിയാനിക്കലിന്റെ പരാതിയില്‍ കറുകച്ചാല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് തോമസ് പരാതിയില്‍ പറയുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം സൈബര്‍ ക്രൈമില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications