മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യമായി വെടിയേറ്റു മരിച്ച എംഎല്‍എയുടെ ഭാര്യയും വിടപറഞ്ഞു: മരിച്ചത് കുഞ്ഞാലിയുടെ ഭാര്യ സൈനബ

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എയായിരിക്കെ വെടിയേറ്റ്മരിച്ച ഇതിഹാസ രാഷ്ട്രീയ നേതാവ് സഖാവ് കുഞ്ഞാലിയുടെ പ്രിയ പത്‌നി സൈനബ(76)യും ഇന്നലെ വിടപറഞ്ഞതോടെ ഓര്‍മ്മയാകുന്നത് പോരാട്ടവും സഹനവും ഇതള്‍വിരിഞ്ഞ ജീവിതം. 1969 ജൂലൈ 26ന് ചുള്ളിയോട്ട് വെച്ചാണ്കുഞ്ഞാലി വെടിയേറ്റ് മരിക്കുന്നത്. കേരളത്തില്‍ വെടിയേറ്റു മരിക്കുന്ന ആദ്യ എം.എല്‍.എയായിരുന്നു കുഞ്ഞാലി. ഏറനാടിന്റെ രക്തനക്ഷത്രമായിരുന്ന സഖാവ് കുഞ്ഞാലിയുടെ ഭാര്യ സൈനബ കുഞ്ഞാലിയില്‍നിന്നും ഉള്‍ക്കൊണ്ട കരുത്തുമായാണ് ഇത്രയും കാലം മക്കള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിരുന്നത്.

നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ ഇളയ സഹോദരി സൈനബക്ക് സഖാവ് കുഞ്ഞാലിയുടെ വിവാഹാലോചന കൊണ്ടുവന്നത് നിലമ്പൂര്‍ ബാലനും സി.പി.ഐ നേതാവായിരുന്ന നടുക്കണ്ടി മുഹമ്മദുമായിരുന്നു. കോഴിക്കോട്ടെ വീട്ടിലെ നാടക ചര്‍ച്ചക്കിടെയാണ് കെ.ടി ഇളയസഹോദരിക്കൊരു പുതിയാപ്ലയെ വേണമെന്നു പറഞ്ഞത്. മിടുക്കനായൊരു കമ്യൂണിസ്റ്റ് നേതാവുണ്ട് പെങ്ങളെ അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുക്കുമോ എന്ന് നിലമ്പൂര്‍ ബാലന്‍ ചോദ്യ മെറിഞ്ഞു. കുഞ്ഞാലിയാണ് പുതിയാപ്ലയെന്നറിഞ്ഞപ്പോള്‍ കെടിക്ക് പെരുത്തു സന്തോഷം.

kunjalisainaba-1

കുട്ടിക്കാലത്ത് കെ.ടിക്ക് ആരാധനതോന്നിയ രണ്ട് കമ്യൂണിസ്റ്റ് നേതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.കെ.ജിയും സഖാവ് കുഞ്ഞാലിയും. കേട്ടറിഞ്ഞ സഖാവിനെ സൈനബക്കും ഇഷ്ടമായി. 1961 മെയ് 16നായിരുന്നു വിവാഹം. നാടക ചര്‍ച്ചകകളും ആള്‍ത്തിരക്കുമുള്ള കോഴിക്കോട് നഗരത്തിലെ വീട്ടില്‍ നിന്നും കിഴക്കനേറനാട്ടിലെ ഉള്‍ഗ്രാമമായ കാളികാവിലെ കുഞ്ഞാലിയുടെ വീട്ടിലെ ജീവിതം സൈനബക്ക് പുതിയ അനുഭവമായിരുന്നു. പൊതുപ്രശ്‌നങ്ങള്‍ കഴിഞ്ഞ് സഖാവിനെ സൈനബക്ക് തനിച്ചു കിട്ടിയിരുന്നത് കുറച്ചുസമയം മാത്രമായിരുന്നു.

എട്ടു വര്‍ഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. അതില്‍ ഒന്നര വര്‍ഷക്കാലം കുഞ്ഞാലി ജയിലിലായിരുന്നു. കുഞ്ഞാലിയുടെ ഉമ്മയും പാര്‍ട്ടിക്കാരുമായിരുന്നു രണ്ടു കൈക്കുഞ്ഞുങ്ങളുണ്ടായിരുന്ന സൈനബക്ക് അന്ന് തുണ. ജയിലില്‍ കിടന്ന് മത്സരിച്ച് നിലമ്പൂരിന്റെ എം.എല്‍്.എയായാണ് കുഞ്ഞാലി പുറത്തിറങ്ങിയത്. തിരക്കുകള്‍ക്കിടയിലും മൈസൂരിലേക്കു യാത്രപോയതും തൃശൂര്‍ പൂരം കാണിച്ചു നല്‍കിയും കുടുംബത്തോടൊപ്പം സഖാവ് ചെലവഴിച്ച് സ്‌നേഹനിമിഷങ്ങള്‍ സൈനബയുടെ ഓര്‍മ്മകളില്‍ നിറഞ്ഞിരുന്നു. രാഷ്ട്രീയ എതിരാളികളും ഭീഷണിയും വര്‍ധിച്ചപ്പോള്‍ നിങ്ങള്‍ പോയാല്‍ ഞാനും കുഞ്ഞുങ്ങളുമെന്ന് സൈനബ ഭീതി പങ്കുവെച്ചിരുന്നു. മരിക്കുന്നത് പോലും എന്റെ ഭാര്യ എന്ന നിലയില്‍ നിനക്ക് അഭിമാനകരമായി തീരുന്ന നിലയിലായിരിക്കുമെന്നായിരുന്നു സഖാവിന്റെ പുഞ്ചിരിയോടെയുള്ള മറുപടി.

1969 ജൂലൈ 26ന് ചുള്ളിയോട്ട് വച്ച് വെടിയേറ്റു വീഴുമ്പോള്‍ കുഞ്ഞാലി നിലമ്പൂരിന്റെ എം.എല്‍.എയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചപ്പോള്‍ സൈനബ അത് നിരസിച്ച് പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു സൈനബയുടെ മരണം. മക്കള്‍: സറീന, അഷറഫ്, നിഷാദ്, ഹസീന. മരുമക്കള്‍: റിയാസുദ്ദീന്‍, മെഹബൂബ്, നജീബ്, മുഹമ്മദ് ഇസ്മയില്‍, ഷെമീന. കോഴിക്കോട് കണ്ണംപറമ്പില്‍ ഖബറടക്കി.

Malappuram
English summary
malappuram local news about former mla kunjali's wife passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X