മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കക്കാടം പൊയില്‍:പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ അടയാളങ്ങള്‍ മായ്ച്ച് അന്‍വര്‍ എംഎല്‍എ തെളിവുനശിപ്പിച്ചു!

  • By Desk
Google Oneindia Malayalam News

മലപ്പുറം: രണ്ടു തവണയായി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പരമ്പരയുണ്ടായ പി.വി അന്‍വര്‍ എം.എല്‍.യുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍ അടയാളങ്ങള്‍ നീക്കി തെളിവുനശിപ്പിക്കുന്നു. ഉരുള്‍ പൊട്ടലുണ്ടായി വ്യാപകമായി മണ്ണൊലിച്ചുപോയ സ്ഥലങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നിറച്ചും പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും മണ്‍ റോഡുകള്‍ വെട്ടിയുമാണ് തെളിവു നശിപ്പിക്കുന്നത്. ജൂണിലെ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ ജനറേറ്റര്‍ കെട്ടിടത്തിനു താഴ്ഭാഗത്തും പ്രധാന കുളത്തിനും താഴ്ഭാഗത്തും കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി കെട്ടുന്നുണ്ട്.

ജൂണ്‍ 13, 14 തിയ്യതികളിലുണ്ടായ കനത്ത മഴയില്‍ പാര്‍ക്കിലെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടലിനെതുടര്‍ന്ന് ജൂണ്‍ 18നാണ് കോഴിക്കോട് കളക്ടര്‍ യു.വി ജോസ് ദുരന്തനിവാരണ നിയമപ്രകാരം പാര്‍ക്ക് താല്‍ക്കാലികമായി അടച്ചുപൂട്ടിയത്. ഒരാഴ്ചക്കകം വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ആന്റ് മാനേജ്‌മെന്റ്് കോഴിക്കോട്, ജില്ലാ ജിയോളജിസ്റ്റ് എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടു മാസമായിട്ടും പാര്‍ക്ക് സന്ദര്‍ശിച്ച് ഉരുള്‍പൊട്ടല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇതിനു പിന്നാലെ ആഗസ്റ്റിലുണ്ടായ കനത്ത മഴയില്‍ പാര്‍ക്കില്‍ എട്ടിടത്താണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്.

anwarmlaspark


പ്രധാന നീന്തല്‍കുളത്തിനു താഴെ, കുട്ടികളുടെ പാര്‍ക്കിനു താഴെ, ജനറേറ്റര്‍ മുറിയുടെ സമീപം അടക്കം 11 ഏക്കറിലെ പാര്‍ക്കില്‍ പലയിടങ്ങളിലായാണ് വ്യാപകമായി മണ്ണിടിഞ്ഞിട്ടുള്ളത്. പാര്‍ക്കിലെ താല്‍ക്കാലിക റോഡും മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. പാര്‍ക്കിലെ കുളങ്ങളിലെ വെള്ളം നീക്കം ചെയ്തുവെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പി.വി അന്‍വര്‍ നീന്തല്‍കുളങ്ങളിലെ വെള്ളം ഒഴിവാക്കിയിരുന്നുമില്ല. പാര്‍ക്കിലെ നീന്തല്‍കുളത്തിനും കെട്ടിടത്തിനും ബലക്ഷയം അടക്കമുള്ള കാര്യങ്ങളില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ വിഭാഗമോ കൂടരഞ്ഞി പഞ്ചായത്തോ ഒരു തരത്തിലുള്ള പരിശോധനയും നടത്തിയിട്ടില്ല.

പാര്‍ക്കിലെ പ്രധാന നീന്തല്‍ക്കുളത്തിനു താഴ്്ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ പാറക്കഷ്ണങ്ങളും മരങ്ങളും കടപുഴകിവീണ് വെള്ളവും ചെളിയും കുത്തിയൊലിച്ച് മലമുകളില്‍ നിന്നും 200 മീറ്ററോളം താഴ്ചയില്‍ പാര്‍ക്കിലേക്ക് വെള്ളം പമ്പുചെയ്യുന്ന കുളത്തില്‍ പതിച്ചിരുന്നു. കുളത്തിന്റെ പകുതിയോളം ചെളിയും പാറയുമടിഞ്ഞ് മൂടി. പാര്‍ക്കിലേക്ക് വെള്ളം പമ്പുചെയ്തിരുന്ന മോട്ടോറുകളും പൈപ്പുകളുമെല്ലാം തകര്‍ന്നു. ജനറേറ്റര്‍ സ്ഥാപിച്ച കെട്ടിടത്തിന് സമീപത്തുനിന്നും വ്യാപകമായി മണ്ണിടിച്ച് കുത്തിയൊലിച്ച് താഴെയുണ്ടായിരുന്ന റോഡും പിളര്‍ന്നാണ് 80 മീറ്റര്‍ തീഴ്ചയിലേക്കു പതിച്ചത്.

സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ മലയുടെ വശം ഇടിച്ചാണ്് വാട്ടര്‍തീം പാര്‍ക്ക് നിര്‍മ്മിച്ചത് നിയമവിരുദ്ധമായി നിര്‍മ്മിച്ച പാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നെന്ന പരാതി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ജില്ലാ കളക്ടറും തള്ളിക്കളഞ്ഞിരുന്നു.

കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം ഇവിടെ ദുരന്തസാധ്യതയില്ലെന്നാണ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ മണ്ണിടിച്ചില്‍ സാധ്യതയുള്ള ഹൈ, മീഡിയം സൊണേഷനിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്നു റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ ദുരന്തനിവാരണ സമിതി പിന്നീട് വീണ്ടും സര്‍വേ നടത്തി പാര്‍ക്ക് മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തില്ലെന്ന് സ്ഥാപിച്ച് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്ന സാഹചര്യത്തിലാണ് തെളിവുകള്‍ നശിപ്പിക്കുന്നത്.

Malappuram
English summary
malappuram local news about land sliding and anwar mlas park.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X