• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിൽപ്പനയ്ക്കെത്തിയ മത്സ്യങ്ങളിൽ മാരക വിഷം... മീൻ കഴിച്ച 5 പൂച്ചകൾ ചത്തു, 2 പൂച്ചകൾ ചികിത്സയിൽ!

  • By desk

മലപ്പുറം: തിരൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ വിഷമത്സ്യ വില്‍പന നടത്തുന്നതായും ഇതിനെ തുടര്‍ന്ന് അഞ്ച് പൂച്ചക്കള്‍ ചത്തതായും പരാതി.സംഭവത്തെ തുടര്‍ന്നു മേഖലയില്‍ ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യം വന്‍തോതില്‍ വില്‍ക്കുന്ന തിരൂര്‍ മുനിസിപ്പല്‍ മത്സ്യ മാര്‍ക്കറ്റില്‍ വിഷമത്സ്യ വില്‍പ്പന തകൃതിയായി നടക്കുന്നതായാണ് ആക്ഷേപം.

തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി പൂച്ചകള്‍ക്കു നല്‍കിയ രണ്ടു വീടുകളിലെ അഞ്ച് പൂച്ചകളാണ് ചത്തതായി പറയുന്നത്.രണ്ട് പൂച്ചകളെ വെറ്റിനറി ഡോക്ടര്‍ ചികിത്സിച്ചു കൊണ്ടിരിക്കുന്നു. താനാളൂര്‍ ചുങ്കത്തെ പൊക്ലാശ്ശേരി ഹുസൈന്റെ മൂന്ന് ഊട്ടി പൂച്ചകളാണ് ചത്തത്. രണ്ട് പേര്‍ഷ്യന്‍ പൂച്ചകള്‍ വെറ്റിനറി ഡോക്ടറുടെ പരിചരണത്തിലാണ്. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്ന് പൂച്ചകള്‍ക്കായി വാങ്ങിയ അയലയാണ് ഊട്ടി പൂച്ചകളെ കാലപുരിക്കയച്ചത്.

തിരൂര്‍ കോട്ട് സ്വദേശി എരഞ്ഞിക്കാട്ട് അലവിക്കുട്ടിയുടെ വീട്ടിലെ രണ്ട് നാടന്‍ വളര്‍ത്തു പൂച്ചകളും ചത്തു. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി സൈക്കിളില്‍ കൊണ്ടു നടന്ന് വില്‍പ്പന നടത്തുന്ന ആളില്‍ നിന്നാണ് അര കിലോ അയല അലവിക്കുട്ടി പൂച്ചകള്‍ക്കു വാങ്ങിയത്. മത്സ്യം കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച പൂച്ചകള്‍ രണ്ടു ദിവസത്തിനകം തളരുകയും മരണപ്പെടുന്നതിനു മുമ്പ് ധാരാളം വെള്ളം കുടിച്ചു വെന്നും അലവിക്കുട്ടി പറഞ്ഞു. മത്സ്യം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണാഭരണം വെളുത്തെന്ന പരാതിയുടെ തൊട്ടുപിന്നാലെയാണ് പച്ച മല്‍സ്യം തിന്നപൂച്ചകള്‍ ചത്തത്.

ഗൗരവമുള്ള ഈ വിഷയം ആരോഗ്യവകുപ്പ് അറിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മത്സ്യ മൊത്തവ്യാപാരം നടക്കുന്നത് തിരൂരിലാണ്. മാര്‍ക്കറ്റിന്റെ ചുറ്റിലുമുള്ള അര കിലോമീറ്റര്‍ റോഡില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ ആറ് വരെയാണ് കേരളത്തിന് പുറത്തു നിന്നും ലോറികളില്‍ ടണ്‍ കണക്കിനു മത്സ്യമെത്തുന്നത്. മൂന്നു മണിക്കൂറിനുള്ളില്‍ ദിവസേന ലക്ഷക്കണക്കിന് രൂപയുടെ മത്സ്യവ്യാപാരമാണ് ഇവിടെ നടക്കാറുള്ളത്.

വില്‍പ്പന നികുതി - ആരോഗ്യ വകുപ്പുകള്‍ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. ഫോര്‍മാലിന്‍ പോലുള്ള മാരക വിഷം ചേര്‍ത്താണ് മത്സ്യ മൊത്തമാര്‍ക്കറ്റില്‍ മത്സ്യം വില്‍ക്കുന്നതെന്ന ആക്ഷേപം നേരത്തേയുണ്ട്. ഇവിടെ നിന്നും ലേലം വിളിച്ചെടുക്കുന്ന മത്സ്യം നൂറുകണക്കിന് ചെറുവാഹനങ്ങളിലാണ് ജില്ലയുടെ വിവിധ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുന്നത്. തിരൂര്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നതും മൊത്തമാര്‍ക്കറ്റിലെ മത്സ്യമാണ്. പഴകിയ മത്സ്യത്തിന്റെ തല ഭാഗത്ത് കശാപ്പുശാലയിലെ രക്തം തളിച്ച് പുതിയ മല്‍സ്യമാണെന്നു തെറ്റിദ്ധരിപ്പിച്ചും മത്സ്യം വില്‍ക്കുന്നുണ്ട്.

ആരോഗ്യ വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് തിരൂര്‍ മാര്‍ക്കറ്റിലെ വിഷമത്സ്യ വില്‍പ്പനയെന്നത് കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ പ്രഹസന റെയിഡു വ്യക്തമാക്കുന്നതയി ആരോപണമുയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പു തന്നെ റെയിഡുവിവരം വ്യാപാരികള്‍ അറിഞ്ഞു. പഴകിയ മത്സ്യം മാറ്റി കേടുവരാത്ത മത്സ്യം പ്രദര്‍ശിപ്പിക്കാ നുള്ള സമയം വ്യാപാരികള്‍ക്കു കിട്ടുകയും ചെയ്തു. കേടുവരാത്ത മത്സ്യമാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് കൊണ്ടു പോയത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷമത്സ്യവില്‍പ്പന തടയാന്‍ പുലര്‍ച്ചെയുള്ള മത്സ്യ മൊത്ത വിതരണ സമയത്ത് ഉദ്യോഗസ്ഥര്‍ വന്നു നടപടിയെടുക്കണമെന്നാണ് ആവശ്യം.

അതേസമയം വിഷ മത്സ്യം നിരോധിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.സി) മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍കാരിനോട് ആവശ്യപ്പെട്ടു.നമ്മുടെ സംസ്ഥാനത്തേക്ക് ചെക്ക്പോസ്റ്റ് വഴി വിദേശകപ്പലുകളില്‍ നിന്നും വന്‍കിട കപ്പലുകളില്‍ നിന്നും പിടിച്ച മത്സ്യങ്ങള്‍ മറ്റുരാജ്യങ്ങളില്‍ നിന്നും അവര്‍ക്ക് ചിലവാവാതെ പോകുന്ന മത്സ്യങ്ങള്‍ ചെറിയ വിലക്ക് എടുത്ത് കേരളത്തിലേക്ക് കൊണ്ടുവരുകയാണ്.

ഈ മത്സ്യങ്ങള്‍ കേടുവരാതിരിക്കുവാന്‍ വേണ്ടി വന്‍ വിഷ വസ്തുക്കളാണ് ഇതില്‍ ചേര്‍ക്കുന്നത്. ഈ മത്സ്യങ്ങള്‍ ചെറിയ വിലക്കാണ് വിറ്റു തീര്‍ക്കുന്നത്. കേരളത്തില്‍ ഈ മത്സ്യം വില്‍ക്കുന്നതിന് ഏജന്റ്മാര്‍പോലും ഉണ്ട്. മത്സ്യതൊഴിലാളികള്‍ മത്സ്യം കിട്ടിയാല്‍ ഇതു കാരണം വേണ്ടത്ര വില ലഭിക്കുന്നില്ല. ഈ മത്സ്യങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരു നികുതിയും അടയ്കാതെയാണ് കൊണ്ടുവരുന്നത്.

കേരള സര്‍ക്കാര്‍ ഇത് അടിയന്തിരമായി നിരോധിക്കണം. ഇത്രം മത്സ്യം കൊണ്ടു വരുന്ന വണ്ടികളെ കണ്ടുപിടിക്കണം. കേരള സര്‍ക്കാര്‍ അന്ന്യരാജ്യത്തുനിന്നും വന്ന പഴക്കം ചെന്ന മത്സ്യം ചെക്ക്പോസ്റ്റുവഴിയും, ഹാര്‍ബര്‍ വഴിയും, പോര്‍ട്ട് വഴിയും ഇത് കര്‍ശനമായി തടയണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.സി മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാപ്രസിഡന്റ് ഉസൈന്‍ ഇസ്പാടത്ത് അധ്യക്ഷ്യം വഹിച്ചു. എ.കെ ജബ്ബാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബേബി ശ്രീനിവാസന്‍, എം.കെ ബാവകുട്ടി ബാവ, ഖാലിദ് താനൂര്‍, എന്നിവര്‍ സംസാരിച്ചു.

Malappuram

English summary
Malappuram Local News about fish market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X