കോണ്‍ഗ്രസിനെ വിമര്‍ശിച്ചു, ബിജെപിയെ പുകഴ്ത്തി... വഹാബിന് പൂട്ടിടാന്‍ മുസ്ലിം ലീഗ്
മലപ്പുറം: ബിജെപി നേതാക്കളായ കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയ രാജ്യസഭാംഗം പിവി അബ്ദുല്‍ വഹാബ് വെട്ടിലാക്കിയത് മുസ്ലിം ലീഗിനെ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിന്റെ സുപ്രധാന നേതാവാണ് ബിജെപി നേതാക്കളെ പുകഴ്ത്തിയിരിക്കുന്നത്. ഇക്കാര്യം സിപിഎം രാഷ്ട്രീയ ആയുധമാക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് മുസ്ലിം ലീഗ് പിവി അബ്ദുല്‍ വഹാബിനോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചു. വഹാബിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട്.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സംസാരിക്കവെയാണ് മലയാളികളായ കേന്ദ്രമന്ത്രിമാരെ അബ്ദുല്‍ വഹാബ് പുകഴ്ത്തിയത്. വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരെയാണ് വഹാബ് പുകഴ്ത്തി സംസാരിച്ചത്. വി മുരളീധരന്‍ കേരളത്തിന്റെ അംബാസഡറാണ് എന്നായിരുന്നു വഹാബ് പറഞ്ഞത്. രാജീവ് ചന്ദ്രശേഖരന്റെത് മികച്ച പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വഹാബ് പറഞ്ഞത് മുസ്ലിം ലീഗിന്റെ നിലപാടല്ലെന്ന് സാദിഖലി തങ്ങള്‍ പറയുന്നു.. ഇതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ വഹാബില്‍ നിന്നുണ്ടായ ബിജെപി അനുകൂല പരാമര്‍ശമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് വന്ന സ്വകാര്യ ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എംപിമാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി വഹാബ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയിലുണ്ടായിരുന്നു എന്ന് പിന്നീട് ജെബി മേത്തര്‍ എംപി വിശദീകരിച്ചു. ഈ സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും സഭയില്‍ ആരെയും ശ്രദ്ധയില്‍പ്പെടാത്ത വേളയില്‍ വഹാബ് പറഞ്ഞതാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ആര്‍എസ്എസിന് ശാഖ നടത്താന്‍ സഹായം നല്‍കിയിരുന്നു എന്ന കെ സുധാകരന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നത് മുസ്ലിം ലീഗായിരുന്നു. ഒടുവില്‍ വിവാദത്തില്‍ നിന്ന് കോണ്‍ഗ്രസ് തടിയൂരി. സുധാകരനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ്, വഹാബിന്റെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
ഈ സാഹചര്യത്തില്‍ കൂടിയാണ് വഹാബില്‍ നിന്ന് വിശദീകരണം തേടാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി അംഗം കൂടിയാണ് വഹാബ്. ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത കുറവാണ്. വാക്കുകളില്‍ സൂക്ഷ്മത പുലര്‍ത്തണം എന്ന നിര്‍ദേശം നല്‍കാനാണ് സാധ്യത എന്ന് ലീഗ് വൃത്തങ്ങള്‍ പ്രതികരിക്കുന്നു.












Click it and Unblock the Notifications