കുഞ്ഞാലിക്കുട്ടിക്ക് അപൂര്‍വ നേട്ടം; ഈ അവസരം മറ്റാര്‍ക്കും സാധ്യതയില്ല, കൂടെ മറ്റുചില പ്രത്യേകതകളും
മലപ്പുറം: മുസ്ലിം ലീഗിന്റെ ശക്തനായ നേതാവാണ് പികെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയുടെ മുഖം. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ മറിച്ചൊരു അഭിപ്രായം ലീഗിലുണ്ടാകില്ല. അടുത്തൊന്നും അങ്ങനെ സംഭവച്ചിട്ടില്ലതാനും. മുസ്ലിം ലീഗില്‍ ഇത്രത്തോളം ജനകീയനായ നേതാവില്ല എന്ന് പറയാം. എന്നാല്‍ ഈ അടുത്ത കാലത്തായി അദ്ദേഹം സ്വീകരിച്ച ചില തീരുമാനങ്ങള്‍ കടുത്ത വിമര്‍ശനത്തിനിടയാക്കി.
വേങ്ങരയില്‍ സ്വന്തം നാട്ടില്‍ പോലും അദ്ദേഹത്തിനെതിരെ വിമത നീക്കമുണ്ടായി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ പുതിയ നേട്ടം രേഖപ്പെടുത്തുകയാണ്...

കളംമാറ്റത്തില്‍ ജനം മടുത്തു
വേങ്ങരയില്‍ ഭൂരിപക്ഷത്തില്‍ അല്‍പ്പം കുറവുണ്ടായെങ്കിലും കുഞ്ഞാലിക്കുട്ടി ഇത്തവണയും നിയമസഭയിലെത്തി. 2016ല്‍ 38057 എന്ന റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം നിയമസഭയിലെത്തിയത്. പിന്നീട് ദില്ലിയിലേക്ക് ഒരുകൈ നോക്കി. തിരിച്ചെത്തി വീണ്ടും മല്‍സരിച്ചപ്പോഴാണ് വോട്ട് കുറഞ്ഞത്.

കുഞ്ഞാലിക്കുട്ടി കൈവരിച്ച നേട്ടം
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുഞ്ഞാലിക്കുട്ടി നാല് തവണയാണ് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചൊല്ലിയത്. ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച നിയമസഭയില്‍. 2016-2021 കാലത്ത് രണ്ട് തവണ നിയമസഭയിലേക്കും രണ്ട് തവണ പാര്‍ലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇത് കുഞ്ഞാലിക്കുട്ടിക്ക് മാത്രം സ്വന്തമായ റെക്കോര്‍ഡാണ്.

കുഞ്ഞാലിക്കുട്ടിയുടെ നോട്ടം
നിയമസഭയില്‍ മല്‍സരിക്കാന്‍ വേണ്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നോട്ടം പാര്‍ട്ടിയോ സമുദായമോ അല്ല, പകരം മറ്റുചിലതൊക്കെയാണ് എന്ന വിമര്‍ശനം ഉയരാനും ഈ തീരുമാനങ്ങള്‍ കാരണമായി.

ആ യാത്ര ഇങ്ങനെ
വേങ്ങര മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം ആദ്യം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ കുഞ്ഞാലിക്കുട്ടിയായിരുന്നു. 2016ലും ഇതാവര്‍ത്തിച്ചു. 2017ലാണ് ഇ അഹമ്മദിന്റെ വിയോഗം. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി എംഎല്‍എ പദവി രാജിവച്ച് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു.

മറ്റു രണ്ടുപേരെ ഏല്‍പ്പിച്ചു
2019ലെ പൊതു തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മികച്ച വിജയം നേടി. എന്നാല്‍ 2021ല്‍ അദ്ദേഹം തീരുമാനം മാറ്റി. ദില്ലി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇടി മുഹമ്മദ് ബഷീറിനെയും അബ്ദുസമദ് സമദാനിയെയും ദില്ലിയിലെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചെത്തി.

നേട്ടമില്ലാത്ത ചാട്ടങ്ങള്‍
കുഞ്ഞാലിക്കുട്ടിയുടെ കളംമാറ്റം ജനങ്ങള്‍ക്കിടയില്‍ വിപരീത ചര്‍ച്ചകള്‍ക്ക് ഇടയാക്കിയെങ്കിലും അഞ്ച് വര്‍ഷത്തിനിടെ നാല് തവണ സത്യപ്രതിജ്ഞ ചെയ്തുവെന്ന നേട്ടത്തിന് ഇത് കാരണമായി. രണ്ട് തവണ മലപ്പുറം മണ്ഡലത്തെയും രണ്ട് തവണ വേങ്ങര മണ്ഡലത്തെയുമാണ് ഇക്കാലത്ത് അദ്ദേഹം പ്രതിനിധീകരിച്ചത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പക്ഷേ, ദില്ലിയും കേരളത്തിലും കുഞ്ഞാലിക്കുട്ടിക്ക്് ഈ കളംമാറ്റം കാരണം നേട്ടമുണ്ടായില്ല എന്നത് വേറെ കാര്യം.

മറ്റുചില പ്രത്യേകതകള്‍
മറ്റുചില പ്രത്യേകതകളുമുണ്ട് ഇത്തവണ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍. രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചൊല്ലിയത് 65 വയസ് തികയാന്‍ ഒരു ദിവസം ബാകക്കിയുള്ളപ്പോഴാണ്. 77 കാരനായ ഉമ്മന്‍ ചാണ്ടി 12ാം തവണ എംഎല്‍എയായി. സഭയിലെ സീനിയറായ പിജെ ജോസഫ് എന്ന 79കാരന്‍ 10ാം തവണയും. ബാലുശേരിയില്‍ നിന്ന് ജയിച്ച സച്ചിന്‍ദേവ് എന്ന 28കാരനാണ് സഭയിലെ കുഞ്ഞ്.
എട്ടില്‍ ആരെ പിന്തുണയ്ക്കും; പൊളി ഫിറോസിന്റെ നിലപാട് ഇതാണ്... ഫാന്‍സുകാര്‍ക്ക് മറുപടി, 29 വരെ...
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications