'ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഫ്ലാറ്റിൽ നിന്നാൽ കാണാം'; 'ഇനി പുറത്തിറങ്ങരുതെന്നാണ് നിർദേശം'
മലപ്പുറം: യുക്രൈനിലെ തന്റെ ദുരനുഭവം പങ്കിട്ട് എംബിബിഎസ് വിദ്യാർഥിനി. യുക്രൈനിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ കൊണ്ടോട്ടി ചുങ്കം സ്വദേശിനി നിലോഫ ഷബീറയാണ് റഷ്യൻ ആക്രമത്തെ കുറിച്ച് വിവരിക്കുന്നത്.
ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഫ്ലാറ്റിൽ നിന്നും നോക്കിയാൽ കാണാം. താമസിക്കുന്നിടത്ത് നിന്ന് റഷ്യൻ അതിർത്തിയിലേക്ക് 50 കിലോമീറ്ററിൽ താഴെയാണ് ഉളളത്.
എംബിബിഎസ് വിദ്യാർഥിനിയുടെ വാക്കുകൾ ; -

'പുലർച്ചെ അഞ്ചിന് സ്ഫോടന ശബ്ദം കേട്ടാണ് ഉണർന്നത്. വൈകിട്ടും സ്ഫോടനങ്ങൾ തുടരുകയാണ്. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതും ബോംബും ഷെല്ലുകളും പൊട്ടുന്നതിന്റെ ശബ്ദങ്ങൾക്കിടയിൽ ആണ്. ഇനി ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങരുത് എന്നാണ് ലഭിച്ച നിർദേശം. ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഫ്ലാറ്റിൽ നിന്നും നോക്കിയാൽ കാണാം.
താമസിക്കുന്നിടത്ത് നിന്ന് റഷ്യൻ അതിർത്തിയിലേക്ക് 50 കിലോമീറ്ററിൽ താഴെയേ ഉള്ളൂ. യുക്രൈനിലെ ഖാർകിവ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ഞാൻ പഠിക്കുന്നത്. ജനവാസ മേഖലയാണ്.
അടുത്ത ദിവസം നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. ഇന്നലെ ബസിൽ വിമാനത്താവളത്തിലേക്കു പോയവരെ, ഷെല്ലാക്രമണത്തെത്തുടർന്ന് തിരിച്ച് ആയച്ചു. വിമാനത്താവളം അടച്ചു എന്നാണ് ഞാൻ കേട്ടത്. വൈകിട്ടോടെ എല്ലാവരെയും കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് മാറ്റി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. - നിലോഫ പറയുന്നു.












Click it and Unblock the Notifications