തങ്ങളുടെ പേരില്‍ ആശുപത്രി; ആ പത്രത്തിന് മാത്രം പരസ്യമില്ലെന്ന് ജലീല്‍, രണ്ടത്താണിയുടെ മറുചോദ്യം
മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ തിരൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ പുതിയ ആശുപത്രിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. ആശുപത്രിയുടെ ഉദ്ഘാടന പരസ്യം എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ ഒരു പത്രത്തിന് മാത്രം ആദ്യ പേജില്‍ പരസ്യം കണ്ടില്ല. ഇതിന്റെ ചിത്ര സഹിതം കെടി ജലീല്‍ എംഎല്‍എ ചോദ്യവുമായി രംഗത്തുവന്നു. ശിഹാബ് തങ്ങളുടെ പേരില്‍ ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ ഇത്തരം വേര്‍ത്തിരിവുകള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും തിരുത്താന്‍ ഇനിയും സമയം വൈകിയില്ല എന്നും കെടി ജലീല്‍ പറഞ്ഞു.
ആശുപത്രിയുടെ ചെയര്‍മാന്‍ മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണി ഇതിന് മറുപടിയുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചതും എടുത്തു പറഞ്ഞ രണ്ടത്താണി, എന്തുകൊണ്ട് ജലീല്‍ മാത്രം വന്നില്ല എന്ന് ചോദിച്ചു. തലേ ദിവസവും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും എന്തേ വന്നില്ല. പരസ്യകാര്യങ്ങള്‍ ബന്ധപ്പെട്ട വിഭാഗം നോക്കിക്കോളുമെന്നും രണ്ടത്താണി പറഞ്ഞു. രണ്ടുപേരുടെയും പ്രതികരണത്തിന്റെ പൂര്‍ണ രൂപം വായിക്കാം....

കെടി ജലീലിന്റെ വാക്കുകള്‍ ഇങ്ങനെ...
ഏവര്‍ക്കും സുസമ്മതനായിരുന്നു കാല യവനികക്കുള്ളില്‍ മറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ പേരില്‍ ഒരു സഹകരണ ആശുപത്രി തിരൂരില്‍ ആരംഭിച്ചത് എന്ത് കൊണ്ടും നന്നായി.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ഹോസ്പിറ്റലിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്.
ശിഹാബ് തങ്ങളെപ്പോലെ സുസമ്മതനായ ഒരാളുടെ പേരില്‍ ആരംഭിക്കുന്ന ഒരു പൊതു സ്ഥാപനത്തിന്റെ കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പിശക് സംഭവിച്ചു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് ബന്ധപ്പെട്ടവര്‍ തിരുത്തിയാല്‍ വലിയ കാര്യമാകും.
എല്ലാ പത്രങ്ങള്‍ക്കും ഹോസ്പിറ്റലിന്റെ പരസ്യം കൊടുത്തു. ഏറെ രാഷ്ട്രീയ വിയോജിപ്പുള്ള 'ജന്‍മഭൂമി'ക്ക് പോലും. നല്ല കാര്യം. മാറ്റി നിര്‍ത്തപ്പെട്ടത് 'സിറാജ്' ദിനപത്രം മാത്രമാണെന്നാണ് പ്രചരിക്കുന്ന വര്‍ത്തമാനം.
ഒരുമയെ കുറിച്ച് പ്രസംഗവും എഴുത്തും മാത്രം പോര. പ്രവൃത്തി പഥത്തിലും അതു വേണം. ശിഹാബ് തങ്ങളുടെ നാമത്തില്‍ തുടങ്ങുന്ന ഒരു മഹനീയ സംരംഭത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.
തുടക്കത്തിലേ ഉണ്ടായ കല്ലുകടി ഒഴിവാക്കാമായിരുന്നു. സമയം വൈകിയിട്ടില്ല. പറ്റിയ അബദ്ധം തിരുത്താന്‍ ഭരണസമിതി തയ്യാറായെങ്കില്‍ എത്ര നന്നായേനെ. ഒരാഗ്രഹം പങ്കുവെച്ചു എന്നു മാത്രം.
അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ മറുപടി ഇങ്ങനെ...
ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ ഉല്‍ഘാടനവുമായി ബന്ധപ്പെട്ട് ഒരു പത്രത്തിനു പരസ്യം കിട്ടിയില്ലെന്ന കെടി ജലീല്‍ എം എല്‍ എ യുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു.
കാലയവനികക്കുള്ളില്‍ മറഞ്ഞ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് അങ്ങേക്കുള്ള ആദരവ് പ്രകടിപ്പിക്കേണ്ടത് ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു.ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തലേന്ന് രാത്രിയും ഞാന്‍ അങ്ങയെ ക്ഷണിച്ചിരുന്നു.
'ഹോസ്പിറ്റല്‍ ശിഹാബ് തങ്ങളുടെ പ്രതീകാത്മക സ്മാരകമാണെന്നും കേരളമാകെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും' മുഖ്യമന്ത്രി പറയുമ്പോള്‍ അതിനു സാക്ഷിയാകാന്‍ അങ്ങ് എത്തേണ്ടതായിരുന്നു . ക്ഷണിക്കപ്പെട്ട മന്ത്രിമാര്‍ ,ജില്ലയിലെ എം പി മാര്‍,എം എല്‍ എ മാര്‍,ഉദ്യോഗസ്ഥ പ്രമുഖര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എല്ലാം പങ്കെടുത്ത വേദിയില്‍ അയല്‍പക്കത്തെ എം എല്‍ എ ആയിട്ടും അങ്ങു മാത്രം വന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റു മന്ത്രിമാരും ജന പ്രതിനിധികളും ജനനേതാക്കളും ചെയ്ത പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അങ്ങു വന്നില്ല.
അങ്ങ് ഹോസ്പിറ്റല്‍ സന്ദര്‍ശിക്കണം.ഈ ഹോസ്പിറ്റല്‍ അക്ഷരാര്‍ത്ഥത്തില്‍ ശിഹാബ്തങ്ങള്‍ വിഭാവനം ചെയ്ത ഒരുമയുടെ ഇടമാണെന്ന് അങ്ങേക്ക് ബോദ്ധ്യമാകും.
കക്ഷി രാഷ്ട്രീയത്തില്‍ വേര്‍ തിരിവുകളുടെ മഞ്ഞുരുകിയ വേദിയായിരുന്നു അത്.
(പത്ര പരസ്യം തികച്ചും ബിസിനസ്സ് പ്രശ്‌നമാണു.അത് പരസ്യവിഭാഗം കൈകാര്യം ചെയ്തു കൊള്ളും.)












Click it and Unblock the Notifications