'സ്വന്തം മക്കളെന്ത് ചെയ്യുന്നുവെന്ന് ആദ്യം നോക്ക്..' ; എടവണ്ണയിലെ സദാചാര ഫ്‌ളക്‌സിന് വിദ്യാര്‍ത്ഥികളുടെ മറുപടി
മലപ്പുറം: അഞ്ച് മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ ബസ് സ്റ്റാന്‍ഡില്‍ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഫ്‌ളക്‌സ് ബോര്‍ഡ് വെച്ച സദാചാരവാദികള്‍ക്ക് മറുപടിയുമായി വിദ്യാര്‍ത്ഥികള്‍. അഞ്ച് മണി കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലും പരിസരത്തും കണ്ടാല്‍ കൈകാര്യം ചെയ്തു കളയുമെന്ന് ആഹ്വാനം ചെയ്യാന്‍ ആര്‍ക്കും അധികാരവും അവകാശവുമില്ലെന്ന് സദാചാര കമ്മറ്റിക്കാര്‍ ഓര്‍ക്കണം എന്ന് പറഞ്ഞ് കൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ മറുപടി.
മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് എടവണ്ണ ബസ് സ്റ്റാന്‍ഡ് പരിസരത്ത് 'വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പ്' എന്ന് പറഞ്ഞ് കൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. എടവണ്ണ ജനകീയ കൂട്ടായ്മയുടെ പേരിലാണ് ബോര്‍ഡ് വെച്ചത്. എടവണ്ണ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടക്കം നാലിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ് എടവണ്ണയിലുള്ളത്.

ഇവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും കൂട്ടം കൂടി നില്‍ക്കുന്നത് പതിവാണ്. ഇത് ചൂണ്ടിക്കാട്ടി കൊണ്ടാണ് എടവണ്ണ ജനകീയ കൂട്ടായ്മയുടെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചത്. 'കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്നേഹപ്രകടനം കാഴ്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാര്‍ഥികളോട് ഞങ്ങള്‍ക്കൊന്നേ പറയാനൊള്ളു.
ഇനിമുതല്‍ ഇത്തരം ഏര്‍പ്പാടുകള്‍ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിര്‍ബന്ധമുളളവര്‍ക്ക് താലി കെട്ടി കൈപിടിച്ചു വീട്ടില്‍ കൊണ്ട് പോയി തുടരാവുന്നതാണ്. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോവുന്നവരെ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. ആയതിനാല്‍ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏല്‍പിക്കുന്നതുമാണ്.
ഇത് സദാചാര ഗുണ്ടായിസമല്ല.. വളര്‍ന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ് എന്നായിരുന്നു എടവണ്ണ ജനകീയ കൂട്ടായ്മ വെച്ച ബോര്‍ഡിലെ വാചകങ്ങള്‍. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ മറുപടി ഫ്‌ളക്‌സ് വെച്ചത്. ' ആധുനിക ഡിജിറ്റല്‍ സ്‌കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ്റ്റ് സ്റ്റാന്റിലേയും പരിസരത്തെയും കോണിക്കൂടിലേക്ക് സദാചാര ആങ്ങളമാര്‍ ടോര്‍ച്ചടിക്കുന്നതിന് മുമ്പ് അവനവന്റെ വിദ്യാര്‍ത്ഥികളായ മക്കള്‍ (ആണപെണ്‍ വ്യത്യാസമില്ലാതെ) കൈകാര്യം ചെയ്യുന്ന മൊബൈലും വാട്ട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ആദ്യമൊന്ന് തിരഞ്ഞ് നോക്കണം.
വിദ്യാര്‍ത്ഥികള്‍ക്ക് 7 എഎം മുതല്‍ 7 പിഎം വരെയാണ് കണ്‍സെഷന്‍ സമയം എന്നറിയാതെ 5 മണി കഴിഞ്ഞ് ബസ് സ്റ്റാന്റിലും പരിസരത്തും കണ്ടാല്‍ കൈകാര്യം ചെയ്തു കളയുമെന്ന് ആഹ്വാനം ചെയ്യാനും ബോര്‍ഡ് വെക്കാനും ഒരു വ്യക്തിക്കോ, സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് സദാചാര കമ്മറ്റിക്കാര്‍ ഓര്‍ക്കണം എന്നാണ് വിദ്യാര്‍ത്ഥി പക്ഷം, എടവണ്ണ പേരില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ മറുപടി. അതേസമയം പ്രശ്‌നം വഷളാകാതെയിരിക്കാന്‍ എടവണ്ണ പൊലീസ് എത്തി രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും എടുത്ത് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications