മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ കര്‍ണാടകത്തിനൊപ്പം; പ്രമേയം പാസാക്കി, നോട്ടീസ് നല്‍കി സംസ്ഥാനം
മുംബൈ: മഹാരാഷ്ട്രയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ ഞെട്ടിച്ച നീക്കവുമായി 11 ഗ്രാമങ്ങള്‍. ഇവര്‍ കര്‍ണാടകയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് കര്‍ണാടക സംസ്ഥാനത്തിനോട് ലയിക്കാനാണ് താല്‍പര്യമെന്ന് കാണിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. സോലാപൂരിലെ അക്കല്‍ക്കോട്ടിലുള്ള പതിനൊന്ന് ഗ്രാമങ്ങളാണ് ഞെട്ടിച്ചിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്തിനാണ് കര്‍ണാടകവുമായി ചേരാന്‍ ഇവര്‍ പ്രമേയം പാസാക്കിയതെന്ന് വിശദീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടകത്തിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതായിരുന്നു ഇവരുടെ പ്രമേയം.
അതേസമയം നോട്ടീസിന് പിന്നാലെ തങ്ങള്‍ ഈ പ്രമേയം റദ്ദാക്കിയതായി പത്ത് ഗ്രാമങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്രയ്‌ക്കൊപ്പം നില്‍ക്കാനാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നും ഇവര്‍ അറിയിച്ചു. അക്കാല്‍കോട് താലൂക്ക് പതിനൊന്ന് ഗ്രാമപഞ്ചായത്തുകള്‍ക്കും നോട്ടീസ് അയച്ചതായി സ്ഥിരീകരിച്ചു.

ഇവിടെയുള്ള ഗ്രാമപഞ്ചായത്തുകള്‍ മഹാരാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ട അവശ്യ സൗകര്യങ്ങളെല്ലാം നല്‍കിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് കര്‍ണാടകയോട് കൂറുകാണിക്കുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും, സഹായത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് പകരം സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനം എന്തിന് നടത്തിയെന്നാണ്് സര്‍ക്കാര്‍ ചോദിക്കുന്നത്. പത്ത് പഞ്ചായത്തുകള്‍ മറുപടി നല്‍കിയതായും ബ്ലോക് ഡെവലെപ്‌മെന്റ് ഓഫീസര്‍ സച്ചിന്‍ കുഡെ പറഞ്ഞു.
ഇതില്‍ പത്ത് ഗ്രാമപഞ്ചായത്തുകള്‍ പ്രമേയം പിന്‍വലിച്ചതായും, മഹാരാഷ്ട്രയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായും മറുപടിയില്‍ പറയുന്നുണ്ട്. അതേസമയം പതിനൊന്നാമത്തെ ഗ്രാമപഞ്ചായത്തിന്റെ സര്‍പഞ്ച് സംസ്ഥാനത്തില്ലെന്ന് ഇവര്‍ മറുപടിയില്‍ വ്യക്തമാക്കി. അക്കാല്‍കോട്ട് എംഎല്‍എ സച്ചിന്‍ കല്യാണ്‍ഷെട്ടി പറയുന്നത് പതിനൊന്ന് പഞ്ചായത്തുകളും പ്രമേയം പാസാക്കിയെന്നാണ്.
എല്ലാ ഗ്രാമപഞ്ചായത്തുകളുമായും ഇക്കാര്യത്തില്‍ സംസാരിച്ചു. ഇവരുടെ ഗ്രാമങ്ങളില്‍ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് വിശദീകരിച്ച് കൊടുത്തു. അതേസമയം ഒരു ഗ്രാമത്തലവന്‍ പോലും പ്രശ്‌നങ്ങള്‍ ഉന്നയിച്ചില്ലെന്നും കല്യാണ്‍ഷെട്ടി പറഞ്ഞു. ഇവര്‍ പ്രമേയം പാസാക്കാമെന്ന് പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും കല്യാണ്‍ഷെട്ടി പറഞ്ഞു. റോഡുകള്‍ അടക്കമുള്ള കാര്യങ്ങളാണ് ഗ്രാമവാസികള്‍ ചോദിച്ചത്.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ നിര്‍മാണങ്ങളും തടസ്സപ്പെട്ട് നില്‍ക്കുകയാണ്. ഒപ്പം വര്‍ഷകാലം വൈകിയതും പ്രശ്‌നമായി മാറിയെന്നും കല്യാണ്‍ഷെട്ടി പറഞ്ഞു. അതേസമയം ഈ ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമനസ്സോടെയല്ല പ്രമേയം പിന്‍വലിച്ചത്. ഇവര്‍ പറയുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍ പരാജയമായി മാറിയെന്നാണ്.












Click it and Unblock the Notifications