അവരെന്റെ അമ്മയെ വെറും ലൈംഗിക തൊഴിലാളിയാക്കി, ആലിയയുടെ ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബം
മുംബൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം ഗംഗുഭായ് കാത്തിയവാഡിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിനെതിരെ ബോളിവുഡിലെ ഒരു വിഭാഗം കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ ഗംഗുഭായിയുടെ കുടുംബമാണ് ആലിയ ഭട്ട് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഗംഗുഭായിയുടെ വളര്‍ത്തുമകന്‍ ബാബു റാവോജി ഷായും പേരക്കുട്ടി ഭാരതിയുമാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ബാബു റാവോജി നേരത്തെ ഗംഗുഭായിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. ചിത്രത്തിന്റെ റിലീസ് തടയാന്‍ പക്ഷേ മുംബൈ കോടതി തയ്യാറായിരുന്നില്ല.

എന്റെ അമ്മയെ വെറുമൊരു സെക്‌സ് വര്‍ക്കറായി, വേശ്യയായി കാണിക്കാനാണ് ഗംഗുഭായ് എന്ന ചിത്രം ശ്രമിക്കുന്നത്. തന്റെ അമ്മയെ കുറിച്ച് വളരെ മോശം കാര്യങ്ങളാണ് ഇപ്പോള്‍ ആളുകള്‍ പറഞ്ഞ് നടക്കുന്നതെന്ന് ബാബുറാവോജി ഷാ പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ ഗംഗുഭായിയുടെ കുടുംബം ആകെ ഷോക്കിലാണെന്ന് അവരുടെ കുടുംബ വക്കീല്‍ നരേന്ദ്ര പറയുന്നു. ചിത്രത്തില്‍ ഗംഗുഭായിയെ കാണിച്ചിരിക്കുന്ന വിധം തീര്‍ത്തും തെറ്റാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അതില്‍ പറയുന്നത്. വളരെ മോശമായ രീതിയിലാണ് അതില്‍ ഗംഗുഭായിയെ അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകയെയാണ് നിങ്ങള്‍ അഭിസാരികയാക്കി കാണിക്കുന്നത്. ഏത് കുടുംബമാണ് ഇതൊക്കെ ഇഷ്ടപ്പെടുക. ഗംഗുഭായിയെ ലേഡി ഡോണ്‍ ആയിട്ടാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് നരേന്ദ്ര പറഞ്ഞു. ബാബു റാവു നല്‍കിയ കേസ് ഇപ്പോഴും കോടതിയില്‍ ഉണ്ട്. ഇവിടെ നിയമത്തിന് പ്രശ്‌നങ്ങളുണ്ട്. ഇത്തരം തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനെ തിരുത്തുന്നതിന് പകരം ഗംഗുഭായിയുടെ മകന്‍ തന്നെയാണ് വന്നിരിക്കുന്നതെന്നതിന് തെളിവ് നല്‍കാനാണ് കോടതി പറയുന്നത്. അക്കാര്യം ഞങ്ങള്‍ കോടതിയില്‍ തെളിയിച്ച് കഴിഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ വാദം കേള്‍ക്കാന്‍ ഇതുവരെ കോടതി തയ്യാറായിട്ടില്ലെന്നും നരേന്ദ്ര വ്യക്തമാക്കി.

2020ലാണ് ഞങ്ങളുടെ പോരാട്ടം തുടങ്ങിയത്. ഗംഗുഭായിയുടെ ചിത്രത്തില്‍ അവരെ അവതരിപ്പിച്ചിരിക്കുന്ന വിധി ആ കുടുംബത്തെ ആകെ മോശക്കാരാക്കുകയാണ്. അവര്‍ ഒളിച്ച് കഴിയുകയാണ്. വീടുകള്‍ തുടര്‍ച്ചയായി മാറേണ്ട അവസ്ഥയാണ്. അന്ധേരിയിലേക്കും ബോറിവലിയിലേക്കും മാറേണ്ടി വന്നു. ഒരുപാട് ബന്ധുക്കള്‍ അവരെ അവതരിപ്പിച്ചിരിക്കുന്ന വിധത്തെ കുറിച്ച് ചോദിച്ചു. കുടുംബത്തിലുള്ളവര്‍ പലരും അവര്‍ ശരിക്കും സെക്‌സ് വര്‍ക്കറാണോയെന്ന് ചോദിച്ചു. സാമൂഹ്യ പ്രവര്‍ത്തകയല്ല എന്നാണല്ലോ പറയുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. അവരുടെ മനോനില ആകെ തകര്‍ന്നിരിക്കുകയാണ്. ആര്‍ക്കും സമാധാനത്തോടെ ജീവിക്കാനാവുന്നില്ലെന്നും നരേന്ദ്ര പറഞ്ഞു.

സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കും എഴുത്തുകാരന്‍ ഹുസൈന്‍ സെയ്ദിക്കും താന്‍ നോട്ടീസ് അയച്ചു. ഇരുവരും ഇതുവരെ മറുപടിയൊന്നും തന്നിട്ടില്ലെന്നും നരേന്ദ്ര വ്യക്തമാക്കി. പണത്തിന് വേണ്ടി തന്റെ കുടുംബത്തെ മോശക്കാരാക്കി ബോളിവുഡ് കാണിച്ചിരിക്കുകയാണെന്ന് ഗംഗുഭായിയുടെ പേരക്കുട്ടി ഭാരതി പറഞ്ഞു. അത് അംഗീകരിക്കാനാവില്ല. തന്റെ കുടുംബത്തിലുള്ളവരുടെ സമ്മതം വാങ്ങിയല്ല ആ ചിത്രമെടുത്തത്. ആ പുസ്തകം ഹുസൈന്‍ സെയ്ദി എഴുതുന്നതിന് മുമ്പും ചോദിച്ചിരുന്നില്ല. എന്റെ മുത്തശ്ശി കാമാത്തിപുരയിലായിരുന്നു ജീവിച്ചത്. അവിടെ ജീവിക്കുന്നവരെല്ലാം വേശ്യകളാവുമോ? നാല് കുട്ടികളെ അവര്‍ ദത്തെടുത്തിട്ടുണ്ട്. ശകുന്തള രഞ്ജിത്ത് കാവി, സുശീല റെഡ്ഡി, എന്നിവര്‍ക്ക് പുറമേ രണ്ട് ആണ്‍കുട്ടികളും അവര്‍ക്കുണ്ടായിരുന്നുവെന്ന് ഭാരതി പറഞ്ഞു.

ഞങ്ങള്‍ ഈ കുടുംബത്തിലുള്ളവരാണ്. എന്നാല്‍ ഇന്ന് ഞങ്ങളെ അംഗീകരിക്കപ്പെടാത്ത അനധികൃതക്കാരായിട്ടാണ് കാണുന്നത്. മുത്തശ്ശി ഞങ്ങളെ ദത്തെടുക്കുമ്പോള്‍ അത്തരം കര്‍ശനമായ നിയമങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ഭാരതി പറയുന്നു. ഗംഗുഭായിയുടെ കഥകള്‍ ഞങ്ങള്‍ അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ അവര്‍ സെക്‌സ് വര്‍ക്കറാണെന്ന് പലരും പറയുന്നു. എന്നാല്‍ സെക്‌സ് വര്‍ക്കര്‍മാരുടെ ഉന്നമനത്തിന് വേണ്ടിയാണ് അവര്‍ ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്ത് മോശമായിട്ടാണ് അവര്‍ ഗംഗുഭായിയുടെ ജീവിതത്തെ മാറ്റിയിരിക്കുന്നതെന്നും ഭാരതി ചോദിച്ചു.












Click it and Unblock the Notifications