സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ 11 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു, ശിവസേന പ്രതിരോധത്തില്‍
മുംബൈ: ശിവസേനയെ പ്രതിരോധത്തിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രമുഖ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യയടക്കം മൂന്ന് പേരുടെയും സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു. റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിന്റെയും മറ്റ് മൂന്ന് പേരുടെയും കൈവശമുള്ള 11.15 കോടിയുടെ സ്വത്താണ് പിടിച്ചെടുത്തതാണ്.
പത്ര ചാവല്‍ വികസനവുമായി ബന്ധപ്പെട്ട് അനധികൃത ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്വത്തുക്കള്‍ പിടിച്ചെടുത്തത്. അതേസമയം ശിവസേന ഈ വിഷയത്തില്‍ ആകെ പ്രതിരോധത്തിലാണ്. നേരത്തെ തന്നെ തങ്ങളുടെ കുടുംബത്തെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നുവെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു.

ബിസിനസുകാരനായ പ്രവീണ്‍ റാവത്ത്, സ്വപ്‌ന പട്കര്‍, എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. സ്വപ്‌ന പട്കര്‍ സഞ്ജയ് റാവത്തിന്റെ അടുപ്പക്കാരനായ സുജിത് പട്കറുടെ ഭാര്യയാണ്. ഭൂമിയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഇഡി പറഞ്ഞു. പ്രവീണ്‍ റാവത്തിന്റെ മുംബൈയില്‍ പാല്‍ഗഡിലുള്ള ഭൂമി, വര്‍ഷ റാവത്തിന് ദാദറിലുള്ള ഫ്‌ളാറ്റ്, അലിബാഗിലെ കിഹിം ബീച്ചിലുള്ള സ്ഥലം എന്നിവയാണ് പിടിച്ചെടുത്തത്. കിഹിം ബീച്ചിലുള്ള പ്ലോട്ട് വര്‍ഷ റാവത്തും സ്വപ്‌ന പട്കറും സംയുക്തമായി കൈവശം വെച്ചിരിക്കുന്നതായിരുന്നു. ഫെബ്രുവരി നാലിന് പ്രവീണ്‍ റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ഹൗസിംഗ് ഡെവലെപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ നിന്ന് നൂറ് കോടി രൂപ പ്രവീണ്‍ റാവത്തിന് ലഭിച്ചതായി കേന്ദ്ര ഏജന്‍സി കണ്ടെത്തിയിരുന്നു. ഈ പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു പ്രവീണ്‍. വിശ്വസ്തരുടെയും കുടുംബാംഗങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കാണ് പണം. ഇതില്‍ സഞ്ജയ് റാവത്തിന്റെ കുടുംബത്തിന്റെ അക്കൗണ്ടിലേക്കും പണം വന്നിട്ടുണ്ട്. 672 പേര്‍ക്ക് ഫ്‌ളാറ്റുകള്‍ ഉണ്ടാക്കി നല്‍കാമെന്നായിരുന്നു കരാര്‍. ബാക്കിയുള്ളത് സ്വകാര്യ ഡെവലെപ്പര്‍മാര്‍ക്ക് വില്‍ക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രവീണ്‍ റാവത്ത് അടക്കമുള്ളവര്‍ എംഎച്ച്എഡിഎയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കണ്ടെത്തല്‍.

ഫ്‌ളോര്‍ സ്‌പേസ് ഇന്‍ഡക്‌സ് ഒമ്പത് ഡെവലെപ്പര്‍മാര്‍ക്കായി പ്രവീണ്‍ റാവത്ത് അടക്കമുള്ളവര്‍ വിറ്റുവെന്നും, 901.79 കോടി ഇത്തരത്തില്‍ നേടിയെന്നുമാണ് ഇഡി പറയുന്നത്. വീടില്ലാതായി പോയി 672 പേര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ച് കൊടുക്കാന്‍ പോലും ഇവര്‍ തയ്യാറായില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അനധികൃത ഇടപാടുകളിലൂടെ 1039.79 കോടി രൂപയാണ് ഇവര്‍ സ്വരൂപിച്ചത്. 2010ല്‍ 83 ലക്ഷം രൂപ മാധുരി റാവത്ത് വര്‍ഷ റാവത്തിന്റെ അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് ഇഡി പറയുന്നു. ഈ പണം ഉപയോഗിച്ചാണ് വര്‍ഷ റാവത്ത് ദാദറില്‍ ഫ്‌ളാറ്റ് വാങ്ങിയത്. ഇഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെ വര്‍ഷ റാവത്ത് 55 ലക്ഷം രൂപ മാധുരി റാവത്തിന്റെ അക്കൗണ്ടിലേക്ക് നല്‍കിയിട്ടുണ്ട്.

ഗോറേഗാവിലാണ് പത്ര ചാവല്‍ പുനര്‍ വികസന പദ്ധതി ഒരുങ്ങിയിരുന്നത്. ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഡയറക്ടറാണ് പ്രവീണ്‍ റാവത്ത്. മഹാരാഷ്ട്ര ഹൗസിംഗ് ഏരിയ ഡെവലെപ്‌മെന്റ് അതോറിറ്റിയുടെ കൈവശമുള്ള 47 ഏക്കര്‍ ഭൂമിയില്‍ 672 പേര്‍ക്കായി വീട് വെച്ച് കൊടുക്കുന്നതായിരുന്നു പദ്ധതി. പ്രവീണ്‍ റാവത്തിന്റെ കമ്പനിക്കായിരുന്നു പദ്ധതി നടപ്പാക്കാനുള്ള ചുമതല. ഈ 672 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിക്കലായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ഗുരു ആശിഷ് കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാര്‍ക്കാപ്പം ചേര്‍ന്ന് ഫ്‌ളോര്‍ സ്‌പേസ് അനധികൃതമായി വിറ്റുവെന്നാണ് കണ്ടെത്തല്‍. ഒരു ഭൂമിയില്‍ ഒരാള്‍ക്ക് പരമാവധി വീടുകള്‍ കെട്ടാനുള്ള അനുമതിയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ അത് ഉപയോഗിച്ച് 1034 കോടി രൂപയാണ് അനധികൃതമായി കമ്പനി ഉണ്ടാക്കിയത്.

കരാര്‍ പ്രകാരം ഇത്രയും ആളുകളെ പുനരധിവസിപ്പിക്കാനുള്ള ഫ്‌ളാറ്റുകള്‍ കൈമാറാതെയായിരുന്നു ഈ പണമിടപാടുകള്‍ അനധികൃതമായി നടത്തിയത്. പ്രവീണ്‍ റാവത്തിന് ഈ തട്ടിപ്പില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. രാകേഷ് കുമാര്‍ വധാവന്‍, സാരംഗ് വധാവാന്‍ എന്നിവരുടെ സഹായവും പ്രവീണിനുണ്ടായിരുന്നു. മുംബൈ പോലീസ് ഫയല്‍ ചെയ്ത കേസിന്റെ ഫലത്തിലാണ് ഇഡി ഈ കേസ് ഏറ്റെടുക്കുന്നത്. ഈ അഴിമതിക്ക് പുറമേ പദ്ധതിയുടെ പേരില്‍ ഇവര്‍ ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്. ഓഹരി വില്‍പ്പനയിലൂടെയും ഭൂമി ഇടപാടിലൂടെയും പ്രവീണ്‍ റാവത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ 2010ല്‍ 95 കോടി രൂപ എത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.












Click it and Unblock the Notifications