രോഗലക്ഷണങ്ങളില്ലാത്തവര്‍ കൂടുന്നു, മഹാരാഷ്ട്ര 36265 പുതിയ കേസുകള്‍, മുംബൈയില്‍ മാത്രം 20181
മുംബൈ: ഒമൈക്രോണ്‍ വ്യാപനത്തില്‍ വിറച്ച് മുംബൈ. പ്രതിദിന വര്‍ധനവ് 33 ശതമാനമാണ് കടന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 36265 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത്യന്തം ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മുംബൈ കൊവിഡ് ഹബ്ബായി മാറിയിരിക്കുകയാണ്. മുംബൈയില്‍ മാത്രം ഇന്ന് 20181 കേസുകളാണ് പുതിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന വര്‍ധനവിലെ തന്നെ റെക്കോര്‍ഡാണിത്. നാല് മരണങ്ങളും രേഖപ്പെടുത്തി. 85 സതമാനം കേസുകളും യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരാണ്. ആശുപത്രികളിലെ മൊത്തം കപ്പാസിറ്റിയുടെ 16.8 ശതമാനം നിറഞ്ഞിരിക്കുകയാണ്.

24 മണിക്കൂറിനിടെയുണ്ടായ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം മുംബൈയില്‍ പുതിയ രോഗികളില്‍ 1170 പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ 106 പേര്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ സേവനം ആവശ്യമാണ്. നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് രോഗികളുള്ളത്. കഴിഞ്ഞ ദിവസം മുംബൈയില്‍ 15166 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒമൈക്രോണ്‍ കേസുകളിലും മഹാരാഷ്ട്രയാണ് മുന്നില്‍. മൂന്നാം തരംഗമാണ് മഹാരാഷ്ട്രയില്‍ ആഞ്ഞുവീശുന്നത്. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും വന്‍ തോതില്‍ പോസിറ്റീവായി കൊണ്ടിരിക്കുകയാണ്.
ഒമൈക്രോണാണ് നഗരത്തില്‍ കൂടുതല്‍ വ്യാപനത്തിന് ഇടയാക്കുന്നത്. സംസ്ഥാനത്താകെ ഇതുവരെ 876 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 220 ഡോക്ടര്‍മാര്‍ക്കും മുംബൈ നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നഗരത്തിലാകെ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉള്ളത്. ബീച്ചുകളിലും ഗ്രൗണ്ടുകളിലും പാര്‍ക്കുകളിലുമെല്ലാം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നിയന്ത്രണങ്ങള്‍ നഗരത്തിലുണ്ട്. ജനുവരി പതിനഞ്ച് വരെ ഇത് തുടരും. ആള്‍ക്കൂട്ടങ്ങള്‍ ധാരാളം വരുന്ന പരിപാടികള്‍ക്കെല്ലാം നഗരത്തില്‍ വിലക്കുണ്ട്. വാര്‍ഡ് തലത്തിലുള്ള വാര്‍ റൂമുകള്‍ വീണ്ടും തുറന്നിരിക്കുകയാണ് ബിഎംസി. കേസുകള്‍ വര്‍ധിച്ച് വരുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. 24 വാര്‍ഡുകളിലും വാര്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
്അതേസമയം കിംഗ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ 150ഓളം ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിയോണ്‍ ആശുപത്രിയിലെ 80 പേര്‍ക്കും ഇതേ പോലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 260 ഡോക്ടര്‍മാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ഡോക്ടേഴ്‌സ് റെസിഡെന്റ് അസോസിയേഷന്‍ പറയുന്നു. നഗരത്തിലെ പൊതുഗതാഗത സര്‍വീസിലെ അറുപതോളം ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും എണ്ണം കുറയുന്നത് ആരോഗ്യ മേഖലയ്ക്ക് തന്നെ പ്രതിസന്ധിയാവുമെന്ന് മുംബൈ കരുതുന്നുണ്ട്. തല്‍ക്കാലം ആശുപത്രിയിലേക്ക് എത്തുന്ന കേസുകള്‍ കുറവാണ്. നഗരത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളൊന്നും നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.












Click it and Unblock the Notifications