ഒമൈക്രോണ്‍ ഭീതി, കൂടിചേരലുകള്‍ക്ക് അനുമതി നിഷേധിച്ച് മുംബൈ, 48 മണിക്കൂര്‍ നിരോധനം
മുംബൈ: മഹാരാഷ്ട്ര ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വലിയ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും അനുമതി നിഷേധിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വലിയ രീതിയിലുള്ള ഒത്തുചേരുകള്‍ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് മുംബൈ നഗരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് വയസ്സുള്ള കുഞ്ഞിന് അടക്കം ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചത്. വെള്ളിയാഴ്ച്ച ഏഴ് കേസുകള്‍ കൂടി മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മൊത്തം കേസുകള്‍ 32 ആയി ഉയരുകയും ചെയ്തു. ഇന്ത്യയില്‍ വാക്‌സിന്‍ എടുത്തത് കൊണ്ട് ജാഗ്രത വന്‍ തോതില്‍ കുറയുന്നുവെന്നാണ് ഐസിഎംആറും ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്.

നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. മുംബൈയിലെ കമ്മീഷണറേറ്റ് പരിധിയിലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ഇവുടെ റാലികളും പ്രതിഷേധ മാര്‍ച്ചുകളും അനുവദിക്കില്ല. ഇത്തരം റാലികളിലേക്ക് ജനങ്ങളെ വരാനും അനുവദിക്കില്ല. ഒപ്പം വാഹനങ്ങളെയും അനുവദിക്കില്ല. ഇത് അടുത്ത രണ്ട് ദിവസത്തേക്കാണ് ഉണ്ടാവുക. ശനിയും ഞായറുമാണ് ഈ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. മുംബൈയില്‍ ഏറ്റവും തിരക്കേറിയ ദിനം കൂടിയാണിത്. ഒമൈക്രോണ്‍ ശരിക്കും ഭീതി പടര്‍ത്തുന്നുണ്ടെന്ന് മുംബൈ പോലീസ് പറയുന്നു. അമരാവതിയിലും നന്ദേഡിലും മലേഗാവിലും ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൂടി മുന്നില്‍ കണ്ടുള്ള തീരുമാനമാണിത്.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും പ്രതിസന്ധിയുണ്ടായ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഏറ്റവും കൂടുതല്‍ മരണങ്ങളും രോഗികളും ഉണ്ടായിരുന്നത് മഹാരാഷ്ട്രയിലായിരുന്നു. ദീര്‍ഘകാലം സംസ്ഥാനത്തിന്റെ പല മേഖലയും അടച്ചിടേണ്ടി വന്നിരുന്നു. അതുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാന്‍ ഏറ്റവും സജ്ജമായിരിക്കുകയാണ് മഹാരാഷ്ട്ര. വാക്‌സിനേഷനും അതിവേഗത്തില്‍ നടക്കുന്നുണ്ട്. നിലവില്‍ ഒമൈക്രോണ്‍ കേസുകള്‍ ഏറ്റവും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈ ഒമൈക്രോണ്‍ ഹബ്ബായി മാറാതിരിക്കാന്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ അടക്കം മാസ്‌ക് ഉപയോഗം കുറയുന്നതും ആശങ്കയാണ്.
മുംബൈയില്‍ നിന്നുള്ള മൂന്ന് പേരും പുതിയ ഒമൈക്രോണ്‍ രോഗികളില്‍ വരും. എല്ലാം 50 വയസ്സിന് താഴെയുള്ളവരാണ്. എന്നാല്‍ ഇവര്‍ ഒമൈക്രോണ്‍ സാന്നിധ്യം ശക്തമായുള്ള ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക-നൈറോബി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തവരാണ്. മുംബൈയില്‍ മൊത്തം അഞ്ച് രോഗികളാണ് ഉള്ളത്. ടാന്‍സാനിയയില്‍ നിന്ന് വന്ന വ്യക്തി ജനസാന്ദ്ര കൂടുതലുള്ള ധാരാവി മേഖലയില്‍ നിന്നുള്ളയാളാണ്. ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ല. സമ്പര്‍ക്കം ഉണ്ടാവും മുമ്പേ ഇയാളെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഡിസംബര്‍ നാലിനാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വാക്‌സിനും എടുത്തിരുന്നില്ല. ഇയാളുമായി അടുത്ത സമ്പര്‍ക്കമുണ്ടെന്ന് കരുതിയവര്‍ നെഗറ്റീവാണ്. ലണ്ടനില്‍ നിന്ന് വന്നയാള്‍ക്കും യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications