സെക്‌സില്‍ സംശയമോ, ഈ തൊണ്ണൂറുകാരനോട് ചോദിക്കൂ
മുംബൈ: ഡോക്ടര്‍ എന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്, ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടി അതീവ സുന്ദരിയാണ്... തളത്തില്‍ ദിനേശന്റെ പ്രശസ്തമായ ഈ കത്ത് ഓര്‍മയില്ലേ. ഇത് പോലുള്ള ആയിരക്കണക്കിന് കത്തുകളാണ് ഓരോ ദിവസവും മഹീന്ദര്‍ വാട്‌സയെ തേടിയെത്തുന്നത്. മുംബൈയിലെ പ്രശസ്തമായ ദിനപ്പത്രത്തിലെ സെക്‌സ്‌പേര്‍ട്ട് കോളമിസ്റ്റാണ് തൊണ്ണൂറുകാരനായ മഹീന്ദര്‍ വാട്‌സ.
ഈ മെയിലിലൂടെയും പോസ്റ്റ് ഓഫീസ് വഴിയും തനിക്ക് വായനക്കാരുടെ സംശയങ്ങള്‍ കിട്ടാറുണ്ട് എന്ന് വാട്‌സ പറയുന്നു. വടക്കുനോക്കിയന്ത്രത്തിൽ ശ്രീനിവാസന്‍ സൃഷ്ടിച്ച കഥാപാത്രത്തെപ്പോലെ മനശാസ്ത്ര വിദഗ്ധനല്ല വാട്‌സ, സെക്‌സ് എക്‌സ്‌പേര്‍ട്ടാണ്. അതുകൊണ്ട് തന്നെ വാട്‌സയ്ക്ക് കിട്ടുന്ന കത്തുകളും അത്തരത്തിലുള്ളതാണ്. സെക്‌സ് എന്ന വാക്ക് പാപം പോലെ കൊണ്ടുനടക്കുന്ന സമൂഹമായതിനാല്‍ വാട്‌സയെപ്പോലുള്ള സെക്‌സ്‌പേര്‍ട്ടുകള്‍ക്കും ജോലി കൂടും.

തന്നെക്കാളും അറുപതും എഴുപതും വയസ്സിന് ഇളയ ആളുകള്‍ക്കാണ് വാട്‌സ ഉത്തരങ്ങള്‍ നല്‍കുന്നത്. വാട്‌സയ്ക്ക് കിട്ടുന്ന ചോദ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുക വലിപ്പത്തെ ചൊല്ലിയുള്ള വേവലാതികളാണത്രെ. വലിപ്പത്തെയും വളവിനെയും ചൊല്ലി ആശങ്കപ്പെട്ട്, അന്തര്‍മുഖരായിപ്പോകുന്നവരുടെ കത്തുകള്‍ വായിച്ച് വാട്‌സ ചിരിക്കുകയോ കരയുകയോ ചെയ്യാറില്ല. ഒരു മുത്തച്ഛന്റെ കരുതലോടെ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കും.
മുംബൈ മിററിലെ കോളമിസ്റ്റാണ് മഹീന്ദര്‍ വാട്‌സ. പത്രത്തിലെ എഡിറ്ററോട് നിരന്തരം എഴുതിച്ചോദിച്ച് വായനക്കാരില്‍ പലരും വാട്‌സയുടെ നമ്പര്‍ സ്വന്തമാക്കും. ദിവസവും നിരവധി ഫോണ്‍ കോളുകള്‍ തനിക്ക് വരുമെന്ന് വാട്‌സ പറയുന്നു. മിലിട്ടറി ഡോക്ടറുടെ മകനായ വാട്‌സ ഗൈനക്കോളജി സ്‌പെഷലിസ്റ്റാണ്. സര്‍ക്കാരിന്റെ കുടുംബാസൂത്രണ പരിപാടികളില്‍ സഹകരിച്ച പരിചയം വെച്ചാണ് മുംബൈ മിററില്‍ വാട്‌സ തന്റെ കോളം തുടങ്ങിയത്.












Click it and Unblock the Notifications