ഷാരൂഖിന്റെ മാനേജര്‍ 50 ലക്ഷം നല്‍കി, ആര്യനെ രക്ഷിക്കാന്‍ ഗോസാവി പണം വാങ്ങിയെന്ന് ഇടനിലക്കാരന്‍
മുംബൈ: ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ നിന്ന് രക്ഷിക്കാന്‍ കിരണ്‍ ഗോസാവി പണം വാങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജാ ദദ്‌ലാനിയില്‍ നിന്നാണ് പണം വാങ്ങിയതെന്ന് കേസിലെ ഇടനിലക്കാരനായ സാം ഡിസൂസയുടെ വെളിപ്പെടുത്തല്‍. ക്രൂയിസ് ഷിപ്പില്‍ നടന്ന റെയ്ഡിലെ സ്വതന്ത്ര സാക്ഷിയാണ് ഗോസാവി. ഇയാള്‍ കഴിഞ്ഞ ദിവസം പൂനെ പോലീസിന്റെ പിടിയിലായിരുന്നു. ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസാണിത്. എന്‍സിബി ഈ വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് നിര്‍ണായക വെളിപ്പെടുത്തല്‍ സാം ഡിസൂസ തന്നെ വെളിപ്പെടുത്തിയത്.

ഗോസാവിക്ക് 50 ലക്ഷം രൂപയാണ് ഷാരൂഖിന്റെ മാനേജറില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ താന്‍ അത് വേണ്ടെന്ന് നിര്‍ബന്ധം പിടിച്ചു. ആ പണം മടക്കി നല്‍കിയെന്നും ഡിസൂസ പറഞ്ഞു. എന്‍സിബിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ഈ ഡീലില്‍ യാതൊരു റോളുമില്ല. അദ്ദേഹത്തിന് വേണ്ടിയാണ് പണം വാങ്ങിയതെന്ന് പറയുന്നത് നുണയാണ്. താനുമായി മാത്രമാണ് കിരണ്‍ ഗോസാവി ബന്ധപ്പെട്ടിരുന്നത്. ഈ ഇടപാടിനെ കുറിച്ച് ഞങ്ങള്‍ മാത്രമാണ് അറിഞ്ഞിരുന്നത്. ഗോസാവി പലരെയും വഞ്ചിക്കുന്നയാളാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ആ പണം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും സാം ഡിസൂസ വ്യക്തമാക്കി.
അതേസമയം ഷാരൂഖിന്റെ മാനേജര്‍ പൂജ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. സമീര്‍ വാങ്കഡെ തനിക്ക് ഈ പണമിടപാടുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഷാരൂഖില്‍ നിന്ന് 18 കോടി വാങ്ങിയെന്നും, അതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്കുള്ളതാണെന്നും ഗോസാവിയുടെ ബോഗിഡാര്‍ഡ് പറഞ്ഞിരുന്നു. കേസില്‍ കിരണ്‍ ഗോസാവി അറസ്റ്റിലായതോടെ ചൂട് പിടിച്ചിരിക്കുകയാണ്. എന്‍സിബി ഗോസാവിയെ ഉപയോഗിച്ച് ആര്യന്‍ ഖാനെ കുടുക്കിയെന്നാണ് ബോഡിഗാര്‍ഡ് പ്രഭാകര്‍ സെയില്‍ ആരോപിച്ചത്. നേരത്തെ ഗോസാവിയുടെ ബോഡിഗാര്‍ഡായിരുന്ന പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയപ്പോഴാണ് സാം ഡിസൂസയുടെ പേരും പുറത്തേക്ക് വരുന്നത്.
സാം ഡിസൂസയുമായി കിരണ്‍ ഗോസാവി ഡീല്‍ സംസാരിക്കുന്നത് കേട്ടുവെന്നാണ് പ്രഭാകര്‍ പറഞ്ഞിരുന്നത്. പൂജ ദദ്‌ലാനിയുമായി 25 കോടിയുടെ ഇടപാടാണ് നടത്തിയത്. ഒടുവില്‍ ഇത് 18 കോടിയില്‍ എത്തിയെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു. ഗോസാവിയുടെ ഫോണിലേക്ക് സമീര്‍ വാങ്കഡെയുടെ കോളുകല്‍ വന്നിരുന്നുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരാളുടെ പേരില്‍ നമ്പര്‍ സേവ് ചെയ്ത് പൂജയെയും തന്നെയും കബളിപ്പിക്കാനാണ് ഗോസാവി ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ നമ്പര്‍ ട്രൂ കോളറില്‍ നോക്കിയപ്പോള്‍ പ്രഭാകര്‍ സെയിലിന്റേതാണെന്ന് മനസ്സിലായി. സമീര്‍ വാങ്കഡെയോട് സംസാരിക്കുകയാണെന്ന് പറഞ്ഞ് ഗോസാവി തന്നെ വഞ്ചിച്ചുവെന്നും സാം ഡിസൂസ പറഞ്ഞു.
ഇതിന് പിന്നാലെയാണ് പണം തിരിച്ച് കൊടുക്കാന്‍ താന്‍ ഗോസാവിയോട് ആവശ്യപ്പെട്ടത്. ഈ റെയ്ഡുമായി തനിക്ക് ബന്ധം പോലുമില്ലായിരുന്നു. ഒക്ടോബര്‍ ഒന്നിന് സുനില്‍ പട്ടേല്‍ എന്നയാളില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. ഇയാളൊരു പവര്‍ ബ്രോക്കറാണ്. തന്നോട് ഈ ക്രൂയിസ് ഷിപ്പില്‍ പാര്‍ട്ടി നടക്കുന്നുണ്ടെന്നും, മയക്കുമരുന്നുകള്‍ അതിലുണ്ടെന്നും വിവരങ്ങള്‍ തന്നു. എന്‍സിബിയുമായി കണക്ട് ചെയ്ത് കൊടുക്കാനുമാണ് പറഞ്ഞത്. ഞാന്‍ കിരണ്‍ ഗോസാവിയെ ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. അറസ്റ്റിന് ശേഷം ആര്യന് പൂജ ദദ്‌ലാനിയുമായി സംസാരിക്കണമെന്ന് പറഞ്ഞു. ആര്യനില്‍ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയിട്ടില്ലെന്നും, അവനെ സഹായിക്കാമെന്നും പറഞ്ഞു. ചില സുഹൃത്തുക്കള്‍ വഴി പൂജയുമായി ഞാന്‍ ബന്ധപ്പെടുകയായിരുന്നുവെന്നും സാം ഡിസൂസ വ്യക്തമാക്കി.












Click it and Unblock the Notifications