'10 വർഷം 14 കോടീശ്വരൻമാർ';എന്തുകൊണ്ട് പാലക്കാടിന് ഇത്രയും ഭാഗ്യം? ഗുട്ടൻസ് പറഞ്ഞ് ലോട്ടറി കച്ചവടക്കാർ
പാലക്കാട്" ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റിന്റെ വിജയിയെ പ്രഖ്യാപിച്ചതോടെ മിക്ക മലയാളികളും ഒരേ സ്വരത്തിൽ ചോദിച്ച ചോദ്യം ഇത്തവണയും ഭാഗ്യം പാലക്കാട് കൊണ്ടുപോയോ എന്നാണ്. തെറ്റ് പറയാനാകില്ല, കഴിഞ്ഞ വർഷത്തെ തിരുവോണം ബംപർ (25 കോടി രൂപ), ക്രിസ്മസ്-പുതുവത്സര ബംപർ (16 കോടി), മൺസൂൺ ബംപർ (10 കോടി) എന്നിവയുടെയെല്ലാം ഒന്നാം സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റുകൾക്കായിരുന്നു. അതുമാത്രമോ ഇത് മൂന്നും കൂടാതെ സമ്മർ ബംപർ, പൂജ ബംപർ, കാരുണ്യ , ഫിഫ്റ്റി ഫിഫ്റ്റി ഉൾപ്പെടെയുള്ള ടിക്കറ്റുകളിൽ ലക്ഷങ്ങളുടെ സമ്മാനങ്ങൾ വേറെയും.
ഇതോടെ പാലക്കാട് നിന്ന് ടിക്കറ്റെടുത്താൻ ഭാഗ്യദേവത കടാക്ഷിക്കുമോയെന്നാണ് ഇപ്പോൾ പലർക്കും അറിയേണ്ടത്. എടുക്കുന്ന ടിക്കറ്റുകളിൽ പകുതിക്കും സമ്മാനം ലഭിക്കാൻ പാലക്കാടിന് മാത്രമായി വല്ല ഗുട്ടൻസും യഥാർത്ഥത്തിൽ ഉണ്ടോ? അതിന് ജില്ലയിലെ കച്ചവടക്കാർ നൽകുന്ന മറുപടി ഇങ്ങനെയാണ്-' യഥാർത്ഥത്തിൽ പാലക്കാടുകാർക്കല്ല പലപ്പോഴും ടിക്കറ്റ് അടിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നും ഇവിടെ വന്ന് ടിക്കറ്റ് വാങ്ങി പോകുന്നവർക്കും സമ്മാനം അടിക്കാറുണ്ട്. സമ്മാനങ്ങൾ തുടർകഥയായതോടെ ഭാഗ്യക്കുറി വിൽപ്പനയും ഇവിടെയാണ് അധികമായി നടക്കുന്നത്. ഭാഗ്യവും ഒരു ഘടകമാണ്',കച്ചവടക്കാർ പറയുന്നു.

ഏറ്റവും കൂടുതൽ ലോട്ടറി ഏജൻസികളും ഏജന്റുമാരും ഉള്ളത് പാലക്കാടാണ്. ടിക്കറ്റ് വിൽപനയിലും പാലക്കാടാണ് സംസ്ഥാനത്ത് മുന്നിൽ. കഴിഞ്ഞ വർഷം 11.70 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് ജില്ലയിൽ നിന്ന് വിൽപ്പന നടത്തിയത്. ഇത്തവണത്തെ ക്രിസ്തുമസ്-പുതുവത്സര ബംപർ മാത്രം 5.18 ടിക്കറ്റുകൾ വിറ്റിട്ടുണ്ട്.
ദിവസേന ശരാശരി ഒരു ലക്ഷം ടിക്കറ്റ് ജില്ലയിൽ നിന്നും വിറ്റ് പോകുന്നുണ്ടെന്നുും ലോട്ടറി കച്ചവടക്കാർ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.
സമ്മാനം ലഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ആളുകൾ എത്തി പാലക്കാട് നിന്ന് ടിക്കറ്റെടുക്കും. പ്രത്യേകിച്ച് തമിഴ്നാട് നിന്നുള്ളവർ. ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റ് വിറ്റ ജിബി റോഡിലെ വിൻ സ്റ്റാർ ലോട്ടറി ഏജൻസി ഉടമ എം ഷാജഹാന്റെ കടയിലേക്കും ആളുകൾ കൂട്ടമായി എത്തി തുടങ്ങിയിട്ടുണ്ട്. ഇന്നലെ മാത്രം നൂറുകണക്കിന് ടിക്കറ്റുകളാണ് വിറ്റ് പോയതത്രേ. ഇനി സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനവും പാലക്കാട് നിന്നുള്ള ടിക്കറ്റിനാണ് ലഭിക്കുന്നതെങ്കിൽ പിന്നെ ലോട്ടറിയെടുക്കാം ഇവിടേക്ക് ആളുകളുടെ കുത്തൊഴുക്കാകും എന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications